തേച്ചു മിനുക്കുന്നതിനനുസരിച്ചു തിളങ്ങുന്ന നമ്മൾ.
ഒരു വീട് ഒരുപാട് കാലം ഒട്ടും ഉപയോഗിക്കാതെ അടച്ചിട്ടാൽ എന്തു സംഭവിക്കും? ആ വീട് വീണ്ടും ഉപയോഗക്ഷമമാക്കാൻ ഒരുപാട് കേടുപാടുകൾ തീർക്കേണ്ടി വരില്ലേ? എന്നാൽ താമസമുള്ള ഒരു വീടിന് അത്ര തന്നെ കേടുപാടുകൾ വരണമെന്നില്ല. ഒരുപാട് കാലം നിർത്തിയിട്ട വാഹനങ്ങൾ, ഉപയോഗമില്ലാത്ത ഉപകരണങ്ങൾ എല്ലാം അങ്ങിനെത്തന്നെ.
ഏറെക്കുറെ ഇതുപോലത്തന്നെയാണ് ഉപയോഗിക്കാതെ വെക്കുന്ന നമ്മുടെ കഴിവുകളും!
ഒത്തിരിക്കാലം മടിപിടിച്ചിരുന്നാൽ പിന്നീട് ജോലി ചെയ്യാൻ പ്രയാസമായിരിക്കും. കുറച്ചു കാലം കിടപ്പിലായാൽ ആരോഗ്യം തിരിച്ചു പിടിക്കാൻ സമയമെടുക്കും. ദീർഘ നാൾ വ്യായാമം ചെയ്യാതിരുന്നാൽ ശരീരത്തിന് ബലക്ഷയം സംഭവിക്കും. ചെറിയ കാര്യങ്ങൾ ചെയ്യാൻ പോലും നല്ല അധ്വാനം വേണ്ടി വരും.
നമ്മുടെ തലച്ചോറിൻ്റെ വളർച്ചയും ഇങ്ങനെത്തന്നെയാണ്. ന്യൂറൽ പ്ലാസ്റ്റിസിറ്റി എന്നാണ് ഈ പ്രക്രിയയെ പറയുന്നത്. Use it, or lose it തിയറിയനുസരിച്ചാണ് നമ്മുടെ തലച്ചോർ പ്രവർത്തിക്കുന്നത്. അഥവാ ബ്രെയിൻ സെൽസ് ഉപയോഗത്തിൻ്റെ തോതനുസരിച്ച് വളർന്നുകൊണ്ടിരിക്കുന്നു.
പുതിയ അനുഭവങ്ങൾ ഉണ്ടാകുമ്പോൾ പുതിയ ന്യൂറൽ കണക്ഷനുകൾ ഉണ്ടാകുന്നു. വീണ്ടും വീണ്ടും അതേയനുഭവമുണ്ടാകുമ്പോൾ ആ കണക്ഷൻ ശക്തമാവുന്നു. അഥവാ അനുഭവങ്ങളുടെ വർധനവിനനുസരിച്ച് ബ്രെയിൻ സെല്ലുകൾ വികസിച്ചുകൊണ്ടേയിരിക്കുന്നു. പ്രത്യുത, ഉപയോഗമില്ലാതിരിക്കുമ്പോൾ ബ്രെയിൻ സെല്ലുകൾ അടുത്ത സെല്ലുമായി കമ്മ്യൂണിക്കേഷൻ നടത്തുന്നില്ല. തദവസരത്തിൽ അതിന്റെ ഫങ്ഷൻ കുറയുന്നു. അഥവാ, ഒരു കഴിവുണ്ടായിരിക്കുകയും അതു പിന്നീട് ഉപയോഗരഹിതമാവുകയും ചെയ്യുമ്പോൾ Neural pruning എന്ന പ്രതിഭാസം നടക്കുന്നു.
ഉദാഹരണത്തിന്, നമ്മുടെ കയ്യിന്റെ ഒരു എല്ലൊടിഞ്ഞ് കുറച്ചുകാലം പ്ലാസ്റ്റർ ഇടുന്നുവെന്ന് കരുതുക. ദിവസങ്ങൾക്കു ശേഷം അത് തുറന്നാലുള്ള അവസ്ഥ എന്തായിരിക്കും? ആ കൈയ്യിന് മറ്റേ കൈയ്യിനെക്കാൾ തടിയും ആരോഗ്യവും ആപേക്ഷികമായി കുറവായിരിക്കും. ദിവസങ്ങളോളം ഒരവയവം ഉപയോഗക്ഷമമല്ലാതിരിക്കുമ്പോൾഅതിലേക്കുള്ള സപ്ലൈ ചുരുക്കാൻ ബ്രെയിൻ സന്ദേശമയക്കുന്നതു മൂലമാണിത്. ഹെഡ്ജ് പ്ലാന്റുകൾ വെട്ടിയൊതുക്കുന്നത് കണ്ടിട്ടില്ലേ. അതുപോലെ ഉപയോഗിക്കാത്ത കഴിവുകളുടെ കണക്ഷനുകൾ ദുർബലമാകുന്നതിനനുസരിച്ച് തലച്ചോറവയെ വെട്ടിയൊതുക്കി മറവിയിലേക്ക് കൊണ്ടു പോകുന്നു. അഥവാ, ബ്രെയിനിൽ ശേഖരിച്ച കാര്യങ്ങൾ ഉപയോഗിക്കുന്നവയാണെങ്കിൽ ഉപഭോഗത്തിനനുസരിച്ചു വളരുകയും അല്ലാത്ത പക്ഷം അവ നശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
ശാരീരിക വ്യായാമം പോലെത്തന്നെയാണ് മനസ്സിന്റെ വ്യായാമവും. ശാരീരിക വ്യായാമത്തിനനുസരിച്ച് ആരോഗ്യം പുഷ്ടിപ്പെടുന്നത് പോലെ എപ്പോഴും സജീവമായിരുന്നാൽ മാനസികമായും കൂടുതൽ ചുറുചുറുക്കോടെയിരിക്കാനാവും.
അവശ്യ കാര്യങ്ങൾക്കു വേണ്ടി കൂടുതൽ സമയം ചെലവഴിക്കുന്നതോടൊപ്പം അനാവശ്യമായ സംഗതികൾക്ക് സമയമില്ലാതാവുകയും അവക്ക് വേണ്ട പ്രാധാന്യം കിട്ടാതെ വരുമ്പോൾ അവ സജീവമല്ലാതാവുകയും ചെയ്യുന്നു.
നിങ്ങൾക്ക് മാറ്റം വരുത്തണം എന്നു തോന്നുന്ന കാര്യങ്ങൾ ഒട്ടും ചെയ്യാതിരിക്കുക, അവ പതിയെ മാഞ്ഞു പൊയ്ക്കോളും. ഒട്ടും ശ്രദ്ധ കൊടുക്കാതിരിക്കുമ്പോൾ അവ വിസ്‌മൃതിയിലാണ്ടു പോവും.
വ്യക്തിപരമായ വളർച്ചക്ക് ബ്രെയിനിന്റെ ഈ കഴിവ് ഉപയോഗപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ എപ്പോഴും സജീവമായിരിക്കുക, ക്രിയാത്മകമായിരിക്കുക എന്നതൊക്കെയാണ്.
പുതിയ സാധ്യതകൾ അന്വേഷിക്കുക, പുതിയ കാര്യങ്ങൾ പഠിക്കുക, പുതിയ കഴിവുകൾ ആർജ്ജിക്കുക, പുതിയ കോഴ്‌സുകൾ ചെയ്യുക, ഉള്ള കഴിവുകൾ നവീകരിക്കുക, പരിചയമുള്ള മേഖലയിൽ പുതിയ കണ്ടെൻ്റുകൾ ക്രിയേറ്റ് ചെയ്യുക, പുതിയ തലമുറയെ കോച്ച് ചെയ്യുക, മെന്ററിങ് ചെയ്യുക തുടങ്ങി നിങ്ങളെ സജീവമാക്കി നിർത്തുന്നതെന്താണെന്ന് മനസ്സിലാക്കി അവ ചെയ്യാൻ ശ്രമിക്കണം.
തേച്ചു മിനുക്കുന്നതിനനുസരിച്ചു തിളങ്ങുന്നവരാണ് നമ്മൾ.
.jpeg)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ