മാറ്റേണ്ട ഒറ്റക്കാര്യം.


"നല്ല കഴിവുണ്ട്. പറഞ്ഞിട്ടെന്തു കാര്യം, രക്ഷപ്പെടുന്നില്ല!"

"അവൻ/അവൾ ആളൊക്കെ കൊള്ളാം, പക്ഷെ ആ ഒറ്റക്കാര്യം കൂടി മാറ്റിയാൽ മതി"

പലരെക്കുറിച്ചും പറയുന്നതു കേട്ടിട്ടില്ലേ? 
"എല്ലാ കാര്യത്തിലും ആള് ഉഷാറാണ്, എന്നാൽ സാമ്പത്തിക ഇടപാട് നടത്തുമ്പോൾ ഒന്ന് സൂക്ഷിക്കണം"
"ആള് കുഴപ്പങ്ങളൊന്നുമില്ല. പക്ഷേ, എന്തെങ്കിലും ഏറ്റെടുത്താൽ അത് സമയത്തിന് ചെയ്യില്ല" 
"ഫോൺ വിളിച്ചാൽ ആളെ കിട്ടില്ല, സമയത്തിനെത്തില്ല, വായ തുറക്കില്ല, തുറന്നാൽ തന്നെ തെറിയേ വിളിക്കൂ, സ്ത്രീ വിഷയത്തിൽ ആളത്ര വെടിപ്പല്ല, ഒരു ഉത്തരവാദിത്തമില്ല." അങ്ങനെയങ്ങനെ..

പലർക്കും ഇത്തരത്തിലെന്തെങ്കിലും ഒരു പ്രശ്നമുണ്ടായിരിക്കും. അതുമൂലം മറ്റെല്ലാ നന്മകളും അപ്രസക്തമാകുന്ന രീതിയിലുള്ളൊരു പ്രശ്നം. അതൊന്നു കൊണ്ട് മാത്രമായിരിക്കാം അയാൾ രക്ഷപ്പെടാതെ പോകുന്നതും. ഏതൊരാളുടെയും മുന്നോട്ടുള്ള യാത്രക്ക് വിഘാതമാകുന്ന, അല്ലെങ്കിൽ പിന്നോട്ട് പിടിച്ചു വലിക്കുന്ന എന്തെങ്കിലും കാര്യമുണ്ടായിരിക്കും. പലർക്കുമത് തിരിച്ചറിയാൻ കഴിയില്ല. ചിലർ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അതിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നുണ്ടാവില്ല. എന്നാൽ അവർക്ക് ചുറ്റുമുള്ള ആളുകൾക്കെല്ലാം അതേക്കുറിച്ച് നന്നായി അറിയുന്നുമുണ്ടാവാം.

നിങ്ങളുടെ ജീവിതം മാറ്റി മറിക്കാനുള്ള ആ ഒറ്റക്കാര്യം എന്തായിരിക്കും? അതെങ്ങനെ തിരിച്ചറിയാം?

1. കുറച്ച് സമയം ഒന്ന് സ്വസ്ഥമായി ചിന്തിച്ചു നോക്കൂ. എന്ത്‌ കാര്യമായിരിക്കും എന്റെ കഴിവിനനുസരിച്ച് എന്നെ വളർത്താതെ തടഞ്ഞു വെക്കുന്നത്? എന്തൊക്കെയാണ് എന്റെ കഴിവുകൾ? ഈ കഴിവൊക്കെയുണ്ടായിട്ടും എന്താണ് ഞാനെപ്പോഴും പരാജയപ്പെടുന്നത്? എവിടെയാണെനിക്ക് പിഴച്ചത്? എന്താണതിനൊരു പരിഹാരം?

2. ഈവക കാര്യങ്ങൾ സ്വന്തമായി മനസ്സിലാക്കാനാവുന്നില്ലെങ്കിൽ ഏറ്റവും അടുത്ത വിശ്വസ്തരായ കൂട്ടുകാരോടോ, സഹപ്രവർത്തകരോടോ, ജീവിത പങ്കാളിയോടോ ചോദിച്ചു നോക്കൂ. നിങ്ങളുടെ പെരുമാറ്റത്തെയും ശീലങ്ങളെയും ദുശീലങ്ങളെയും കുറിച്ച് അവർക്കറിയാൻ സാധ്യതയുണ്ട്. അവർക്ക് പറയാനുള്ളത് കേൾക്കുക.

3. നിങ്ങളുടെ പെരുമാറ്റത്തിന് ചില പ്രത്യേക പാറ്റേണുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അവ തിരിച്ചറിയുക. ജീവിതത്തിൽ വീണ്ടും വീണ്ടും ആവർത്തിച്ചിട്ടുള്ള ചില പരാജയങ്ങളോ, ദുരനുഭവങ്ങളോ, മോശം സാഹചര്യങ്ങളോ ഒക്കെയായിരിക്കാം അത്. ഈ സാഹചര്യങ്ങളിൽ നിങ്ങൾ വഹിച്ച പങ്കെന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുക.

4. ഈ മേഖലകൾ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ അവ പരിഹരിക്കാനുള്ള കാര്യങ്ങൾ കൂടെ ചെയ്യൂ. മുന്നോട്ടുള്ള യാത്രയുടെ ലക്ഷ്യങ്ങളും മാർഗ്ഗങ്ങളും ആസൂത്രണം ചെയ്യുകയുമാവാം.

5. ചില കാര്യങ്ങൾ സ്വയം മനസ്സിലാക്കാനോ, മാറ്റം വരുത്താനോ കഴിയണമെന്നില്ല. അത്തരം സമയങ്ങളിൽ വിദഗ്ധനായ ഒരു കൗൺസിലറുടെയോ, തെറാപ്പിസ്റ്റിന്റെയോ, കോച്ചിന്റെയോ സേവനം തേടുക.

ക്ഷമ വേണം, സമയമെടുക്കും; നമ്മളിൽ കണ്ടെത്തുന്ന പല പ്രശ്നങ്ങളും ദീർഘ കാലമായി നമുക്കൊപ്പമുള്ളതായിരിക്കും. അതുകൊണ്ടു തന്നെ ഒരു ദിവസം അവയെല്ലാം ഒറ്റയടിക്ക് മാറ്റുകയെന്നത് പ്രയാസകരമാണ്. ആവശ്യത്തിനു സമയമെടുത്ത് പുരോഗതി കൊണ്ടുവരിക. ചെറിയ ചെറിയ മാറ്റങ്ങൾ ലക്ഷ്യമിടുക. മാറ്റത്തിന്റെ ഓരോ ഘട്ടങ്ങളിലെയും ചെറിയ നേട്ടം പോലും ആഘോഷിക്കുക. മുന്നോട്ട് പോവുക.

അഭിപ്രായങ്ങള്‍