മരം നട്ടാൽ മാത്രം മതിയോ? എങ്ങനെ പ്രകൃതിയോടിണക്കാം കുട്ടികളെ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ......
ഒരു പരിസ്ഥിതി ദിനം കൂടെ കടന്നു പോയിരിക്കുന്നു, കേവലം ഒരു മരം നടലിൽ ഒതുങ്ങാതെ കുട്ടികളെ എങ്ങനെ പ്രകൃതിയോട് കൂടുതൽ അടുപ്പിക്കാം എന്ന് ചർച്ച ചെയ്യേണ്ടിയിരിക്കുന്നു. കുട്ടികളെ സംബന്ധിച്ചിടത്തോളം അവർ വീടിനു പുറത്തു ചെലവഴിക്കുന്ന സമയം വളരെയധികം കുറഞ്ഞിരിക്കുന്നു. ടിവിയും, കംപ്യൂട്ടറും, ഇന്റർനെറ്റും, ടാബും, മൊബൈലും ഒക്കെയായി അവർ വീടിന്റെ അകത്തളങ്ങളിലേക്ക് ഉൾവലിഞ്ഞിരിക്കുന്നു. തെരുവുകളിലും വീടിനു പുറത്തും കളിക്കുന്ന കുട്ടികളുടെ ഫോട്ടോ എടുത്ത് പ്രശസ്തനായ ഒരു ജാപ്പനീസ് ഫോട്ടോഗ്രാഫർ ആണ് കെയ്‌ക്കി ഹഗിനോയ (Keiki haginoya-1994) ഇരുപത് വർഷത്തോളം അദ്ദേഹം നിരന്തരം വീടിന് പുറത്ത് കളിക്കുന്ന കുട്ടികളുടെ ഫോട്ടോകളെടുത്തു, എന്നാൽ പിന്നീട് എപ്പോഴോ കുട്ടികൾ തന്റെ കാമെറക്ക് മുന്നിൽ നിന്ന് അപ്രത്യക്ഷരായി, ഫോട്ടോയുടെ ലഭ്യത വളരെ കുറഞ്ഞു. ഇതിനെ കുറിച്ച് അദ്ദേഹം പറയുന്നത് "ഒന്നുകിൽ പുറം ലോകം അവർക്ക് ആകർഷണീയമല്ലാതായി, അതല്ലെങ്കിൽ വീടിന്റെ അകത്തളങ്ങൾ അവർക്ക് കൂടുതൽ ആകർഷണീയമായി എന്നാണ്. മുൻകാലങ്ങളിൽ ഒരുപാട് സമയം കുട്ടികൾക്ക് പ്രകൃതിയുമായി നേരിട്ടിടപഴകാൻ സമയം കിട്ടിയിരുന്നു, നടന്നുകൊണ്ട് സ്കൂളിൽ പോകുക, കുളത്തിൽ ...