ഒരു പേരിലെന്തിരിക്കുന്നു?


ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കുന്നവരുണ്ട്.

'ഒരു പേരിലാണ് ഞാൻ ഇരുന്നു പോയത്' പ്രാഞ്ചിയേട്ടൻ സിനിമയിലെ ഡയലോഗ് കേട്ടിട്ടില്ലേ? 
അച്ഛന്റെ അരിക്കച്ചവടം കാരണം കിട്ടിയ 'അരിപ്രാഞ്ചി' എന്ന പേര് മാറിക്കിട്ടാൻ, സ്വർണ്ണക്കട വരെ നടത്തിയിട്ടും 'സ്വർണ്ണക്കട നടത്തുന്ന അരിപ്രാഞ്ചി' എന്ന പേര് വീണ പ്രാഞ്ചിയേട്ടൻ!

സ്വന്തം പേരിലും, അച്ഛന്റെ പേരിലും, തറവാട്ടു പേരിലും, വിളിപ്പേരിലും, വട്ടപ്പേരിലുമൊക്കെ ഇരുന്നുപോയവർ നിരവധിയാണ്. സ്വന്തം പേരിന്റെ തന്നെ ഭാരം താങ്ങാനാവാതെ ജീവിക്കുന്നവരുമുണ്ട്.

നല്ല ഇടിവെട്ട് പേരൊക്കെയുള്ള ഒരാളെന്തെങ്കിലും അബദ്ധം ചെയ്‌താൽ,
"അയ്യേ, പേരൊക്കെ കേട്ടാൽ തോന്നും നിങ്ങളൊരു സംഭവമാണെന്ന്" എന്ന് കേൾക്കേണ്ടി വന്നവരുണ്ടാകും! സ്വന്തം പേരുകാരണം വിദേശ രാജ്യങ്ങളിൽ വരെ പോകാൻ കഴിയാത്തവർ നമുക്കിടയിലുണ്ട്.

ഒരാൾ ജനിക്കുമ്പോൾ ഒരു പേരും കൂടെ ജനിക്കുന്നു. മനുഷ്യന് മാത്രമല്ല, എന്തിനും നമുക്കൊരു പേര് വേണം. ഒട്ടും നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ഒന്നാണ് നമ്മുടെ പേര്. ജനിച്ചപ്പോഴേ ആരോ വിളിച്ച ആ പേരും പേറി ജീവിതകാലം മുഴുവൻ നടക്കേണ്ടി വരുന്നവർ!

ഓരോ പേരിലും ഒളിഞ്ഞും തെളിഞ്ഞും ജാതിയും, മതവും തറവാടും, പാരമ്പര്യവും എല്ലാം തിരുകിക്കയറ്റും നമ്മൾ.

പണ്ട് കീഴാളന് ഒരു കുഞ്ഞുണ്ടായാൽ മേലാളന്റെ മേൽനോട്ടത്തിൽ കുഞ്ഞിന് ചാത്തു, കറുമ്പൻ, മാടൻ എന്നൊക്കെ പേരിട്ടു കളയും. തമ്പ്രാൻ്റെ വീട്ടിലെ ഉണ്ണികൾക്കാണെങ്കിൽ പത്മനാഭൻ, അച്യുതൻ, വിശ്വംഭരൻ, പാർവതി, ലക്ഷ്മി, സുഭദ്ര എന്നൊക്കെ എടുപ്പുള്ള ദൈവങ്ങളുടെ പേരിടും.

ഒരാചാരമുണ്ട് തമിഴ്നാട്ടിൽ, സന്താനങ്ങളില്ലാത്ത ദമ്പതികൾ ദൈവത്തോട് പ്രാർത്ഥിക്കും: "എനിക്കൊരു കുഞ്ഞിനെ ലഭിച്ചാൽ വളരെ മോശം പേരിട്ട് അവരെ വളർത്തിക്കൊള്ളാമേ...." അങ്ങനെ കുട്ടി ജനിച്ചാൽ രക്ഷിതാക്കൾ ഹാപ്പി!
പിന്നെ ദൈവവുമായുള്ള കരാർ പ്രകാരം കുഞ്ഞിന് മോശം പേരിടും. 'കുശു' എന്നും 'പീ' എന്നുമൊക്കെ കുട്ടികൾക്ക് പേരിട്ടിരുന്നതായി കേട്ടിട്ടുണ്ട്. ആ കുട്ടി, പേരു കാരണം ജീവിതമേ മടുത്ത് പോകും.

ചിലർ മുതിർന്നാൽ പേര് മാറ്റും. ചിലയാളുകൾ പേരൊന്നും വകവെക്കാതെ രക്ഷപ്പെടുന്നവരുമുണ്ട്. ഗൂഗിൾ CEO സുന്ദർ പിച്ചെയെ പോലെ. (സുന്ദരനായ പിച്ചക്കാരൻ, സുന്ദരമായ പിച്ച/ദാനം അല്ലെങ്കിൽ ദൈവത്തിന്റെ ദാനം എന്നൊക്കെ ആ പേരിന് അർത്ഥം വെക്കാം)

പണ്ടൊക്കെ നമ്മുടെ പേര് നമ്മുടെ നാട്ടിൽ മാത്രം പറഞ്ഞാൽ മതിയായിരുന്നു. ഇന്ന് ലോകം മുഴുക്കെ ബന്ധങ്ങളുള്ളതുകൊണ്ട് പല രാജ്യക്കാരോടും നമ്മുടെ പേര് പറഞ്ഞു പിടിപ്പിക്കേണ്ടതുണ്ട്.

നീണ്ട പേരുള്ളത് കൊണ്ട് സ്കൂളിൽ ഹാജർ വിളിക്കുമ്പോൾ പതിവായി കളിയാക്കപ്പെടുന്ന കൂട്ടുകാർ മുതൽ 'A' യിൽ തുടങ്ങുന്ന പേര് കാരണം എന്ത് കാര്യത്തിനും ആദ്യം കയറേണ്ടി വരുന്നതും, 'Z' ഇൽ തുടങ്ങുന്ന പേരുള്ളവൻ എല്ലാവരുടേതും കഴിഞ്ഞ് അവസാന ഊഴം കിട്ടുന്നതും, വിനയൻ എന്ന പേരുള്ളതുകൊണ്ട് ജീവിതം കാലം മുഴുവൻ വിനയാന്വിതനായിരിക്കേണ്ടി വരുന്നതും, 'ശശി' എന്ന പേരുകൊണ്ട് പരിഹസിക്കപ്പെടുന്നതും കണ്ടിട്ടുണ്ട്.

പേരിൽ ഇടുങ്ങിപ്പോകുന്നവർക്ക് രക്ഷപ്പെടാൻ, അല്ലെങ്കിൽ സ്വന്തം ഇഷ്ടത്തിനനുസരിച്ചു സ്വന്തം പേരിടാൻ വളരെ ലളിതമായ ഒരു സംവിധാനം പത്താം ക്ലാസിലെങ്കിലും വേണമെന്നാണ് എന്റെ ഒരിത്.

ജനന സർട്ടിഫിക്കറ്റിലെ പേര് വേണ്ടാത്തവർക്ക് എന്ത് പേരാണ് വേണ്ടതെന്നു തീരുമാനിക്കാനും അവർക്കിഷ്ടമുള്ള പേര് സ്വീകരിക്കാനുമുള്ള ഒരവസരം കിട്ടിയാൽ രക്ഷിതാക്കളിടുന്ന പേരും പേറി നടക്കേണ്ട അവസ്ഥ വരില്ല.

ഇനി പറയൂ, സ്വന്തം പേരിൽ നിങ്ങൾ തൃപ്തരാണോ? സ്വന്തം പേരിടാനുള്ള അവസരം നിങ്ങൾക്ക് കിട്ടിയിരുന്നെങ്കിൽ എന്ത്‌ പേരായിരിക്കും നിങ്ങൾ തെരഞ്ഞെടുക്കുക..?

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കുട്ടികൾ മണ്ണിലിറങ്ങണോ?

ഇഷ്ടമുള്ള ജോലി, ഇഷ്ടമുള്ള സ്ഥലത്ത്; ഗിഗ് ഇക്കോണമി ബിഗ് ആകുന്നു

കുരുമുളകും കണ്ടെന്റും.