പ്രകാശം പരത്തുന്നവർ



എവിടെയോ വായിച്ച ഒരു കഥയോർക്കുന്നു, പോകുന്ന വഴികളിലെല്ലാം പ്രകാശം പരത്തുന്ന ഒരാളുടെ കഥ!

ഒരു നാട്ടിൽ വൈദ്യുതി വരുന്നതിനു മുമ്പുള്ള കഥയാണ്. തെരുവ് വിളക്ക് കൊളുത്തുന്ന വൃദ്ധനായ ഒരാൾ കൈയ്യിലൊരു റാന്തൽ വിളക്കും പിടിച്ചു നടക്കുന്നു. വഴിയിലെ ഓരോ വിളക്കു കാലുകളിലും കയറി വെളിച്ചം കൊളുത്തുന്നു. വീണ്ടും മുന്നോട്ട് പോകുന്നു. ഇരുട്ടിലൂടെ അദ്ദേഹം സഞ്ചരിക്കുന്ന വഴികളിലെല്ലാം വെളിച്ചം നിറച്ചു ദൂരേക്ക് നടന്നു പോകുന്നു, എന്തു സുന്ദരമായ കാഴ്ച!

ഇതുപോലെ പോകുന്ന വഴികളിലെല്ലാം സന്തോഷം നിറക്കാൻ ഒരാൾക്കാവുമോ?

നിങ്ങൾ രാവിലെ ജോലി സ്ഥലത്തേക്ക് പോകുകയാണെന്ന് കരുതൂ. രാവിലെ എണീക്കാൻ അല്പം വൈകിയതു മൂലം ഓടിക്കിതച്ചാണ് ഒരുവിധം ബസ് പിടിച്ചത്. നേരം വൈകിയതു കാരണം ആകെ അസ്വസ്ഥനുമാണ്. അപ്പോഴാണ് ബസ്സിൽ കയറിയയുടനെ കണ്ടക്ടർ ഒരു പുഞ്ചിരിയോടെ നിങ്ങളെ സ്വീകരിച്ച് ഒരു സീറ്റ് കാണിച്ചു തരുന്നത്. സീറ്റിൽ തൊട്ടരികിൽ പരിചയമുള്ള ഒരാൾ ഇരിക്കുന്നു. അവർ നിങ്ങളോട്: "You look nice today!" എന്ന് പറയുകയും ചെയ്യുന്നു. ഓഫീസിലേക്ക് കയറിച്ചെല്ലുമ്പോൾ സെക്യൂരിറ്റി ഒരു പുഞ്ചിരിയോടെ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഒന്നു രണ്ട് സഹപ്രവർത്തകരും പുഞ്ചിരിയോടെ Good morning! വിഷ് ചെയ്ത് നിങ്ങളെ കടന്നു പോകുന്നു. ഡെസ്കിലിരുന്ന് മെയിലുകൾ പരിശോധിക്കുന്ന സമയത്ത്, കഴിഞ്ഞ ദിവസം നിങ്ങൾ ചെയ്ത ഒരു വർക്കിനെ അഭിനന്ദിച്ചുകൊണ്ട് ഒരു മെയിൽ ശ്രദ്ധയിൽപ്പെടുന്നു.

രാവിലെയുണ്ടായിരുന്ന അതേ മൂഡിലായിരിക്കുമോ പിന്നീടുണ്ടായ സമയങ്ങളിലെല്ലാം നിങ്ങളായിരിക്കുക? തീർച്ചയായും അല്ല. കാരണം അതിനിടക്ക് ഒരുപാടു കാര്യങ്ങൾ സംഭവിച്ചിരിക്കുന്നു.

എന്താണ്‌ അവിടെയെല്ലാം മാറ്റം കൊണ്ടു വന്നത്? വഴിയേ നടന്ന ചില ഇന്ററാക്ഷനുകളാണ് അതിനു കാരണമായത്. പ്രധാനമായും, വാക്കാലോ അല്ലാതെയോ ഉള്ള അംഗീകരിക്കലുകളാണ് അവിടെ നടന്നത്. ട്രാൻസാക്ഷണൽ അനാലിസിസിൽ, എറിക് ബേൺ ഇതിനെ വിളിച്ചത് 'പോസിറ്റീവ് സ്ട്രോക്ക്' എന്നാണ്. പോസിറ്റീവ് സ്ട്രോക്ക് എന്ന മാജിക്കൽ തന്ത്രത്തിന് ഈ ലോകം തന്നെ മാറ്റിമറിക്കാനും സന്തോഷം നിറക്കാനുമുള്ള ശക്തിയുണ്ട്. അതൊന്നുകിൽ ഒരു പുഞ്ചിരി അല്ലെങ്കിലൊരു ഹസ്തദാനം, അഭിവാദനം, മുതുകിൽ ഒന്ന് തട്ടൽ, പ്രോത്സാഹനത്തിന്റെയോ പ്രശംസയുടെയോ ഒരു വാക്ക് പറയൽ, ഒന്ന് തലയാട്ടൽ അങ്ങനെ എന്തുമാകാം.

അംഗീകരിക്കുകയോ അംഗീകരിക്കപ്പെടുന്ന തോന്നലുണ്ടാക്കുകയോ ചെയ്യുന്ന ഏതൊരു കാര്യവും ഒരു പോസിറ്റീവ് സ്ട്രോക്കാണ്. ഏതൊരാളും അംഗീകാരം ഇഷ്ടപ്പെടുന്നുണ്ട്. എന്നാൽ പലപ്പോഴും നമ്മൾ മറ്റുള്ളവരെ അംഗീകരിക്കാനും അവർ ചെയ്ത നന്മകളെ അഭിനന്ദിക്കുവാനും മടി കാണിക്കും. അതിനു പകരം അവർ ചെയ്ത തെറ്റുകളെയോ പിഴവുകളെയോ പർവ്വതീകരിച്ച് കാണിക്കുകയും ചെയ്യും.

'നല്ലത് പറഞ്ഞാൽ ആളുകൾ മോശമാവും', 'അങ്ങനെയിപ്പോൾ നല്ലത് പറയണ്ട' തുടങ്ങി പല ചിന്തകൾ മറ്റുള്ളവരെ അംഗീകരിക്കുന്നതിൽ നിന്ന് നമ്മെ പിടിച്ചു നിർത്തും. ഏതെങ്കിലും രീതിയിലുള്ള ഒരംഗീകാരം ഓരോരുത്തരും ആഗ്രഹിക്കുന്നുണ്ട്. അത് നല്ല രീതിയിലുള്ളത് കിട്ടിയില്ലെങ്കിലാണ് മോശമായവയെ ചോദിച്ചു വാങ്ങുന്ന പ്രവണതയുണ്ടാകുന്നത്.

മറ്റുള്ളവരെ അംഗീകരിച്ചു ശീലമില്ലാത്തവർക്ക് തുടക്കത്തിൽ അതു നൽകാൻ നല്ല പ്രയാസമായിരിക്കും. എങ്കിലും അതു കൊടുത്തു തന്നെ ശീലിക്കണം. തഥൈവ, ജീവിതത്തിൽ നല്ല വാക്കുകൾ കിട്ടി ശീലിക്കാത്തവർക്ക് അത് സ്വീകരിക്കാനും പ്രയാസമുണ്ടായിരിക്കും. ചിലയാളുകളോട് അവരുടെ നന്മ പറഞ്ഞാൽ അത് ലവലേശം പോലും പരിഗണിക്കാതിരിക്കുന്നത് കണ്ടിട്ടില്ലേ..?
"ഇന്ന് ഭംഗിയായിട്ടുണ്ടല്ലോ" എന്ന് പറഞ്ഞാൽ "ഓ അത് ഈ ഡ്രസ്സ്‌ ഇട്ടത്കൊണ്ടാണ്", അല്ലെങ്കിൽ "അങ്ങനെയൊന്നുമില്ല, നിങ്ങൾക്ക് തോന്നുന്നതാണ് ", "നിങ്ങൾ വെറുതെ പറയുന്നതാണ്" എന്നൊക്കെ പറഞ്ഞവർ ഒഴിഞ്ഞു മാറും.

ആരെങ്കിലും എന്തെങ്കിലും നല്ലത് പറഞ്ഞാൽ അതങ്ങ് പൂർണ്ണ മനസ്സോടെ സ്വീകരിക്കുക എന്നതാണ് ചെയ്യാനുള്ള ഒരു കാര്യം.

നന്മകൾ കാണുകയും, അംഗീകരിക്കുകയും, അത് പരസ്പരം തുറന്നുപറയുകയും അതു സ്വീകരിക്കുകയുമൊക്കെ ചെയ്യുന്ന ലോകം സങ്കല്പിച്ചു നോക്കൂ. പോകുന്ന വഴികളിലെല്ലാം വെളിച്ചം പകരുന്നയാളെപ്പോലെ, ചെന്നെത്തുന്നിടങ്ങളിലെല്ലാം സ്നേഹവും സന്തോഷവും നിറക്കാൻ ഇതിലപ്പുറം എന്ത്‌ വേണം!

അപ്പോൾ, ഇന്ന് മുതൽ ഇതൊന്ന് പ്രാക്ടീസ് ചെയ്തു നോക്കൂ..

അഭിപ്രായങ്ങള്‍