എന്തിന് വേണ്ടി നില കൊള്ളുന്നു?

 


പലപ്പോഴും, ചെയ്യേണ്ട കാര്യങ്ങളെന്തെല്ലാം എന്നതിനേക്കാൾ കൂടുതൽ, എന്തെല്ലാം കാര്യങ്ങൾ ചെയ്യേണ്ടതില്ല എന്നതിനായിരിക്കും നമ്മൾ ശ്രദ്ധ കൊടുക്കുന്നത്. 


കുട്ടികളോടുള്ള നമ്മുടെ സംസാരം ശ്രദ്ധിച്ചു നോക്കൂ. അത് ചെയ്യരുത്, ഇത്‌ ചെയ്യരുത്, അങ്ങോട്ട് പോകരുത്, അവിടെ തൊടരുത്, ഒച്ചയുണ്ടാക്കരുത് തുടങ്ങി ഒരുപാട് അരുതുകളായിരിക്കും കൂടുതൽ പറയുന്നത്. പകരം, എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമാക്കില്ല. അതല്ലെങ്കിൽ, എന്ത്‌ ചെയ്യണമെന്ന് പറഞ്ഞു കൊടുക്കാൻ നമുക്ക് കഴിയാറില്ല.


മറ്റൊരു ഉദാഹരണം പറയാം:

ഞാൻ ഒരു ടാക്സി വിളിക്കുന്നു. സ്വാഭാവികമായും എങ്ങോട്ടാണ് പോകേണ്ടതെന്ന് ഡ്രൈവർ ചോദിക്കും. അപ്പോൾ ഞാൻ പറയുന്നു: "എനിക്ക്‌ കോഴിക്കോട് പോകേണ്ട"

"ഓക്കേ, പിന്നെ എങ്ങോട്ടാണ് പോകണ്ടത് ?"

"എനിക്ക്‌ ഗുരുവായൂർ പോകേണ്ട"

"പിന്നെ?"

"പിന്നെ, എനിക്ക്‌ എറണാകുളത്തും പോകേണ്ട"

ഇതുകൂടെ കേൾക്കുമ്പോൾ സ്വാഭാവികമായും ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെടും, ദേഷ്യപ്പെടും.

"നിങ്ങൾക്ക് എങ്ങോട്ടാണ് പോകേണ്ടതെന്ന് പറയൂ മിസ്റ്റർ! അല്ലെങ്കിൽ വണ്ടിയിൽ നിന്നിറങ്ങൂ, പോയിട്ട് വേറെ പണിയുണ്ട്"

"എനിക്ക്‌ തൃശൂർ റെയിൽവേ സ്റ്റേഷനിലേക്കാണ് പോകേണ്ടത്"

"എന്നാൽ പിന്നെ അതങ്ങ് നേരത്തെ പറഞ്ഞാൽ പോരായിരുന്നോ?"


ഇവിടെ ടാക്സി ഡ്രൈവറോട് എനിക്ക്‌ ആകെ പറയേണ്ടത് എങ്ങോട്ടാണ് പോകേണ്ടതെന്ന് മാത്രമാണ്. പോകേണ്ടതില്ലാത്ത സ്ഥലങ്ങൾ പറഞ്ഞു സമയം കളയുന്നതെന്തിനാണ്.


നമ്മുടെ പല സാഹചര്യങ്ങളും ഇങ്ങനെത്തന്നെ. വേണ്ട കാര്യങ്ങൾ വ്യക്തമായി പറയില്ല. അല്ലെങ്കിൽ നമ്മൾ നിലകൊള്ളുന്ന വിഷയത്തിൽ ഒന്നും ചെയ്യാതിരിക്കുകയും, മറ്റു പല കാര്യങ്ങൾക്കും ശ്രദ്ധയും സമയവും ചെലവഴിക്കുകയും ചെയ്യുന്നു.


ഒരു വ്യക്തി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുമ്പോൾ, സ്വന്തം പാർട്ടിയുടെ വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം എതിർ പാർട്ടികളോട് മത്സരിച്ചു നിൽക്കുന്നതായിരിക്കും കൂടുതൽ ശ്രദ്ധിക്കുക. അവരുടെ ചാനൽ ചർച്ചകൾ ശ്രദ്ധിച്ചു നോക്കൂ. സ്വന്തം വീക്ഷണങ്ങളോ പാർട്ടി നിലപാടുകളോ പറയുന്നതിനപ്പുറം, എതിരാളികളുടെ ആശയങ്ങളെ ഖണ്ഡിക്കുന്നതിനായിരിക്കും അവർ ഔത്സുക്യം കാണിക്കുക. രാഷ്ട്രീയ പാർട്ടികളുടെ ഇലക്ഷൻ പ്രചരണങ്ങൾ ശ്രദ്ധിച്ചാലും ഇങ്ങനെ കാണാം. സ്വന്തം ആശയാദർശങ്ങളും, ചെയ്ത പ്രവർത്തികളും, ഭാവിയിൽ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളും പറഞ്ഞു വോട്ട് പിടിക്കുന്നതിനേക്കാൾ, എതിർ പാർട്ടിയുടെ കുറ്റങ്ങളും കുറവുകളും കണ്ടെത്തി അത് ഘോരം വിളിച്ചു പറഞ്ഞായിരിക്കും പ്രചരണം നടത്തുന്നത്. അവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ശ്രദ്ധിച്ചു നോക്കൂ, അവയും മിക്കവാറും എന്തിനെയെങ്കിലും എതിർക്കുന്നവയായിരിക്കും.


ഒരുപാടൊരുപാട് കാര്യങ്ങളെ നിരന്തരം എതിർത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവരാവാം നമ്മൾ. എന്നാൽ ഞാനെന്തിനു വേണ്ടി നില കൊള്ളുന്നു എന്നതിൽ വ്യക്തതയുണ്ടാവില്ല. ഒരു കാര്യത്തിന് വിഘ്നം നിൽക്കുന്നതിലേറെ ഭംഗി ഒരു കാര്യത്തിന് വേണ്ടി പ്രവർത്തിക്കുന്നതല്ലേ..?


അതാണ് പോസിറ്റീവ് സൈക്കോളജി പറയുന്നത്. ഒരു സംഗതിയുടെ വീഴ്ചകളും, പോരായ്മകളും സാകൂതം ശ്രദ്ധിക്കുന്നതിന് പകരം, നല്ല വശങ്ങളിൽ ശ്രദ്ധ ചെലുത്തുക. അഥവാ, എപ്പോഴും എതിർ ചേരിയിൽ പ്രവർത്തിക്കുന്നതിനു പകരം നല്ലതെന്തെങ്കിലും ലക്ഷ്യമാക്കി പ്രവർത്തിക്കുക.


"To change something, build a new model that makes the existing model obsolete." 

എന്ന് Buckminster Fuller പറഞ്ഞിട്ടുണ്ട്. പഴയ കാര്യങ്ങളിൽ മാറ്റം കൊണ്ടുവരാൻ പുതിയവ നിർമ്മിച്ചെടുക്കുക. പഴയതുകൾ താനെ മറഞ്ഞു പൊയ്ക്കോളും.


ഇതുപ്രകാരം നമ്മുടെ പ്രവർത്തന രീതികളിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചു നോക്കൂ. ഒരുപാട് കാര്യങ്ങളെ എതിർക്കുന്നതിനു പകരം, നിങ്ങൾ നിലകൊള്ളുന്നവയ്ക്ക് വേണ്ടി പ്രവർത്തിച്ചു നോക്കൂ.


പുതിയ ടെക്നോളജിയിലേക്ക് ആളുകളെ ആകർഷിപ്പിക്കണമെങ്കിൽ പഴയതിനെ തഴയേണ്ടതില്ല. കൊണ്ടുവരുന്ന പുതിയ ടെക്നോളജിക്ക് വേണ്ടി അശ്രാന്തം പ്രവർത്തിക്കുക. നിങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന വിദ്യാഭ്യാസക്രമത്തിന്, നിലവിലുള്ളതിനെ എതിർക്കണമെന്നില്ല. നിങ്ങളുടെ പദ്ധതിയിൽ തന്നെ കൂടുതൽ അധ്വാനിക്കുക. നിങ്ങളുടെ വിശ്വാസങ്ങൾ ശക്തമാക്കാൻ ഇതര വിശ്വാസങ്ങളുള്ളവരെ എതിർക്കേണ്ട, നിങ്ങൾ വിശ്വസിക്കുന്നതിൽ അടിയുറച്ച് നിലകൊള്ളുക. ഒരു രാജ്യത്തിന്റെ പുരോഗതിക്ക് മറ്റു രാജ്യങ്ങളെ നശിപ്പിക്കേണ്ടതില്ല, സ്വന്തം രാജ്യ പുരോഗതിക്കാവശ്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക.


ഓരോ വിഷയങ്ങളുടെയും പ്രശ്നങ്ങളിൽ മാത്രം ഇടപെടുന്നതിനു പകരം അവയുടെ പരിഹാരത്തിൽ ശ്രദ്ധിച്ചു നോക്കൂ. ലോകം കുറച്ചുകൂടി സമാധാനപൂർണ്ണമാവും.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കുട്ടികൾ മണ്ണിലിറങ്ങണോ?

ഇഷ്ടമുള്ള ജോലി, ഇഷ്ടമുള്ള സ്ഥലത്ത്; ഗിഗ് ഇക്കോണമി ബിഗ് ആകുന്നു

കുരുമുളകും കണ്ടെന്റും.