വളർച്ച സീലിംഗിൽ മുട്ടിയാൽ?


വളർന്നു വളർന്ന് മേൽക്കൂരയിൽ തലയിടിച്ചാൽ പിന്നെന്ത് ചെയ്യും?
പിന്നീടങ്ങോട്ട് വളരാൻ ബുദ്ധിമുട്ടാണ്. ഒന്നുകിൽ തല മുകളിലിടിക്കാതെ കഷ്ടപ്പെട്ട് നടക്കണം, അല്ലെങ്കിൽ സീലിംഗിന് പുറത്ത് കടക്കണം.

ഒരു പെട്ടിക്കുള്ളിൽ ചെടി നട്ടാൽ, അത് വളർന്ന് മുകളിൽ വന്നിടിച്ചു നിൽക്കും. പിന്നീട് പുറത്ത് കടക്കാനുള്ള പഴുതുകൾ നോക്കും. പഴുത് കിട്ടിയാൽ പുറത്തേക്ക് വളരും. കഴിയില്ലെങ്കിൽ വളർച്ച മുരടിച്ച് അവിടെത്തന്നെ നിൽക്കും. ഒരു അക്വേറിയത്തിലെ മീനിന് പരിമിതമായ പരിധിയിൽ മാത്രമാണ് സഞ്ചരിക്കാൻ കഴിയുക. അതിൽ കൂടുതൽ സഞ്ചരിക്കണമെങ്കിൽ അക്വേറിയത്തിൻ്റെ വലുപ്പം വികസിപ്പിക്കേണ്ടി വരും.

നമ്മുടെ കഴിവുകളും ഇങ്ങനെയൊക്കെത്തന്നെയാണ്. ഒരു ലിമിറ്റ് എത്തിയാൽ വളർച്ച കുറയും, അല്ലെങ്കിൽ അവസാനിക്കും!

ജോലിയുടെ തുടക്ക കാലങ്ങളിൽ വളരെ ചലഞ്ചിങ് ആയിരിക്കും. ഒരുപാട് കാര്യങ്ങൾ പഠിക്കും, വളരും. കുറച്ച് കൂടെ കഴിഞ്ഞാൽ പുതിയ വിഷയങ്ങൾ പഠിക്കാനുള്ള സാധ്യത കുറയും. മാറ്റങ്ങളുൾക്കൊള്ളാതെ നിന്നാൽ വളർച്ച നിലക്കും. ഏറ്റവും കഴിവുള്ള പലരും ഒരേ കാര്യത്തിൽ ഒരുപാട് കാലം ചെലവഴിച്ചാൽ അവരുടെ കഴിവിന്റെ സീലിംഗിൽ മുട്ടിയ അവസ്ഥയിലായിരിക്കും. ഈ അവസ്ഥയിലെത്തിയാൽ നിങ്ങളുടെ വളർച്ചാ ചക്രത്തിൻ്റെ അവസാനത്തിലെത്തിയിരിക്കുന്നു എന്ന് മനസ്സിലാക്കാം. നിങ്ങളുടെ അടുത്ത അധ്യായത്തിനായി കാര്യങ്ങൾ മാറ്റിച്ചിന്തിക്കേണ്ട സമയമാണത്. ഇവിടെവരെ എത്തിച്ച കാര്യങ്ങൾ നിങ്ങളെ അടുത്ത ലെവലിലെത്തിക്കണമെന്നില്ല. അതിനാൽ, ട്രാക്ക് മാറ്റാൻ സമയമായി.

പ്രശസ്ത ഹോളിവുഡ് നടൻ വിൽസ്മിത്ത് പറഞ്ഞത്:
“തിരിഞ്ഞ് നോക്കുമ്പോൾ, ഞാൻ എന്റെ കഴിവിന്റെ സീലിങ്ങിൽ തട്ടിയതായി മനസ്സിലാക്കുന്നു. എനിക്കുണ്ടായിരുന്നത് കൊണ്ട് ചെയ്യാനാവുന്നതിൻ്റെ പരമാവധി ഞാൻ ചെയ്തുവെന്ന് മനസ്സിലാക്കുന്നു" എന്നാണ്.
(“In retrospect, I realize I had hit a ceiling in my talent, I realized I had done everything I could do with the me that I had”)
അന്നദ്ദേഹം അഭിനയരംഗത്തു നിന്ന് ബ്രേക്ക് എടുത്തിരുന്നു. പൂർവ്വാധികം ശക്തിയോടെയാണ് സ്ക്രീനിലേക്ക് പിന്നീടദ്ദേഹം തിരിച്ചു വന്നത്. Changing the Game, അല്ലെങ്കിൽ ചെറിയ ഒരു ഇടവേളയെടുക്കുക എന്നതൊക്കെ വിരസമായ ജോലിയിൽ നിന്ന് മാറ്റം വരുത്താനുള്ള സ്ട്രാറ്റജികളാണ്.

പല കമ്പനികളിലും സബ്ബാറ്റിക്ക് ലീവ് എന്നൊരു പദ്ധതിയുണ്ട്. വർഷങ്ങളോളം തുടർച്ചയായി ജോലി ചെയ്ത ശേഷം ജോലിയിൽ നിന്ന് നീണ്ടകാലത്തേക്ക് ഇടവേള എടുക്കുന്നതാണ് സബ്ബാറ്റിക്കൽ ലീവ്. ഒരു അഡീഷണൽ ബിരുദം നേടാൻ, സ്വന്തം ഇംപ്രൂവ്മെന്റിൽ വർക്ക് ചെയ്യാൻ, സന്നദ്ധസേവനം ചെയ്യാൻ, ലോകം ചുറ്റി സഞ്ചരിക്കാൻ, കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ തുടങ്ങിയവയൊക്കെ ഒരു സബ്ബാറ്റിക്കൽ ലീവ് എടുക്കുന്നതിനുള്ള കാരണങ്ങളാവാം. ഇനി സബ്ബാറ്റിക്കൽ ഇല്ലെങ്കിൽ പോലും ഈ കാര്യങ്ങൾക്ക് സമയം കണ്ടെത്താവുന്നതാണ്.

സീലിംഗിൽ മുട്ടിയ അവസ്ഥയിൽ സീലിംഗിന്റെ വലിപ്പം കൂട്ടുക എന്നതാണ് വളരാനുള്ള മറ്റൊരു മാർഗ്ഗം. നിങ്ങളുടെ സംരംഭം കൂടുതൽ വികസിപ്പിക്കുക, അഡ്വാൻസ്ഡ് കരിയർ മേഖലയിലേക്ക് എത്തിപ്പെടുക, നിങ്ങളുടെ തൊഴിൽ മേഖലയിലെ അടുത്ത പടിയിലേക്ക് കയറാൻ ശ്രമിക്കുക, പുതിയ സാധ്യതകൾ കണ്ടെത്തുക, പുതിയ കാര്യങ്ങൾ പഠിക്കുക, പുതിയ കഴിവുകൾ നേടിയെടുക്കുക, പുതിയ കോഴ്‌സുകൾ ചെയ്യുക, നിങ്ങൾക്ക് സാമർത്ഥ്യമുള്ള മേഖലയിലെ കണ്ടെന്റ് ക്രിയേറ്റ് ചെയ്യുക, പുതിയ തലമുറയെ കോച്ച് ചെയ്യുക, മെന്ററിങ് ചെയ്യുക തുടങ്ങി നിങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെയോ സ്വന്തത്തിന്റെയോ പുരോഗതിക്കാവശ്യമായ കാര്യങ്ങൾ ചെയ്യുക എന്നതൊക്കെയാണ്‌ വളരാനുള്ള ചില മാർഗ്ഗങ്ങൾ.

നിങ്ങളിപ്പോൾ വളർച്ചയിലാണോ, അതോ സീലിംഗിൽ മുട്ടിയ സ്ഥിതിയിലാണോ എന്ന സ്വയം പരിശോധന തന്നെ വളർച്ചയുടെ എളിയ തുടക്കമാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കുട്ടികൾ മണ്ണിലിറങ്ങണോ?

ഇഷ്ടമുള്ള ജോലി, ഇഷ്ടമുള്ള സ്ഥലത്ത്; ഗിഗ് ഇക്കോണമി ബിഗ് ആകുന്നു

കുരുമുളകും കണ്ടെന്റും.