ചോദിക്കുക എന്ന കല.
"നമ്മൾ നേരെ പഞ്ചാബി ഹൗസിലേക്ക് പോകുന്നു,
എന്നിട്ട് ബോട്ട് വിട്ടു തരുമോ എന്ന് ചോദിക്കുന്നു"
"അപ്പോൾ അവർ ബോട്ട് വിട്ട് തന്നില്ലെങ്കിലോ?"
"അപ്പോൾ അതിന് ഒരു തീരുമാനമായില്ലേ?"
ആവശ്യങ്ങൾ മടിയില്ലാതെ ചോദിക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് പഞ്ചാബി ഹൗസ് സിനിമയിലെ രമണന്റെ ഡയലോഗ്.
ആവശ്യങ്ങൾ ചോദിക്കുക എന്നത് പലരെ സംബന്ധിച്ചും വളരെ പ്രയാസമുള്ള കാര്യമാണ്. 'ഞാനെങ്ങനെ അത് ചോദിക്കും?' 'ചോദിച്ചാൽ അവരെന്ത് വിചാരിക്കും?'
'ചോദിക്കാതെത്തന്നെ അവരത് കണ്ടറിഞ്ഞു ചെയ്യേണ്ടേ?'
'ഞാനത് പറഞ്ഞാൽ അവർക്ക് വിഷമമാവില്ലേ?' ഇതൊക്കെയായിരിക്കും ഉള്ളിലൂടെ പോകുന്ന ചിന്തകൾ. ആവശ്യങ്ങൾ ചോദിക്കുക (Asking for needs) എന്നത് ആളുകളെ സംബന്ധിച്ച് ബാലികേറാമലയാണ്. പ്രൊഫഷണൽ ലൈഫിലും കുടുംബ ജീവിതത്തിലുമെല്ലാം ആവശ്യങ്ങൾ ചോദിക്കുന്നതിന് വളരെ പ്രാധാന്യമുണ്ട്.
ഒരു ഷോപ്പിൽ കയറിയാൽ ഡിസ്‌കൗണ്ട് ചോദിക്കുക, ബാക്കി കിട്ടാനുള്ള ചില്ലറ ചോദിച്ചു വാങ്ങുക, വാഹനത്തിൽ ലിഫ്റ്റ് ചോദിക്കുക, ട്രെയിനിൽ സീറ്റില്ലെങ്കിൽ നീങ്ങിയിരിക്കാനാവശ്യപ്പെടുക തുടങ്ങി ചെറിയ കാര്യങ്ങൾ മുതൽ വളരെ അത്യാവശ്യമുള്ള കാര്യങ്ങൾ പോലും ചോദിക്കാൻ വൈമനസ്യം കാണിക്കുന്നവരാണ് അധികവും.
കണ്ടറിഞ്ഞു സഹായിക്കുകയാണെങ്കിൽ സഹായിക്കട്ടെ, ചോദിക്കേണ്ട ആവശ്യമില്ലല്ലോ എന്ന നിലപാടിലായിരിക്കും നമ്മൾ. ചോദിക്കുക എന്നതാണ് നമ്മുടെ നിയന്ത്രണത്തിലുള്ളത്. അത് ചെയ്തു തരണോ വേണ്ടയോ എന്നത് മറ്റുള്ളവരുടെ നിയന്ത്രണത്തിലാണ്. അതവർക്ക് വിട്ടു കൊടുക്കുക.
ഒരു കാര്യം തുറന്ന് പറയുകയോ ചോദിക്കുകയോ ചെയ്യുമ്പോഴല്ലേ ഒരാളുടെ ആവശ്യങ്ങൾ മനസ്സിലാകുന്നത്? ദാമ്പത്യ ബന്ധത്തിൽ തുറന്ന് സംസാരിക്കുക, ആവശ്യങ്ങൾ ചോദിക്കുക, ബന്ധത്തിനുള്ളിൽ എന്തെങ്കിലും മാറ്റണമെന്ന് തോന്നുന്ന കാര്യങ്ങളെക്കുറിച്ച് തുറന്നതും സത്യസന്ധവുമായ ചർച്ച നടത്തുക എന്നിവയൊക്കെ നിങ്ങളുടെ പങ്കാളിയെ നിങ്ങൾ സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്നുവെന്നതിന്റെ സൂചനയാണ്. പങ്കാളിയിൽ നിന്ന് നിങ്ങൾക്കെന്താണ് വേണ്ടതെന്ന് അവരുമായി നേരിട്ട് സംസാരിക്കുമ്പോഴാണ് ബന്ധം കൂടുതൽ ദൃഢമാകുന്നത്. ആവശ്യങ്ങൾ നേരിട്ട് ചോദിക്കുകയും പറയുകയും ചെയ്യാതിരിക്കുമ്പോഴാണ് അവ ദേഷ്യമായും, വെറുപ്പായും, വിദ്വേഷമായുമൊക്കെയുള്ള രീതിയിൽ പ്രകടിപ്പിക്കേണ്ടി വരുന്നത്.
പറഞ്ഞാൽ വേദനിക്കുമോ എന്ന് കരുതി പറയാതിരിക്കുമ്പോഴായിരിക്കും ആ കാര്യം ആളുകളെ കൂടുതൽ വേദനിപ്പിക്കുന്നത്. മറ്റൊരു വിരോധാഭാസം, ആവശ്യങ്ങൾ ചോദിച്ചു വാങ്ങില്ലെങ്കിലും മറ്റുള്ളവരുടെ സ്‌പേസിലേക്ക് ഇടിച്ചു കയറി ആവശ്യമില്ലാതെ സഹായിക്കുകയെന്നതാണ്. നമ്മുടെ ഒരു വീക്നെസ്സാണത്. മറ്റുള്ളവർ ആവശ്യപ്പെടാതെത്തന്നെ സംരക്ഷകരായി വന്ന് അവസാനം അതവർക്ക് ഉപദ്രവകരമായിത്തീരുന്നു. അതുകൊണ്ട്, മറ്റുള്ളവരെ സഹായിക്കുന്നതിനു മുമ്പ് അവർക്കത് ആവശ്യമുണ്ടോ എന്നൊന്ന് ചോദിക്കുന്നതും നന്നായിരിക്കും.
പഴയ കാലത്ത് വളരെ തിരക്കുള്ള താരങ്ങളും ഇപ്പോഴത്ര സജീവവുമല്ലാത്ത നടന്മാരുടെ ഇന്റർവ്യൂ ശ്രദ്ധിച്ചിട്ടുണ്ടോ? "വളരെ തിരക്കുള്ള നടനായിരുന്ന താങ്കൾക്ക് വളരെയധികം കഴിവുണ്ടായിട്ടും എന്തുകൊണ്ട് പിന്നീട് അവസരങ്ങൾ വന്നില്ല?" എന്ന ചോദ്യത്തിന് അവർക്കുള്ള ഉത്തരം,
"ഞാൻ ആരോടും അവസരങ്ങൾ ചോദിക്കാറില്ല, ഇങ്ങോട്ട് വരുന്ന അവസരങ്ങളിൽ അഭിനയിക്കും" എന്നതായിരിക്കും. എന്നാൽ ഇന്നും വിജയത്തിന്റെ ഉന്നതിയിൽ നിൽക്കുന്ന പലരും ഇപ്പോഴും അവസരങ്ങൾ ചോദിച്ചു വാങ്ങുന്നവരായിരിക്കും.
ആവശ്യങ്ങൾ ചോദിക്കുന്നത് പോലെത്തന്നെ പ്രധാനമുള്ള കാര്യമാണ് നമുക്ക് കഴിയാത്ത കാര്യങ്ങളോട് No പറയൽ. ഇങ്ങോട്ട് ഒരാൾ നോ പറഞ്ഞാൽ അത് ആരോഗ്യകരമായി സ്വീകരിക്കലും തഥൈവ. ഒരു ബിസിനസ് സംരംഭം വിജയിക്കുന്നത് സംരംഭത്തെക്കുറിച്ച് ആളുകളോട് പറയുമ്പോഴാണ്, ആ സംരംഭത്തിന്റെ സേവനം ആവശ്യമുണ്ടോ എന്നാരായുമ്പോഴാണ്. കാര്യങ്ങൾ തുറന്ന സംസാരങ്ങളും വ്യക്തമായ റോളുകൾ നിർണ്ണയിക്കലും ആവശ്യങ്ങൾ ചോദിക്കലും കുറയുമ്പോഴാണ് ബിസിനസിൽ പ്രശ്നങ്ങളുദിക്കുന്നത്. ഒരാൾക്കും മറ്റൊരാളുടെ മനസ്സ് വായിച്ച്, ആവശ്യങ്ങൾ മനസ്സിലാക്കാൻ കഴിയില്ല. അവ തുറന്നു പറയുക തന്നെ വേണം. ചോദിക്കണം. മടിയില്ലാതെ ചോദിച്ചു ശീലിക്കുക.
.jpeg)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ