ആകെ ചെയ്യേണ്ട ഒറ്റക്കാര്യം!


"നീയാ തൂൺ കണ്ടോ?" 
"കണ്ടു!"
"എന്നാൽ ഞാനത് കണ്ടില്ല!"
തലക്ക് പരിക്ക് പറ്റി വരുന്ന ജഗതിയുടെ കഥാപാത്രത്തോട് "എന്തു പറ്റി ചേട്ടാ" എന്ന് ചോദിക്കുമ്പോൾ കിട്ടുന്ന മറുപടിയാണിത്.

എല്ലാവരും കാണുന്ന, വളരെ പ്രധാനപ്പെട്ട ആ ഒറ്റക്കാര്യം കാണാതിരുന്നത് കൊണ്ട് പറ്റിയ അപകടമാണത്.

നമുക്ക് ചെയ്യാനുള്ള പലതും ഇങ്ങനെയാണെന്ന് തോന്നിയിട്ടുണ്ട്. എല്ലാം കാണുകയും ഏറ്റവും പ്രധാനപ്പെട്ട ഒന്നു മാത്രം കാണാതിരിക്കുകയും ചെയ്യുകയെന്നത് സാധാരണമാണ്. മറ്റെല്ലാം ചെയ്യുന്നുണ്ടാവാം. പക്ഷേ, യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യം മാത്രം ഭംഗിയായി ചെയ്യില്ല. അതിൻ്റെ നിർവഹണത്തിൽ പരാജയപ്പെട്ട് മറ്റെന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കും.

ഒരധ്യാപകന് ആകെ ചെയ്യാനുള്ള ഏറ്റവും വലിയ കർത്തവ്യം തന്റെ മുന്നിലിരിക്കുന്ന കുട്ടികളെ കഴിവിൻ്റെ പരമാവധി പഠിക്കാൻ സഹായിക്കുക എന്നതാണ്. ഒരു ഷെഫിന്റെ ജോലി രുചികരമായ ഭക്ഷണം ഉണ്ടാക്കുക എന്നതാണ്. അത് ഭംഗിയായി സേർവ് ചെയ്യുക എന്നതാണ് സപ്ലയറുടെ ജോലി. സർക്കാർ ഓഫീസിൽ വരുന്നവർക്ക് ആ സ്ഥാപനം വഴി ചെയ്യാൻ കഴിയുന്ന സേവനങ്ങൾ ചെയ്തു കൊടുക്കുക എന്നതാണ് ഒരു സർക്കാരുദ്യോഗസ്ഥന്റെ ധർമ്മം. ഒരു വാഹനം ഒരിടത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് സുരക്ഷിതമായി ഡ്രൈവ് ചെയ്യുക എന്നതാണ് ഡ്രൈവറുടെ ജോലി. ഇപ്പറഞ്ഞവയോടെല്ലാം ഏറ്റവും ഭംഗിയായി സമീപിക്കുമ്പോഴാണ് ആ തൊഴിലിനോട് അയാൾ നീതി കാണിക്കുന്നത്, ആ തൊഴിലിൽ വിദഗ്ധനാവുന്നതും.

ഒരു കാര്യത്തിൽ നൈപുണ്യമുള്ളവരിൽ നിന്നും ഇല്ലാത്തവരിൽ നിന്നും ലഭിക്കുന്നത് ഒരുപോലെയാവില്ലല്ലോ. ഏറ്റവും വിദഗ്ധനായ ഒരു പാട്ടുകാരന്റെ പാട്ട് കേൾക്കുന്നതിന് പകരം, പാട്ട് പാടാനേ കഴിവില്ലാത്ത ഒരുപാട് പേരുടെ പാട്ടുകൾ കേട്ടാൽ എങ്ങനെയുണ്ടാവും? എന്ന ഉദാഹരണമാണ് കാൾ ന്യൂപോർട്ട് 'Deep Work' എന്ന പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. പലപ്പോഴും സംഭവിക്കുന്നത് അനുബന്ധ കാര്യങ്ങളെല്ലാം ചെയ്യുകയും ഏറ്റവും പ്രധാനപ്പെട്ടത് നഷ്ടപ്പെടുത്തുകയുമാണ്.

ഒരേ സമയം പല കാര്യങ്ങൾ ചെയ്യുമ്പോൾ അത് പ്രോഡക്റ്റീവ് ആയിക്കൊള്ളണമെന്നില്ല. അടിസ്ഥാനപരമായി ഒരു സമയത്ത് ഒരു കാര്യം ചെയ്യാനാണ് നമുക്കെളുപ്പം. ആ രീതിയിലാണ് നമ്മുടെ തലച്ചോറ് ക്രമീകരിക്കപ്പെട്ടിരിക്കുന്നതും. ഒരു പന്ത് മുകളിലേക്കെറിഞ്ഞു പിടിക്കാൻ വളരെ ഈസിയാണ്. എന്നാൽ രണ്ടോ മൂന്നോ ബോളുകൾ ഒരുമിച്ചെറിയുമ്പോൾ അങ്ങനെയല്ല. ഒറ്റക്കാര്യം ഭംഗിയായി ചെയ്യാൻ കുറച്ച് 'ഡീപ് വർക്ക്' വേണ്ടിവരാം. ഒരു സ്വർണ്ണപ്പണിക്കാരൻ ആഭരണം ഉണ്ടാക്കുന്നത്ര സൂക്ഷ്മതയോടെ പലകാര്യങ്ങളും ചെയ്യേണ്ടി വന്നേക്കാം. അദ്ദേഹത്തിനതൊരു ദിനചര്യയാണെങ്കിലും ശ്രദ്ധ കുറഞ്ഞാൽ എന്ത്‌ സംഭവിക്കുമെന്ന് നമുക്കൂഹിക്കാവുന്നതേയുള്ളൂ.

ടൈം ഷെഡ്യൂളിലെപ്പോഴും നമ്മുടെ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ജോലിക്കാണ് മുൻഗണന നൽക്കേണ്ടത്. അതിനു തടസ്സമാവുന്ന കാര്യങ്ങൾ ചുരുക്കുക, ആഴത്തിലുള്ള ജോലിയെ പിന്തുണക്കുന്ന ഒരു തൊഴിലന്തരീക്ഷം വളർത്തുക എന്നിവയാണ് ഡീപ് വർക്കിന് വേണ്ട പ്രധാന കാര്യങ്ങൾ. പല ജോലിക്കും എല്ലാ സമയവും 'ഡീപ് വർക്ക്' ചെയ്യാൻ കഴിയണമെന്നില്ല. എന്നാൽ അത്തരം ജോലികൾക്ക് വളരെ പ്രോഡക്റ്റീവ് ആയി കുറച്ച് സമയം (രണ്ടോ, മൂന്നോ മണിക്കൂറുകൾ) ഒരു ദിവസത്തിൽ മാറ്റി വെച്ചാൽ തന്നെ ധാരാളമാകും.

ഇനിയാലോചിച്ചു നോക്കൂ, നിങ്ങൾ ശ്രദ്ധ കൊടുക്കേണ്ട ഏറ്റവും പ്രധാന മേഖല എന്താണ്?, നിങ്ങൾ ചെയ്യുന്ന പല കാര്യങ്ങളിൽ ഏറ്റവും ശ്രദ്ധ ചെലുത്തേണ്ട പ്രധാനപ്പെട്ട ആ ഒറ്റക്കാര്യമെന്താണ്‌? (Wildly Important Goal) നിലവിൽ എത്ര സമയമാണ് അതിനു വേണ്ടി ചെലവഴിക്കുന്നത്? ഇനി എന്ത്‌ ചെയ്യാൻ കഴിയും....?

അഭിപ്രായങ്ങള്‍