പൊട്ടിച്ചെറിയേണ്ട ഗ്ലാസ് സീലിംഗുകൾ
"ഒരു പെൺകുട്ടിയാണ്. എന്നിട്ടും അവളുടെ ധൈര്യം കണ്ടില്ലേ!" "പാവപ്പെട്ട കുടുംബത്തിൽ ജനിച്ചിട്ടും അവൻ വലിയ നിലയിലെത്തിയത് കണ്ടില്ലേ?" "ഈ സമുദായത്തിൽ നിന്നും ഒരാൾ ഇത്രയും ഉയരത്തിലെത്തുക എന്നത് അത്ഭുതം തന്നെ!" ഇത്തരം വാചകങ്ങൾ കേൾക്കുമ്പോഴൊക്കെയും അഭിനന്ദനങ്ങളായിട്ടായിരിക്കും നമുക്ക് തോന്നാറ്. പക്ഷെ, ഈ വാക്കുകൾക്കുള്ളിലെല്ലാം ഒളിഞ്ഞു കിടക്കുന്ന ഒരു 'ഗ്ലാസ് സീലിംഗ്' ഉണ്ട്. പെൺകുട്ടിയായാൽ പേടിച്ചു ജീവിക്കണം, പാവപ്പെട്ട കുടുംബങ്ങൾ എന്നും താഴേക്കിടയിൽ നിലകൊള്ളണം, ഈ ജോലി നിങ്ങളെപോലെയുള്ള ആളുകൾക്ക് പറഞ്ഞതല്ല എന്നു തുടങ്ങിയ ഒരുപാട് അലിഖിത നിയമങ്ങളിൽ നിന്നാണ് പലപ്പോഴും മേൽപ്പറഞ്ഞ ചിന്തകളും വാചകങ്ങളും രൂപപ്പെടുന്നത്. അത് പലരുടെയും വളർച്ചയെ തടയും. എന്താണ് ഗ്ലാസ് സീലിംഗ്? മതിയായ കഴിവുണ്ടായിട്ടും പല സ്ഥാനങ്ങളിലേക്കും പദവികളിലേക്കും ആളുകൾക്ക് എത്താൻ കഴിയാതിരിക്കുന്ന അവസ്ഥയെയാണ് പൊതുവെ ഗ്ലാസ് സീലിംഗ് എന്ന് പറയാറ്. അത് ലിംഗാടിസ്ഥാനത്തിലോ ജാതി, മതം, നിറം, സമുദായം, രാജ്യം അങ്ങനെ എന്തിന്റെ പേരിലുമാകാം. ഈ തടസ്സങ്ങൾ നേരിട്ട് കാണാൻ കഴിയാത്തത് കൊണ്ടു കൂടിയാണ് 'ഗ്ലാസ്...