കൊച്ചു കൊച്ചു സന്തോഷങ്ങൾ!

 


കുറെ വർഷങ്ങൾ കഴിഞ്ഞ് നിങ്ങളുടെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ കുറച്ചല്പം സന്തോഷത്തോടെ ഓർക്കുന്ന നിമിഷങ്ങളെന്തൊക്കെയായിരിക്കും?
നിങ്ങൾ ചെയ്ത വലിയ വലിയ കാര്യങ്ങളായിരിക്കുമോ? അതോ വലിയ കാര്യങ്ങൾക്കിടയിൽ ചെയ്ത ചെറിയ സംഗതികളായിരിക്കുമോ?

ഒരു സർക്കാർ ജോലി നേടിയിട്ടു വേണം സന്തോഷിക്കാൻ, കുറച്ചു കൂടെ പണമുണ്ടാക്കി ഒരു കാറ് വാങ്ങണം, എന്നിട്ടു വേണം ഒന്നർമ്മാദിക്കാൻ, വീടുപണി തീർത്തിട്ടു വേണം ജീവിതമാസ്വദിക്കാൻ, കുട്ടികളായിട്ട് വേണം ആനന്ദിക്കാൻ, കുട്ടികൾ മുതിർന്നിട്ട് വേണം, റിട്ടയർ ചെയ്തിട്ട് വേണം ജീവിതം സമാധാനപൂർവ്വം അനുഭവിക്കാൻ... ഇങ്ങനെ വലിയ ലക്ഷ്യങ്ങൾ കൈവരിച്ചിട്ടു വേണം സന്തോഷം കണ്ടെത്താൻ എന്നാണ് പലപ്പോഴും നമ്മൾ കരുതുന്നത്.

വലിയ ലക്ഷ്യങ്ങൾക്കു പിറകെ പോകുമ്പോൾ നഷ്ടപ്പെടുന്ന ഒന്നുണ്ട്, ചെറിയ ചെറിയ കാര്യങ്ങളിൽ കണ്ടെത്താവുന്ന സന്തോഷങ്ങൾ!

നിങ്ങളുടെ പ്രണയ കാലത്ത്, അല്ലെങ്കിൽ കാമുകീ,കാമുകന്മാർ സല്ലപിക്കുന്ന സമയങ്ങളിൽ അവരെന്തായിരിക്കും സംസാരിക്കുന്നുണ്ടാവുക? ആഗോള പ്രശ്നങ്ങളായിരിക്കുമോ അതോ ചെറിയ കാര്യങ്ങളായിരിക്കുമോ?
തീർച്ചയാണ്, ചെറുതുകളായിരിക്കും.
ചെറിയ കാര്യങ്ങളിൽ സന്തോഷിക്കാൻ എളുപ്പമാണ്.

സാധാരണം എന്ന് നമുക്ക് തോന്നുന്ന കാര്യങ്ങളായിരിക്കാം പിന്നീടുള്ള കാലത്ത് ഓർത്തിരിക്കാനും സന്തോഷിക്കാനുമുള്ള സുഖകരമായ നിമിഷങ്ങൾ. നിങ്ങളുടെ പ്രിയപ്പെട്ടവരുമൊത്തുള്ള വൈകുന്നേര നടത്തങ്ങൾ, രാവിലെയുള്ള ജോഗിങ്, തട്ടുകടയിലെ ചായകുടിക്കൽ, ഒരു കാര്യവുമില്ലാതെ ഊടുവഴികളിലൂടെ ബൈക്കോടിച്ചു പോകുന്നത്, ചെറിയ ഔട്ടിങ്ങുകൾ, ഒരുമിച്ചുള്ള കുക്കിങ് പരീക്ഷണങ്ങൾ, ഒരു ചെടി നടുന്നത്, ഒരുമിച്ച് പാട്ട് കേൾക്കുന്നത്, സിനിമ കാണുന്നത്, നട്ടപ്പാതിരാക്ക് ഒരു കട്ടനിട്ട് കുടിക്കുന്നത്, നമ്മളെ സ്നേഹിക്കുന്നവരുടെ കൂടെ അവരാഗ്രഹിക്കുന്നത്രയും സമയം ചിലവഴിക്കുന്നത്, ഇഷ്ടപ്പെട്ട ആളെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കുന്നത്, മനസ്സിനിണങ്ങിയ ഭക്ഷണം കഴിക്കുന്നത് അങ്ങിനെയങ്ങനെ പറഞ്ഞാൽ തീരാത്തത്ര കൊച്ചു കൊച്ചു ആനന്ദ നിമിഷങ്ങൾ..

ഒരു യാത്രയിൽ, ലക്ഷ്യസ്ഥാനത്തെത്തി കാഴ്ചകൾ കണ്ടാസ്വദിക്കുന്നതും, സഞ്ചരിക്കുന്ന വഴികളിലെ കാഴ്ചകളെല്ലാം ആസ്വദിച്ചു പോകുന്നതും തമ്മിൽ വലിയ വ്യത്യാസമില്ലേ? യാത്രയിലെ ഓരോ നിമിഷവും ആസ്വദിക്കുക. വലിയ ലക്ഷ്യങ്ങളുടെ കൂടെ ചെറിയ സന്തോഷങ്ങളും ശ്രദ്ധിക്കുക. ഇപ്പോഴുള്ള നിമിഷങ്ങളിലേക്ക് നോക്കുക, ഓരോ നിമിഷവും സന്തോഷകരമാവും.

ഒരുപാട് കാലങ്ങൾക്ക് ശേഷം ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഓർത്തിരിക്കാൻ സുഖമുള്ള നിമിഷങ്ങൾ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കുട്ടികൾ മണ്ണിലിറങ്ങണോ?

ഇഷ്ടമുള്ള ജോലി, ഇഷ്ടമുള്ള സ്ഥലത്ത്; ഗിഗ് ഇക്കോണമി ബിഗ് ആകുന്നു

കുരുമുളകും കണ്ടെന്റും.