'മൂക്കിൻ'തുമ്പത്തെ കോഴ്‌സുകൾ !
ഇത് Self Directed Learning ന്റെ കാലമാണ്, ആളുകൾ എന്ത് പഠിക്കണമെന്ന് സ്വയം മനസ്സിലാക്കി അവരുടെ പഠനത്തിന്റെ ചുമതല സ്വയം ഏറ്റെടുത്ത് പഠിക്കുന്ന കാലം!
അതിനുവേണ്ടി 'മൂക്കിൻ' തുമ്പത്ത് തന്നെ സ്വന്തമായി അറിവും സർട്ടിഫിക്കറ്റും നേടാൻ വേണ്ട സൗകര്യമൊരുക്കുന്ന സംവിധാനമാണ് MOOC അഥവാ Massive Open Online Courses.
വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ മനസ്സിൽ വരുന്നത് സ്‌കൂളിലും കോളേജിലുമൊക്കെയുള്ള ഔപചാരിക വിദ്യാഭ്യാസമാണ്, എന്നാൽ ഇന്ന് ഏറ്റവും വേഗത്തിൽ ഏതൊരു മേഖലയിലും കൂടുതൽ പഠിക്കാനും, കഴിവുകളും, സർട്ടിഫിക്കറ്റുകളും, അവസരങ്ങളും നേടാൻ സഹായകമാകുന്ന ഓൺലൈൻ പ്ലാറ്റുഫോമുകൾ നിരവധിയുണ്ട്.
പഠിച്ചിറങ്ങിയ വിഷയത്തിൽ ഇനിയും ആഴത്തിൽ പഠിക്കണമെങ്കിലും, പഠിച്ച കോഴ്സിന്റെ അനുബന്ധ കാര്യങ്ങൾ പഠിക്കാനും, ഒരു യൂണിവേഴ്സിറ്റിയിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ, അല്ലെങ്കിൽ ഒരു ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴോ , ജോലിക്ക് വേണ്ടി കാത്തിരിക്കുമ്പോഴോ, അല്ലെങ്കിൽ റെഗുലർ കോളേജുകളിൽ പോയി പഠിക്കാൻ അവസരമില്ലാതിരിക്കുകയോ ചെയ്യുന്നവർക്കെല്ലാം ലോകോത്തര യൂണിവേഴ്സിറ്റികളുടെ കോഴ്‌സുകൾ ചെയ്യാനുള്ള അവസരമാണ് MOOC വഴിയൊരുക്കുന്നത്.
മിനിറ്റുകളെടുത്ത് കൊണ്ട് ചെയ്യാവുന്ന ക്രാഷ് കോഴ്‌സുകൾ മുതൽ മാസങ്ങളെടുക്കുന്ന കോഴ്‌സുകൾ വരെ MOOC ഇൽ ലഭ്യമാണ്.
പഠിക്കാൻ താല്പര്യമുള്ള ഏതൊരു വ്യക്തിക്കും ഓൺലൈൻ ആയി പഠിക്കാൻ അവസരമൊരുക്കുന്നു എന്നതാണ് MOOC ന്റെ പ്രത്യേകത.
ഓൺലൈനായി ഒരുപാട് പേർക്ക് ഒരേ സമയം പഠിക്കാവുന്ന രീതിയിലാണ് മാസീവ് ഓപൺ ഓൺലൈൻ കോഴ്സ് സൗകര്യങ്ങൾ.
ഇവിടെ സ്വയം പഠിച്ചെടുക്കാൻ
പ്രയാസമേറിയ ഭാഗങ്ങൾ പഠിതാ ക്കൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിൽ വീഡിയോകളും, ഗ്രാഫിക്‌സുകളും, അനിമേഷനുകളുമെല്ലാം ഉപയോഗിച്ചാണ് പഠന സൗകര്യമൊരുക്കിയിട്ടുള്ളത്. ഈ പഠിച്ച കാര്യങ്ങൾ ഓൺലൈനായോ അല്ലാതെയോ പരീക്ഷ എഴുതാനും സർട്ടിഫിക്കെറ്റ് നേടാനും സൗകര്യങ്ങളുമുണ്ട്.
സൗജന്യമായും, പണം കൊടുത്തും, സർട്ടിഫിക്കറ്റിന് മാത്രം പണം കൊടുത്തുമെല്ലാം പഠിക്കാൻ കഴിയുന്ന ഒരുപാട് കോഴ്‌സുകളുണ്ട് MOOC ഇൽ .
ഇഷ്ടമുള്ള സമയത്തിരുന്ന് നമ്മുടെ വേഗതക്കും സൗകര്യത്തിനും പഠിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.
ക്വാണ്ടം ഫിസിക്സോ, എഞ്ചിനീയറിംഗോ, സാഹിത്യമോ ഡിസൈനിങ്ങോ, പ്രൊജക്റ്റ് മാനേജ്‌മെന്റോ എന്തുമാവട്ടെ അതിന് ലോകപ്രസിദ്ധ യൂണിവേഴ്സിറ്റികളായ Stanford, MIT, Harward പോലുള്ള യൂണിവേഴ്സിറ്റികളുടെ കോഴ്‌സുകൾ മുതൽ ഇന്ത്യയിൽ നിന്നുള്ള IIM, IIT, IISC പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള കോഴ്‌സുകൾ വരെ ഇവിടെയുണ്ട്.
ലോകപ്രശസ്ത യൂണിവേഴ്സിറ്റികളിലെ അതിവിദഗ്ധരായ അധ്യാപകരുടെ അല്ലെങ്കിൽ ഓരോ വിഷയത്തിലെയും ഏറ്റവും വിദഗ്‌ധരുടെ ക്ലാസ്സുകൾ ഇവിടെ ലഭിക്കും, കോഴ്‌സുകൾക്ക് ഒരു പഞ്ഞവുമില്ല, ഏതു മേഖലയിലെ കോഴ്സ് വേണമെങ്കിലും പഠിക്കാം.
സ്റ്റുഡന്റ്സിന്റെ എണ്ണം ഇവിടെ പ്രശ്നമല്ല, പ്രായം ഒരു പ്രശ്നമല്ല,ആർക്കും പഠിക്കാം, ഇന്റർനെറ്റ് സൗകര്യമുള്ള എവിടെയിരുന്നും എപ്പോൾ വേണമെങ്കിലും പഠിക്കാം.
ക്ലാസ്സിനിടക്ക് നമ്മുടെ അഭിപ്രായങ്ങൾ ഷെയർ ചെയ്യാനുള്ള കമ്മ്യൂണിറ്റികളും , ചോദ്യങ്ങൾ ചോദിക്കാനും, ചില കോഴ്‌സുകളിൽ അധ്യാപകരുമായി സംസാരിക്കാനും അവസരങ്ങളുണ്ട്, അതുപോലെതന്നെ ഒരേ കോഴ്സ് പഠിക്കുന്നവരുമായി നെറ്റ്‌വർക്കുണ്ടാക്കാനുള്ള അവസരങ്ങളുമുണ്ട്. ചില കോഴ്‌സുകൾക്ക് കോഴ്സിന്റെ കൂടെയുള്ള വായനയും, ടാസ്ക്കുകളും, അസൈൻമെന്റുകളും, പ്രൊജക്റ്റുകളും ചെയ്യേണ്ടി വരും.
MOOC പ്ലാറ്റ് ഫോമുകൾക്ക് ഉദാഹരണം പറയുകയാണെങ്കിൽ നിരവധിയുണ്ട്.
Coursera, Edx, udemy, Khan Academy,
Skillshare, domestica, future learn, udacity, canvas എന്നുതുടങ്ങി ഗൂഗിൾ, ലിങ്ക്ഡ് ഇൻ വരെ ഒരുപാട് സ്ഥാപനങ്ങൾ MOOC കോഴ്‌സുകൾ നടത്തുന്നുണ്ട്.
Swayam, NPTEL, MOOKIT, IIMBx, IIT Bombayx എന്നിവയൊക്കെ MOOC ന്റെ ചില ഇന്ത്യൻ പ്ലാറ്റ്ഫോമുകളാണ്.
MOOC ഇൽ ഉള്ള കോഴ്‌സുകൾ എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ Edx ന്റെയോ coursera യുടെയോ വെബ്സൈറ്റിൽ ഒന്ന് കയറി courses ചെക്ക് ചെയ്‌താൽ മതിയാകും.
ഒരു ജോലിയിലേക്ക് ഒരേ ക്വാളിഫിക്കേഷൻ ഉള്ള ഒരുപാട് പേർ അപേക്ഷകരായിട്ടുണ്ടെങ്കിൽ ആ ജോലിയിലേക്ക് ഇന്റർവ്യൂ വിനു അവസരമുണ്ടാവാനും ജോലി ലഭിക്കാനും സാധാരണ കോഴ്‌സുകൾക്കപ്പുറം ഒരു ലോകോത്തര യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് കൂടെയുണ്ടെങ്കിൽ, അല്ലെങ്കിൽ സാധാരണ വിദ്യാഭ്യാസത്തിനപ്പുറം സ്വന്തമായി പഠിച്ചെടുത്ത കാര്യങ്ങൾ നിങ്ങളുടെ കയ്യിലുണ്ടെങ്കിൽ നിങ്ങളുടെ തട്ട് താഴ്ന്ന് തന്നെയിരിക്കും.
ഇനി വെച്ചു താമസിപ്പിക്കാതെ ഇത്തവണത്തെ ന്യൂയർ റെസലൂഷനിൽ കുറച്ച് MOOC കോഴ്‌സുകളും കൂടെയിരിക്കട്ടെ.
Khamarudheen KP
Chief Operating Officer
Happiness Route
#mooc #selfdirectedlearning
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ