കുരുമുളകും കണ്ടെന്റും.
കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ മെതിച്ച കുരുമുളക് ഉണക്കാനിടുമ്പോൾ അതിന്റെ ഒഴിവാക്കുന്ന തിരികൾ വഴിയിൽ വിതറിയിടുന്നത് കണ്ടിട്ടുണ്ടോ? എന്തിനായിരിക്കും അത് വഴിയിലാകെ വിതറിയിടുന്നത്?
പലരോടും അന്വേഷിക്കുമ്പോൾ അതൊരു വിശ്വാസത്തിന്റെ ഭാഗമായാണ് ചെയ്യുന്നത് എന്നാണറിഞ്ഞത്, വഴിയിലിട്ട് ആളുകൾ ചവിട്ടി നടന്നാൽ അടുത്ത തവണ കൂടുതൽ വിളവുണ്ടാവും! എന്നാൽ യഥാർത്ഥത്തിൽ ഇതൊരു മാർക്കറ്റിങ് ടെക്നിക്കായിരുന്നു.
പണ്ട്കാലം മുതൽ തന്നെ കേരളത്തിന്റെ പ്രധാന സുഗന്ധവ്യഞ്ജനവും നാണ്യവിളയുമാണല്ലോ കുരുമുളക്, അത് തേടിയാണല്ലോ യാത്രാ സൗകര്യങ്ങൾ കുറവായിരുന്നിട്ട്കൂടി വിദേശികൾ പോലും കേരളത്തിലെത്തിയിരുന്നത്.
എന്നാൽ ധാരാളം ഉണങ്ങിയ കുരുമുളക് വീട്ടിലുണ്ടെന്നെങ്ങനെ പുറംലോകമറിയും? അതിനുള്ള മാർഗ്ഗമാണീ വിതറിയിടൽ. കുരുമുളക് മെതിച്ചെടുത്തശേഷമുള്ള തിരികൾ (കുലകൾ)വീട് മുതൽ വഴിയിലൂടെയങ്ങനെ ഒരുപാട് ദൂരം വിതറിയിടും,അത് മനസ്സിലാക്കി കുരുമുളകുള്ള വീട്ടിലേക്ക് കച്ചവടക്കാരെത്തും. പിന്നീട് കാലം മാറിയപ്പോൾ അതൊരു വിശ്വാസവും ആചാരവുമൊക്കെയായി ഇന്നും തുടരുന്നു.
എന്നാൽ ഇന്ന് ഗിഗ് ഇക്കോണമിയുടെ കാലത്ത് നമ്മുടെ കഴിവുകളാണ് പ്രൊഡക്റ്റ്, എന്നാൽ അത് വിൽക്കണമെങ്കിൽ നമ്മുടെ കഴിവെന്താണെന്നും പ്രൊഡക്റ്റ് എന്താണെന്നും പുറംലോകമറിയണം, അതിനു ചില വിതറലുകൾ നടത്തേണ്ടതുണ്ട് അതിനെയാണ് 'കണ്ടെന്റ് ക്രിയേഷൻ' എന്ന് പറയുന്നത്.
നിങ്ങളുടെ കഴിവ്,ബിസിനസ്സ്, ബ്രാൻഡ്, ഉൽപ്പന്നങ്ങൾ എന്നിവ കണ്ടെത്താൻ ആളുകളെ സഹായിക്കുന്നത് content creation ആണ്, സോഷ്യൽ മീഡിയയാണ് ഇതിനുള്ള ഏറ്റവും നല്ല ഒരു പ്ലാറ്റ്ഫോം.
ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെ അടിത്തറയാണ് Content creation എന്ന് പറയാം നമുക്ക് കഴിവുള്ള മേഖലകളിൽ കൂടുതൽ ഗവേഷണം നടത്തി നല്ല ആശയങ്ങൾ ഉണ്ടാക്കുക എന്നതാണ് ഇതിന്റെ ആദ്യ പടി, ആ ആശയങ്ങൾ content ആയി രൂപപ്പെടുത്തുക, ആ കണ്ടെന്റ് അല്ലെങ്കിൽ കഥകൾ വിവിധ മാർഗ്ഗങ്ങളിലൂടെ നമ്മുടെ ഉത്പന്നം ലക്ഷ്യമിടുന്ന ടാർഗെറ്റ് പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് ഇതിനുള്ള മാർഗ്ഗം.
വീഡിയോകൾ,എഴുത്തുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, റീൽസ്,പോഡ്കാസ്റ്റ്, ബ്ലോഗുകൾ, ഇൻഫോഗ്രാഫിക്സ്, വ്ലോഗുകൾ അതിനു പുറമെ സ്വന്തം വെബ് പേജുകൾ, തുടങ്ങി സൗജന്യ വെബിനാറുകൾ, വർക്ഷോപ്പുകൾ എന്നിവയെല്ലാം ഇതിനുപയോഗിക്കാം.
ഒരു content സൃഷ്ടിക്കുമ്പോൾ, പലപ്പോഴും നിങ്ങളുടെ പ്രേക്ഷകർക്ക് സൗജന്യവും ഉപയോഗപ്രദവുമായ വിവരങ്ങൾ നൽകുകയാണ് ചെയ്യുന്നത്, സൗജന്യമാണെങ്കിൽ കൂടി നിങ്ങൾക്ക് ഒന്നും നഷ്ടപ്പെടുന്നില്ല നിങ്ങളുടെ niche അവിടത്തന്നെയുണ്ടാകും, എന്നാൽ ഇത് ഭാവിയിൽ നിങ്ങളിലേക്ക് വരാൻ സാധ്യതയുള്ള ഒരുപാട് പേരെ ആകർഷിക്കുകയും
പരസ്പരം ഉപകാരപ്പെടുന്ന ഇടപഴകലിലൂടെ നിലവിലുള്ള ഉപഭോക്താക്കളെ നിലനിർത്തുകയും ചെയ്യുന്നു.
അതുവഴി നിങ്ങൾക്ക് അല്ലെങ്കിൽ നിങ്ങളുടെ കമ്പനിക്ക് ചില പ്രധാന മൂല്യങ്ങളും നിങ്ങൾ സൃഷ്ടിക്കുന്നു.
ഒരു രീതിയിലും നിങ്ങൾ നിങ്ങളുടെ content സൃഷ്ടിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ കഴിവുകൾ പുറംലോകമറിയാതെ പോയേക്കാം,
ഒരുപാട് കഴിവുണ്ടായിട്ടും പുറംലോകമറിയാതെ പോകുന്നവരെ കണ്ടിട്ടില്ലേ?
സ്വന്തമായി content ക്രീയേറ്റ് ചെയ്യാൻ കഴിയാത്ത അവസരങ്ങളിൽ അതിന് വേണ്ട കോച്ചിങ്ങുകൾ എടുക്കുകയോ, കണ്ടന്റ് ക്രിയേഷനിൽ വിദഗ്ധരായവരുടെ സേവനമെടുക്കുകയോ ചെയ്യാം.
അപ്പോൾ പറയൂ നിങ്ങളുടെ സാനിധ്യം ലോകത്തെയറിയിക്കാൻ നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെന്തെല്ലാമാണ്?
✍️Khamarudheen KP
#contentcreation #podcast #blog #videos #Talkclub
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ