പൊട്ടിച്ചെറിയേണ്ട ഗ്ലാസ്‌ സീലിംഗുകൾ


"ഒരു പെൺകുട്ടിയാണ്. എന്നിട്ടും അവളുടെ ധൈര്യം കണ്ടില്ലേ!"

"പാവപ്പെട്ട കുടുംബത്തിൽ ജനിച്ചിട്ടും അവൻ വലിയ നിലയിലെത്തിയത് കണ്ടില്ലേ?"
"ഈ സമുദായത്തിൽ നിന്നും ഒരാൾ ഇത്രയും ഉയരത്തിലെത്തുക എന്നത് അത്ഭുതം തന്നെ!"

ഇത്തരം വാചകങ്ങൾ കേൾക്കുമ്പോഴൊക്കെയും അഭിനന്ദനങ്ങളായിട്ടായിരിക്കും നമുക്ക് തോന്നാറ്. പക്ഷെ, ഈ വാക്കുകൾക്കുള്ളിലെല്ലാം ഒളിഞ്ഞു കിടക്കുന്ന ഒരു 'ഗ്ലാസ്‌ സീലിംഗ്' ഉണ്ട്‌.

പെൺകുട്ടിയായാൽ പേടിച്ചു ജീവിക്കണം, പാവപ്പെട്ട കുടുംബങ്ങൾ എന്നും താഴേക്കിടയിൽ നിലകൊള്ളണം, ഈ ജോലി നിങ്ങളെപോലെയുള്ള ആളുകൾക്ക് പറഞ്ഞതല്ല എന്നു തുടങ്ങിയ ഒരുപാട് അലിഖിത നിയമങ്ങളിൽ നിന്നാണ് പലപ്പോഴും മേൽപ്പറഞ്ഞ ചിന്തകളും വാചകങ്ങളും രൂപപ്പെടുന്നത്. അത് പലരുടെയും വളർച്ചയെ തടയും.

എന്താണ് ഗ്ലാസ്‌ സീലിംഗ്?

മതിയായ കഴിവുണ്ടായിട്ടും പല സ്ഥാനങ്ങളിലേക്കും പദവികളിലേക്കും ആളുകൾക്ക് എത്താൻ കഴിയാതിരിക്കുന്ന അവസ്ഥയെയാണ് പൊതുവെ ഗ്ലാസ്‌ സീലിംഗ് എന്ന് പറയാറ്. അത് ലിംഗാടിസ്ഥാനത്തിലോ ജാതി, മതം, നിറം, സമുദായം, രാജ്യം അങ്ങനെ എന്തിന്റെ പേരിലുമാകാം. ഈ തടസ്സങ്ങൾ നേരിട്ട് കാണാൻ കഴിയാത്തത് കൊണ്ടു കൂടിയാണ് 'ഗ്ലാസ്‌ സീലിംഗ്' എന്ന വിശേഷണം.
നമുക്ക് മുകളിൽ ഒരു ചില്ലുകൂട് നെടുകെ വെച്ചത് പോലെ അത് വളർച്ചക്ക് തടസ്സമായി നിൽക്കുന്നു.

ഒരു അക്വേറിയത്തിൽ വിഹരിക്കുന്ന മീനിന് അതിന്റെ ലോകം ആ അക്വേറിയത്തോളം ചുരുങ്ങുമല്ലോ.
ഇത്തരം സീലിംഗുകൾ കഴിവുകളെ മുരടിപ്പിക്കുകയും പ്രതിഭകളായ മനുഷ്യരെ വളരാനനുവദിക്കാതെ തടസമുണ്ടാക്കുകയും ചെയ്യും. പലതും പൊട്ടിച്ചെറിയുന്നതിൽ സാമൂഹ്യമായ വലിയൊരു മാറ്റം അനിവാര്യമാണെന്നതിൽ സംശയമില്ല.

ഗ്ലാസ്‌ സീലിങ്ങുകൾ ബാഹ്യമായി രൂപപ്പെടുന്നവയും നമ്മൾ സ്വയം ഉണ്ടാക്കിത്തീർക്കുന്നവയുമുണ്ട്.

സ്വയംനിർമ്മിത ഗ്ലാസ് സീലിംഗുകൾ.

സമൂഹ നിർമ്മിതമായ ഗ്ലാസ് സീലിംഗുകൾക്ക് പുറമെ വ്യക്തികൾ സ്വയം നിർമ്മിച്ച ചില ഗ്ലാസ്‌ സീലിംഗുകളുമുണ്ട്. അവനവന്റെ സെൽഫിൽ ക്രിയാത്മകമായി ഇടപെടുന്നതിലൂടെ അതില്ലാതാക്കാൻ സാധിക്കും.

പലപ്പോഴും നമുക്ക് ചുറ്റും നാം തന്നെ ചില്ലു മതിലുകൾ സൃഷ്ടിക്കാറുണ്ട്. നമ്മുടെ ആത്മവിശ്വാസത്തിൻ്റെ കുറവു മൂലമാകാം അത്. എന്നെക്കൊണ്ട് ഇത്ര മാത്രമേ പറ്റൂ എന്ന കരുതലാകാം, ഞാൻ അത്ര പോരാ എന്ന ചിന്തയാവാം, ഞാൻ അതർഹിക്കുന്നില്ല എന്ന ചിന്തയാവാം, തോറ്റു പോകുമോ എന്ന ഭയമാകാം തുടങ്ങിയ സ്വയം ധാരണകൾ മൂലം കഴിവുണ്ടായിട്ടും പലരും എങ്ങുമെത്താതെ പോകുന്നു.

സ്വയം വരുത്തിത്തീർക്കുന്ന ഈ സീലിംഗുകൾ സ്വയം തന്നെ പൊട്ടിച്ചെറിയുക എന്നത് മാത്രമേ പരിഹാരമുള്ളൂ.

എങ്ങിനെ പൊട്ടിച്ചെറിയാം?

1. നമ്മെ പുറകോട്ട് വലിക്കുന്ന, അല്ലെങ്കിൽ ചെറിയൊരു വൃത്തത്തിൽ നമ്മെ പരിമിതപ്പെടുത്തുന്ന നമ്മുടെ വിശ്വാസങ്ങൾ തിരിച്ചറിയുക. അവയുടെ ഉത്ഭവം ചിന്തിക്കുക. അത്തരം ധാരണകളുടെ മൂലകാരണം കണ്ടെത്തുക.

2. തടസ്സങ്ങളെ വെല്ലുവിളിക്കുക: നമ്മെ പരിമിതപ്പെടുത്തുന്ന വിശ്വാസങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ അത് വസ്തുതയാണോ അല്ലെങ്കിൽ വിശ്വാസം മാത്രമാണോ എന്ന് നോക്കുക. കൂടുതലും വിശ്വാസങ്ങൾ മാത്രമായിരിക്കും. ഈ വിശ്വാസങ്ങൾ എവിടെ നിന്നും ഉണ്ടായി എന്നു നോക്കുക. മിക്കവാറും ബാഹ്യ സ്വാധീനങ്ങളിൽ നിന്നു വന്നതായിരിക്കും. ഉദാഹരണത്തിന്, ബാല്യകാലത്തെ അനുഭവങ്ങൾ, മറ്റുള്ളവരുടെ സംസാരം പോലുള്ളവ.

3. മുന്നോട്ട് പോകാനുള്ള ഒരു Growth Mindset ഉണ്ടാക്കിയെടുക്കുക: പരാജയത്തെ ഭയപ്പെടുന്നതിനു പകരം, പഠിക്കാനും മെച്ചപ്പെടുത്താനുമുള്ള അവസരമായി കണക്കാക്കുക.
പുതിയ ലക്ഷ്യങ്ങൾ നിർമിച്ച്, നിരന്തര ശ്രമിങ്ങളിലൂടെ അത് കൈവരിക്കാനുള്ള മൈൻഡ്സെറ്റ് ഉണ്ടാക്കിയെടുക്കുക.

4. സ്വയം അനുകമ്പ പരിശീലിക്കുക:
സ്വന്തത്തോട് ദയയോടും അനുകമ്പയോടും കൂടി പെരുമാറുക. പ്രത്യേകിച്ച്, ആസൂത്രണം ചെയ്തതു പോലെ കാര്യങ്ങൾ വരാതിരിക്കുമ്പോൾ. പിഴവുകളിൽ നിന്നാരും മുക്തരല്ലെന്നും പരാജയം പഠന പ്രക്രിയയുടെ ഒരു സ്വാഭാവിക ഭാഗമാണെന്നും ഓർമ്മിക്കുക.

5. സ്വപ്നങ്ങളുണ്ടാവുക:
റിയലിസ്റ്റിക് ആയ ലക്ഷ്യങ്ങൾ ഉണ്ടാക്കുക. ഓരോ ദിവസവും നിങ്ങൾക്ക് താങ്ങാൻ കഴിയുന്ന ചെറിയ ഘട്ടങ്ങളായി ലക്ഷ്യങ്ങളെ ക്രമീകരിക്കുക. ഒപ്പം നിങ്ങളുടെ പുരോഗതി നിരന്തരം ട്രാക്ക് ചെയ്യുക.

6. യാത്രയാരംഭിക്കുക, വഴി തെളിയും:
ഒരു യാത്രയും മുന്നോട്ടുള്ള സകല വഴിയും കാലേക്കൂട്ടി കണ്ടുകൊണ്ടല്ല തുടങ്ങുന്നത്. പഴയ കാലത്തെ മരുഭൂമി യാത്രകളെക്കുറിച്ച് ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്, വഴികൾ പലപ്പോഴും മണൽകാറ്റിൽ മറഞ്ഞു പോകാറുണ്ട്. അതുകൊണ്ട് അവയെല്ലാം ടാർ വീപ്പകൾ കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ടാകും. ഒരടയാളത്തിനെ സമീപിക്കുമ്പോൾ മാത്രമാണ് അടുത്ത അടയാളം തെളിഞ്ഞു വരിക. ഒരു വലിയ ലക്ഷ്യത്തോടെ യാത്രയാരംഭിക്കുക, വഴി തെളിഞ്ഞുകൊണ്ടേയിരിക്കും. 

7. ഫീഡ്‌ബാക്കും പിന്തുണയും തേടുക:
മറ്റുള്ളവരിൽ നിന്ന്, പ്രത്യേകിച്ച് സമാന ലക്ഷ്യങ്ങൾ കൈവരിച്ചവരിൽ നിന്ന് ഫീഡ്‌ബാക്കും അഭിപ്രായങ്ങളും തേടുക. നിങ്ങളിലും നിങ്ങളുടെ കഴിവുകളിലും അചഞ്ചലമായി വിശ്വസിക്കുകയും പിന്തുണ നൽകുകയും ചെയ്യുന്ന മനുഷ്യരുമായി കൂട്ടു കൂടുക. അവശ്യ ഘട്ടങ്ങളിൽ വിദഗ്ധരുടെ പ്രൊഫഷണൽ സഹായം തേടുക.

8. വിജയങ്ങൾ ആഘോഷിക്കുക:
ചെറിയ മാർഗ്ഗങ്ങളിലൂടെ ആരംഭിച്ച് കാലക്രമേണ, വളർച്ച ത്വരിത ഗതിയിലാക്കുക. വിജയങ്ങൾ എത്ര ചെറുതാണെങ്കിലും നിറയെ ആഘോഷിക്കുക.

പലപ്പോഴും നമ്മളൊരു ഗ്ലാസ് സീലിംഗിനകത്താണെന്ന തിരിച്ചറിവ് തന്നെ, വളർന്നു തുടങ്ങാൻ നമ്മെ പ്രേരിപ്പിക്കും. നമുക്കു ചുറ്റുമുള്ള ചില്ലുമതിലുകൾ ദീർഘ കാലമെടുത്ത് നിർമ്മിച്ചിട്ടുള്ളതായതിനാൽ അത് ഭേദിക്കാൻ അൽപ്പം ക്ഷമയും, സമയവും അത്യാവശ്യമാണെന്ന് മറക്കാതിരിക്കുക. സ്ഥിരോത്സാഹത്തോടെ പ്രയത്നിച്ചാൽ ഓരോ ലക്ഷ്യവും കൈപ്പിടിയിലൊതുക്കാം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കുട്ടികൾ മണ്ണിലിറങ്ങണോ?

ഇഷ്ടമുള്ള ജോലി, ഇഷ്ടമുള്ള സ്ഥലത്ത്; ഗിഗ് ഇക്കോണമി ബിഗ് ആകുന്നു

കുരുമുളകും കണ്ടെന്റും.