നമ്മളെക്കൊണ്ടൊന്നും പറ്റില്ല ഭായീ!..
"കുറച്ചുകാലം മുമ്പായിരുന്നെങ്കിൽ നോക്കാമായിരുന്നു, പഠിക്കേണ്ട സമയത്ത് പഠിച്ചില്ല, അന്ന് പഠിച്ചിരുന്നെങ്കിൽ ഇപ്പൊ ഞാൻ ആരായേനെ?, നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാനെന്നോ രക്ഷപ്പെട്ടേനെ!"
പുതുതായി എന്തെങ്കിലും ചെയ്യേണ്ടി വന്നാൽ നമ്മൾ പറയുന്ന ഒഴിവുകഴിവുകളിൽ ചിലതാണിത്. ഇനിയുമുണ്ടൊരുപാട്.
"എനിക്ക് വായനശീലമില്ല, ഉണ്ടെങ്കിൽ ഒരു കൈ നോക്കാമായിരുന്നു. ഒന്നും ഇൻവെസ്റ്റ് ചെയ്തില്ല. ചെയ്തിരുന്നെങ്കിൽ ഇപ്പൊ കൈയ്യിൽ നല്ല കാശുണ്ടായേനെ, ഇന്ന ഇന്ന കഴിവൊക്കെയുണ്ടായിരുന്നെങ്കിൽ രക്ഷപ്പെട്ടേനെ, കുറച്ചുകൂടി സാമ്പത്തികശേഷിയുള്ള കുടുംബത്തിൽ ജനിച്ചിരുന്നെങ്കിൽ, എനിക്ക് കുറച്ചൂടെ സൗന്ദര്യമുണ്ടായിരുന്നെങ്കിൽ, ഇവളെ കല്യാണം കഴിച്ചില്ലായിരുന്നെങ്കിൽ.."
പണ്ട് ഗ്രാമർ പഠിക്കുന്ന കാലത്ത് Impossible clause എന്നാണിതിനെ ടീച്ചർ വിശേഷിപ്പിച്ചതെന്ന് തോന്നുന്നു. അതായത് മേൽ പറഞ്ഞ കാര്യങ്ങൾ കഴിഞ്ഞകാലത്ത് നടക്കേണ്ടിയിരുന്നതാണ്, അതുകൊണ്ടുതന്നെ ആ കാര്യങ്ങൾ ഇനി നടക്കില്ല.
പഴയ കാലത്തേക്ക് ടൈം ട്രാവൽ ചെയ്ത്, നേരത്തെ പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്ത് തിരിച്ചുവരാൻ കഴിയില്ല എന്ന് നമുക്കറിയാം. ശരിക്കും, ഇനി ഒന്നും ചെയ്യാതിരിക്കാനുള്ള Excuse ആയി പറയുന്ന കാര്യങ്ങളല്ലേ ഇത്!
ഇനിയാകെ നമുക്കുള്ളത് ഇപ്പോഴുള്ളതും ഇനിയങ്ങോട്ടുള്ള ജീവിതവുമാണ്. നിങ്ങളേത് പ്രായത്തിലുമാകട്ടെ, ഇപ്പോൾ എന്തെങ്കിലും ചെയ്യാമല്ലോ. ഇനിയുള്ള കാലവും ബാക്കിയുണ്ടല്ലോ.
ഒന്നുകിൽ ഇപ്പോഴുള്ളതിൽ സംതൃപ്തരാവുക. അല്ലെങ്കിൽ നേടാനാഗ്രഹിക്കുന്ന കാര്യങ്ങൾ കൈവരിക്കാനാവശ്യമായവ ചെയ്യുക. കഴിഞ്ഞ കാലത്ത് സേവ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ഇനി സേവിങ്സ് തുടങ്ങാമല്ലോ. മുമ്പ് വായിച്ചില്ലെങ്കിലും ഇനിയും വായിക്കാമല്ലോ. ഭാഷ പഠിച്ചിട്ടില്ലെങ്കിൽ ഇനിയുമാവാമല്ലോ..
നമ്മുടെ തലച്ചോറിന് ഒരു പ്രത്യേകതയുണ്ട്!
ഏത് പ്രായത്തിലും പുതിയ കാര്യങ്ങൾ ചെയ്യുന്നതിനനുസരിച്ച് തലച്ചോറിൽ പുതിയ ന്യൂറൽ കണക്ഷനുകളുണ്ടാകും. പുതിയ പാഠങ്ങൾ പഠിക്കാൻ കഴിയും, നമ്മൾ എത്രത്തോളം പരിശ്രമിക്കുന്നോ അത്രത്തോളം Expert ആകാൻ കഴിയും, നമുക്ക് വളരാൻ കഴിയും.
വ്യക്തിപരമായ അനുഭവത്തിൽ, ഒരിക്കൽ എനിക്ക് ചെയ്യാൻ കഴിയാത്ത അല്ലെങ്കിൽ കഴിയില്ല എന്ന് ഞാൻ വിശ്വസിച്ചിരുന്ന പല കാര്യങ്ങളും പിന്നീട് അനായാസം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. അപ്രകാരം, ഔദ്യോഗിക വിദ്യാഭ്യാസം കഴിഞ്ഞ ശേഷം സ്വന്തം പരിശ്രമത്തിലൂടെ ഒരുപാട് പുതിയ കാര്യങ്ങൾ പഠിക്കാനും കഴിഞ്ഞിട്ടുണ്ട്.
ഇനി പറയൂ, നിങ്ങൾക്ക് ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന എന്തൊക്കെ കാര്യങ്ങളുണ്ട്, അതുണ്ടാക്കാൻ ഇനിയെന്തെങ്കിലും ചെയ്യാനാവുമോ? അങ്ങനെ ചെയ്യാനാവുമെങ്കിൽ ഒരു ചെറിയ സ്റ്റെപ്പെങ്കിലും വെച്ചു തുടങ്ങിക്കൂടെ?
ഇനിയും വർണ്ണപ്പട്ടമായിക്കൂടെ..?
.jpeg)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ