ഉണങ്ങാത്ത മുറിവുകൾ!


ചില സന്ദർഭങ്ങളിൽ ഒരാവശ്യവുമില്ലാതെ പൊട്ടിത്തെറിക്കുന്ന ആളുകളെ ശ്രദ്ധിച്ചിട്ടുണ്ടോ?


തന്റെ മുന്നിലിരിക്കുന്നവരോട്, അല്ലെങ്കിൽ കൂടെയുള്ളവരോട്, സ്വന്തം കുട്ടികളോട്, ജീവിത പങ്കാളിയോട്, വിദ്യാർഥികളോട്, സഹപ്രവർത്തകരോട് ഒക്കെയും ചുമ്മാ ഒരാവശ്യവുമില്ലാതെ പൊട്ടിത്തെറിക്കുന്നവരെ!


"ഇത്ര ദേഷ്യപ്പെടാൻ മാത്രം ഇതിലെന്തിരിക്കുന്നു?" എന്ന് തോന്നുന്ന ചെറിയ കാര്യങ്ങളിൽ പോലും എന്തു കൊണ്ടായിരിക്കും അനിയന്ത്രിതമായി പൊട്ടിത്തെറിക്കുന്നത്?


പലപ്പോഴും അവരവരുടെ ഉള്ളിൽ തന്നെയുള്ള മാനസികമോ വൈകാരികമോ ആയ ഉണങ്ങാത്ത മുറിവുകളാകാം പലരും ഇങ്ങനെ ക്ഷോഭിക്കാൻ കാരണം.  


പരിഹരിക്കപ്പെടാത്ത മാനസിക ക്ഷതങ്ങൾ ചുമന്നു കൊണ്ടു നടക്കുന്ന വ്യക്തി, കലശലായ വേദന മൂലം അതിൻ്റെ രക്തച്ചൊരിച്ചിൽ പല രീതിയിലായിരിക്കും പ്രകടിക്കുക. 

ദേഷ്യം, സങ്കടം, നിരാശ തുടങ്ങിയ പെട്ടെന്നുള്ള വൈകാരിക ക്ഷോഭ്യങ്ങൾക്കാണ്‌ സാധ്യത കൂടുതൽ.


ചിലർ മദ്യം, മയക്കുമരുന്ന്, അമിതമായ ഭക്ഷണം, പട്ടിണി കിടക്കുക തുടങ്ങി  സ്വയം-നശിപ്പിക്കുന്ന സ്വഭാവങ്ങളിൽ ഏർപ്പെട്ടേക്കാം.


ചിലരെയത് അസുഖങ്ങൾ, വിട്ടുമാറാത്ത വേദന പോലുള്ള ശാരീരിക, ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം.


ഇത്തരം മുറിവുകൾക്ക് സ്വയമേ ശമനം കണ്ടെത്തിയില്ലെങ്കിൽ അത് സ്വന്തം ജീവിതത്തെയും, മറ്റുള്ളവരുമായുള്ള ബന്ധത്തെയും കാര്യമായി ബാധിക്കും.


പല പ്രശ്നങ്ങളും ഒരുപാട് കാലങ്ങളായി ഉള്ളിൽ കൊണ്ടു നടക്കുന്ന മുറിവുകൾ കാരണമായതു മൂലം അവ സുഖപ്പെടുത്തുന്നതിന് സമയമെടുത്തെന്നും വരാം.


സ്വയം ഹീൽ ചെയ്യപ്പെടേണ്ടതുണ്ട് എന്ന് തോന്നിയാൽ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ മനസ്സിലൂടെ കടന്ന് പോകുന്നതെന്താണെന്ന് തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുകയെന്നതാണ്. ഇത് സങ്കടമോ, ദേഷ്യമോ, നിരാശയോ മറ്റെന്തെങ്കിലും വികാരമോ ആകാം. യാതൊരു മുൻവിധിയും മടിയും കൂടാതെ ഈ വികാരങ്ങൾ അനുഭവിക്കാൻ നിങ്ങളെ അനുവദിക്കുക.


ക്ഷമ ശീലിക്കുക; വൈകാരിക മുറിവുകൾക്ക് കാരണമായേക്കാവുന്ന ഏതെങ്കിലും വേദന മറ്റുള്ളവർ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ  ക്ഷമിക്കുക. ദോഷകരമായ ആ പെരുമാറ്റം നിങ്ങൾ അംഗീകരിക്കുന്നു എന്നല്ല ഇതിനർത്ഥം, പ്രത്യുത നിങ്ങളെ വളരാൻ അനുവദിക്കാതെ തടഞ്ഞുനിർത്തിയേക്കാവുന്ന വലിയൊരു ഭാരത്തിൽ നിന്ന് മോചനം നേടുകയെന്നാണ്.


കുറച്ചു സമയം സ്വന്തത്തിന് വേണ്ടി മാറ്റി വെക്കുക; മറ്റുള്ളവർക്ക് വേണ്ടി ചെലവഴിക്കുന്ന സമയത്തിന്റെ കൂടെ കുറച്ചു സമയം സ്വന്തത്തിന് വേണ്ടിയും മാറ്റി വെക്കുക, ശാരീരികമായും മാനസികമായും വൈകാരികമായും സ്വയം ശുശ്രൂഷിക്കുക. വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, മതിയായ ഉറക്കം, ധ്യാനം, അല്ലെങ്കിൽ നിങ്ങൾക്ക് സന്തോഷം നൽകുന്ന പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഇതിലുൾപ്പെടാം.


പിന്തുണ തേടുക; പിന്തുണയ്‌ക്കായി വിശ്വസ്ഥരായ സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ സമീപിക്കുക. നിങ്ങളുടെ വിഷമങ്ങളെക്കുറിച്ച് മറ്റൊരാളോട് ഉള്ള് തുറന്ന് സംസാരിക്കുന്നത് തന്നെ ഒരുപാട് ഭാരം കുറക്കാൻ സഹായിക്കും.


മുകളിൽ പറഞ്ഞതിനെല്ലാമുപരി 

ഒരു തെറാപ്പിസ്റ്റിൽ നിന്നോ കൗൺസിലറിൽ നിന്നോ മറ്റു മാനസികാരോഗ്യ പ്രൊഫഷണലുകളിൽ നിന്നോ കൗൺസിലിങ് നേടുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.


സെൽഫ് ഹീലിംഗ് ഒരു യാത്രയാണെന്നോർക്കുക. വൈകാരികമായി പൂർണ്ണമായും സുഖപ്പെടാൻ സമയമെടുത്തേക്കാം.  ക്ഷമയോടെയിരിക്കുക, പരിചരണം തുടരുക.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കുട്ടികൾ മണ്ണിലിറങ്ങണോ?

ഇഷ്ടമുള്ള ജോലി, ഇഷ്ടമുള്ള സ്ഥലത്ത്; ഗിഗ് ഇക്കോണമി ബിഗ് ആകുന്നു

കുരുമുളകും കണ്ടെന്റും.