പ്രാർത്ഥിക്കുന്ന കരങ്ങൾ ; Praying hands!
പ്രശസ്ഥ ജർമ്മൻ ചിത്രകാരനായ അൽബ്രട്ട് ഡ്യുററുടെ പ്രസിദ്ധമായ 'Praying Hands' എന്ന ചിത്രമാണിത്.
അൽബ്രട്ട് ഡ്യൂററും അദ്ദേഹത്തിന്റെ ഇളയ സഹോദരൻ ആൽബർട്ടും പതിനെട്ട് കുട്ടികളുള്ള ഒരു ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്.
രണ്ടു പേർക്കും കലാപരമായ കഴിവുണ്ടായത് കൊണ്ട് ആർട്ട് പഠിക്കണം എന്നവർ അതിയായി ആഗ്രഹിച്ചു.
എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം അവരുടെ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ അവർ ആഗ്രഹിച്ചതുപോലെ പഠിപ്പിക്കാൻ കഴിഞ്ഞില്ല.
എന്ത് ചെയ്തും പഠിക്കണം, അതിനുള്ള പണം കണ്ടെത്തണം, എന്തു ചെയ്യും?
രണ്ട് സഹോദരന്മാരും കൂടെ ആലോചിച്ച് ഒരു തീരുമാനത്തിൽ എത്തി.
ആദ്യം ഒരാൾ പഠിക്കാൻ പോകുക, മറ്റേയാൾ ജോലിക്ക് പോയി സഹോദരന്റെ പഠനത്തിനുള്ള ചെലവ് കണ്ടെത്തുക, നാലു വർഷങ്ങൾക്ക് ശേഷം ആദ്യം ജോലി ചെയ്‌തയാൾ പഠിക്കാൻ പോകുക, അപ്പോൾ മറ്റേയാൾ ചിലവുകൾ നോക്കുക.
അപ്പോഴാണ് അടുത്ത പ്രശ്നം!
ആര് ആദ്യം പഠിക്കാൻ പോകും?
ഒരു ദിവസം രാത്രി രണ്ട് പേരും കൂടെ ഒരു തീരുമാനത്തിലെത്തി, നറുക്ക് ഇട്ട് തീരുമാനിക്കാം! നറുക്ക് കിട്ടിയയാൾ ആദ്യം പഠനത്തിന് പോകും, മറ്റേയാൾ തന്റെ സഹോദരനെ സഹായിക്കാൻ അവരുടെ വീടിനടുത്തുള്ള കൽക്കരി ഖനിയിൽ ജോലിക്ക് പോകും.
അങ്ങനെ ആദ്യം നറുക്ക് വീണത് അൽബ്രട്ട് ഡ്യൂറർക്കായിരുന്നു.
സഹോദരനുമായുള്ള കരാർ പ്രകാരം ഡ്യൂറർ ആർട്ട് അക്കാദമിയിൽ പഠന മാരംഭിച്ചു.
ചിത്രരചന, പെയിന്റിംഗ്, കൊത്തുപണി എന്നിവയിൽ അദ്ദേഹം കഴിവ് തെളിയിച്ചു, കലാപരമായ കഴിവിൽ തന്റെ അധ്യാപകരെ പോലും മറികടക്കുന്ന രീതിയിൽ വളർന്നു.
അങ്ങനെ നാല് വർഷങ്ങൾ കടന്നുപോയി, ഡ്യുറർ വിജയകരമായി പഠനം പൂർത്തിയാക്കി തിരിച്ചു വന്നു.
അന്ന് വീട്ടിൽ ഒരു അത്താഴ വിരുന്നൊരുക്കി, ആ വിരുന്നിനു ശേഷം ഡ്യുറർ സഹോദരനോട് നന്ദി പറഞ്ഞു
"ഇനി നിന്റെ ഊഴമാണ് ആൽബർട്ട്! നിന്റെ പഠന ചെലവുകളെല്ലാം ഇനി ഞാൻ നോക്കാം"
എന്നാൽ പാവം ആൽബർട്ട് പൊട്ടിക്കരഞ്ഞു.
"ഇനി എനിക്ക് ബ്രഷ് പിടിക്കാൻ കഴിയില്ല! കഴിഞ്ഞ നാല് വർഷത്തെ ഖനിയിലെ കഠിനാധ്വാനം കാരണം എന്റെ വിരലുകൾക്ക് ബ്രഷ് വഴങ്ങില്ല, ഒരു കലാകാരന്റെ സൂക്ഷ്മമായ ജോലി ചെയ്യാൻ കഴിയാത്ത രീതിയിൽ എന്റെ കൈകളിലെ അസ്ഥികൾ പലതും ഒടിഞ്ഞു പോയിട്ടുണ്ട്!"
പരുക്കനും വികൃതവുമായ കൈകൾ കൂപ്പി ആൽബർട്ട് പറഞ്ഞു.
തന്റെ പഠനത്തിന് വേണ്ടി സ്വന്തം ജീവിതം അർപ്പിച്ച ആ സഹോദരന്റെ കൂപ്പുകൈ മഷിയും പെൻസിൽ സ്കെച്ചും വെച്ചു ഡ്യൂറർ വരച്ചു!
പ്രത്യുപകാരത്തിന്റെയും ,ഉപകാരസ്മരണയുടെയും (Gratitude) ത്യാഗത്തിന്റെയും നിശ്ശബ്ദ കഥ ഉൾക്കൊള്ളുന്ന ലളിതമായ ഡ്രോയിംഗ്!
"പ്രാർത്ഥിക്കുന്ന കരങ്ങൾ" (Praying hands) എന്ന ആ പെയിന്റിംഗ് ലോക പ്രസിദ്ധമായി, ഓസ്ട്രിയയിലെ വിയന്നയിലെ ആൽബർട്ടിന മ്യൂസിയത്തിൽ ഈ ചിത്രം ഇന്നും സൂക്ഷിട്ടുണ്ട്.
ഈ കഥ ഓർമ്മിപ്പിക്കുന്ന ഒന്നുണ്ട്!
നമ്മൾ ഓരോരുത്തരും വളർന്ന്
വന്ന വഴികളിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കുക, ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നതിൽ മറ്റൊരുപാട് പേരുടെ കഷ്ടപ്പാടുകൾ ഉണ്ടാവാം!
നമ്മെ മുന്നോട്ട് നയിച്ച ഇതുപോലുള്ള ഒരുപാട് പ്രാർത്ഥിക്കുന്ന കരങ്ങളുണ്ടാവും.
എന്നാൽ ഏറ്റവും മഹത്തായ അത്തരം ത്യാഗങ്ങൾ പലപ്പോഴും തിരിച്ചറിയാതെ പോകുന്നുണ്ടാവും, അവ തിരിച്ചറിയാനും അവരുടെ സ്നേഹവും കരുതലും തിരിച്ചു കൊടുക്കാനുള്ള സമയമാവട്ടെ ഇത്.
ഖമറുദ്ധീൻ കെ.പി

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ