ജീവിതത്തിലെ ട്രാഫിക് ബ്ലോക്കുകൾ!


സൂയസ് കനാലിൽ കുറച്ച് മുമ്പ് ചരക്ക് കപ്പൽ 'സ്റ്റക്ക്‌' ആയി കുടുങ്ങിപ്പോയ വാർത്ത ശ്രദ്ധിച്ചിരുന്നില്ലേ?
ആ സംഭവം മൂലം അതു വഴിയുള്ള ചരക്ക് ഗതാഗതം കുറച്ചു ദിവസത്തേക്ക് പാടെ സ്തംഭിച്ചു. അത് കപ്പൽ കമ്പനിക്കും പല രാജ്യങ്ങൾക്കും വൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. പല രാജ്യങ്ങളിലും വിലക്കയറ്റത്തിനു വരെ ഹേതുവായി. വളരെ സ്മൂത്തായി നടക്കേണ്ട ഒരു കാര്യം ഇടക്കൊന്നു 'സ്റ്റക്ക്‌' ആയി പോകുമ്പോഴുള്ള അനന്തര ഫലങ്ങളാണിത്.

ഒരു ട്രാഫിക് ബ്ലോക്ക് രൂപപ്പെടുമ്പോൾ എന്തൊക്കെ സംഭവിക്കുന്നു? വിവിധ സ്ഥലങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരേണ്ടവർ, ഒരുപാട് സമയം നിശ്ചലരാകുന്നു. വളരെ അനായാസം എത്തിച്ചേരേണ്ടിടങ്ങളിൽ പോലും ഒരുപാട് വൈകിയായിരിക്കും ആളുകൾ ചെന്നു കയറുന്നത്. ഇന്ധന നഷ്ടവും അന്നേരത്തുള്ള മാനസിക പ്രയാസങ്ങളും വേറെ.

ജീവിതത്തിലും ഇതുപോലെ പലരും പല 'സ്റ്റക്ക്‌ പോയിന്റി'ലും കുടുങ്ങിക്കിടക്കാറില്ലേ? വളരെ അനായാസം കടന്നു പോകേണ്ട ജീവിത യാത്രയിൽ നിശ്ചലമായിപ്പോവാറില്ലേ?

വ്യക്തികൾ മാത്രമല്ല, പല സ്ഥാപനങ്ങളും ഇത്തരം ബ്ലോക്കുകളിൽ പെട്ട് മുന്നോട്ടായാനാവാതെ സ്റ്റക്കായി പോകാറുണ്ട്. പക്ഷേ, പലപ്പോഴും ഈ 'സ്റ്റക്ക്‌ പോയിന്റ്' എന്താണെന്ന് തിരിച്ചറിയാതെ നന്നായി വിയർക്കും. ഒരു ട്രാഫിക് ബ്ലോക്കിലെ തടസ്സം എന്താണെന്ന് കണ്ടെത്തി അത് പരിഹരിക്കാൻ ശ്രമിക്കാതെ അനാവശ്യമായി ഹോണടിച്ചും, വാഹനം റൈസാക്കിയും, എതിർ ദിശയിലൂടെ വാഹനമോടിച്ചും സമയം പാഴാക്കുന്നതു പോലെത്തന്നെ.

നമുക്കോ നമ്മുടെ സ്ഥാപനത്തിനോ പ്രതീക്ഷിച്ചതു പോലെ വളർച്ചയുണ്ടാകുന്നില്ലെങ്കിൽ ഒരുപക്ഷേ, അവിടെ സ്റ്റക്ക്‌ പോയിന്റിൻ്റെ സാന്നിദ്ധ്യമുണ്ടായിരിക്കണം! അതെന്താണെന്ന് അവലോകനം ചെയ്യുകയും പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യലാണ് അതിൽ നിന്ന് മുക്തമാകാനുള്ള ഏക പോംവഴി. എന്നാൽ പലരും അതിനു വേണ്ടി ശ്രമിക്കുക പോലും ചെയ്യാതെ സ്റ്റക്ക്‌ പോയിന്റിൽ കിടന്നു ജീവിതം നശിപ്പിക്കും.

എന്തൊക്കെയാവാം ഒരാളുടെ വളർച്ചക്ക് തടസ്സം നിൽക്കുന്ന കാര്യങ്ങൾ?

പല വ്യക്തികളും സ്റ്റക്ക്‌ ആയിപ്പോകാൻ പല കാരണങ്ങളുണ്ടാവാം. ഒരു ലക്ഷ്യ ബോധത്തിൻ്റെ അഭാവമാകാം, സ്വന്തത്തെ കുറിച്ച് മതിപ്പില്ലാതെ വരുന്നതാകാം, കഴിവുകൾ തിരിച്ചറിയാതെ പോകുന്നതാവാം, ഉള്ള റിസോഴ്‌സുകൾ ഉപയുക്തമാക്കാതിനാലാവാം, ശരിയായ രീതിയിൽ സമയങ്ങൾ കൈകാര്യം ചെയ്യാൻ കഴിയാതെ പോകുന്നതാവാം, ആശയ വിനിമയം നടത്താനുള്ള പ്രയാസമാകാം, പുതിയ കഴിവുകൾ നേടാതിരിക്കുന്നതാവാം, മാനസിക-വൈകാരിക പ്രശ്നങ്ങളാവാം തുടങ്ങി പലർക്കും പല സ്റ്റക്ക്‌ പോയിന്റുകളുണ്ടാവാം.

ഈ പ്രതിസന്ധികൾ തരണം ചെയ്യാൻ എല്ലാവർക്കും ഒരേപോലെ യോജ്യമാകുന്ന ഒരു പരിഹാരം ഉണ്ടായിക്കൊള്ളണമെന്നില്ല. പലർക്കും പല പരിഹാരങ്ങളാണ് ചെയ്യാനുണ്ടാവുക. ചിലർക്ക് അത് സ്വയം കണ്ടെത്താനും പരിഹരിക്കാനും കഴിയും. ഒരല്പ നേരം എന്താണെനിക്ക് സംഭവിക്കുന്നതെന്ന് ചിന്തിച്ചു നോക്കിയാൽ ഒരുപക്ഷേ അതിൻ്റെ മൂലകാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞേക്കും. അവ കണ്ടെത്തിക്കഴിഞ്ഞാൽ പുതിയ ലക്ഷ്യങ്ങൾ നിർമിച്ച് ചെറിയ ചെറിയ ചുവടുകളിലൂടെ മുന്നേറാൻ ശ്രമിക്കുക.

എന്നാൽ പലർക്കും അത് സ്വയം കണ്ടെത്താൻ കഴിഞ്ഞോളണമെന്നില്ല. അത്തരം സന്ദർഭങ്ങളിൽ പുറത്ത് നിന്നുള്ള സഹായങ്ങൾ തേടേണ്ടി വരും. അത്തരം സമയങ്ങളിൽ വിദഗ്ധരായ ആളുകളുടെ സേവനമെടുക്കാം. അത് മെന്ററിങ് തേടിയാവാം, കോച്ചിങ് എടുത്തു കൊണ്ടാവാം, കൺസൾട്ടിങ് എടുക്കാം, കൗൺസിലിങ്ങിനു പോകാം, തെറാപ്പി വർക്കുകൾ ചെയ്യുന്നതുമാവാം.

ഈ സ്റ്റക്ക്‌ പോയിന്റുകൾ കണ്ടെത്തി അത് കൃത്യമായി പരിഹരിച്ചുള്ള യാത്ര കൂടുതൽ സുഖകരവും പൂർവ്വാധികം വേഗതയിലുമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കുട്ടികൾ മണ്ണിലിറങ്ങണോ?

ഇഷ്ടമുള്ള ജോലി, ഇഷ്ടമുള്ള സ്ഥലത്ത്; ഗിഗ് ഇക്കോണമി ബിഗ് ആകുന്നു

കുരുമുളകും കണ്ടെന്റും.