എന്താണ് വിജയം?
‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ സിനിമയിലെ മുകുന്ദൻ ഉണ്ണി ഒരു കേസ്സില്ലാ വക്കീലാണ്. അദ്ദേഹം തനിക്ക് 30 വയസ്സാകുമ്പോഴേക്ക് ജീവിതത്തിൽ വിജയിക്കണം എന്ന ലക്ഷ്യം വെച്ച് തീവ്രമായ ആഗ്രഹത്തോടെ കഠിനപ്രയത്നം നടത്തുന്നു. കുറച്ചു വർഷങ്ങൾ കൂടെ കഴിയുമ്പോഴേക്കും കഠിന പ്രയത്നത്തിലൂടെ ആഗ്രഹിച്ച വിജയം എത്തിപ്പിടിക്കുന്നു!
എന്നാൽ ഉണ്ണിക്ക് തന്റെ വിജയം ആസ്വദിക്കാൻ കഴിയുന്നില്ല! കാരണം അപ്പോഴാണ് ചുറ്റുമുള്ള കാഴ്ചകൾ ഉണ്ണിയെ ആസ്വസ്ഥനാക്കുന്നത്.
താൻ 'തേച്ചിട്ട്' പോയ കാമുകി തന്നേക്കാൾ 'വലിയ' ഒരാളുമായി കല്യാണം കഴിക്കാൻ പോകുന്നു, തന്റെ കീഴിൽ ജോലി ചെയ്യുന്നയാൾ താൻ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണിനേക്കാൾ 'ഉയർന്ന നിലയിലുള്ള' ഒരാളെ കല്യാണം കഴിക്കാൻ പോകുന്നു! പിന്നെയാണ് മുകുന്ദൻ ഉണ്ണി മറ്റാരും ഇന്നേ വരെ സഞ്ചരിക്കാത്ത വഴികളിലൂടെ പ്രാന്തനെപ്പോലെ സഞ്ചരിക്കുന്നത്.
യഥാർത്ഥത്തിൽ ഒരാൾ എപ്പോഴാണ് വിജയിക്കുന്നത്?
തനിക്ക് വിജയിക്കാൻ എന്താണ് വേണ്ടത് എന്ന് ഒരാൾ സ്വയം തീരുമാനിച്ചു അത് നേടുക എന്നതാണ് വിജയം. നമ്മുടെ വിജയത്തിന് മറ്റൊരാൾ മാനദണ്ഡ മാകാതിരിക്കുക, നമ്മുടെ മാനദണ്ഡം നമ്മളാവുക.
ഒരു വീട് വെക്കുമ്പോൾ, ജോലി നേടുമ്പോൾ, വിവാഹം ചെയ്യുമ്പോൾ, ബിസിനസ് ചെയ്യുമ്പോൾ എല്ലാം ഈ ചുറ്റുപാടുകൾ നമ്മെ സ്വാധീനിക്കാറുണ്ട്.
അയൽവാസിയുടെ വീടിനെക്കാൾ വലുതൊരെണ്ണം വെക്കണം!
അങ്ങനെ ഒരു വീട് വെച്ച് സന്തോഷത്തോടെയിരിക്കുമ്പോഴായിരിക്കും തൊട്ടടുത്ത് അതിനേക്കാൾ വലിയൊരു വീടുയരുന്നത്, അതോടെ വീട് വെച്ച സന്തോഷം പോയിപ്പോകും.
മാത്രമല്ല ആ വീട് വെച്ചയാളോട് അസൂയയും.
ഈ കെണിയിൽ പെട്ടു പോകാതിരിക്കുമ്പോഴാണ് നമ്മുടെ വിജയം നമുക്കാസ്വദിക്കാൻ കഴിയുന്നത്.
പലപ്പോഴുംനമ്മൾ ഓരോ കാര്യവും ചെയ്യുന്നത് മറ്റുള്ളവരുടെ ശ്രദ്ധ നേടാനാണ്, മറ്റുള്ളവരുടെ അംഗീകാരമാണ് നമ്മെ സന്തോഷിപ്പിക്കുന്നത്.
മറ്റുള്ളവർ അംഗീകരിക്കുന്നില്ലെങ്കിലും സന്തോഷിക്കാൻ കഴിയുക എന്നത് വലിയ കാര്യം തന്നെയാണ്.
വേറെയൊരാൾ ഉയർന്ന് വരുമ്പോൾ ഞാൻ കഴിവില്ലാത്തവനാണെന്ന തോന്നലുണ്ടാകുന്നത് ആരോഗ്യകരമല്ല.
മറ്റുള്ളവരുടെ വിജയം നമ്മെ ആസ്വസ്ഥമാക്കുന്നുണ്ടെങ്കിൽ അത് വളരെ മോശമായ അസൂയയാണ് ആ അസൂയയെ സ്വയം ദേഷ്യം (self anger) എന്ന് വിളിക്കാം. ഈ സ്വയം ദേഷ്യം നമ്മൾ മറ്റുള്ളവരുടെ നേരെ തിരിക്കുന്നു.
എന്നെക്കാൾ നന്നായി ട്രെയിനിനിംഗ് നടത്തുന്ന അല്ലെങ്കിൽ ഏതെങ്കിലും മേഖലയിൽ നേട്ടങ്ങളുണ്ടാക്കുന്ന ഒരാളെ കണ്ടാൽ എനിക്ക് അതിനെ വിവിധ രീതിയിൽ സമീപിക്കാം.
എനിക്ക് അദ്ദേഹത്തെ കണ്ട് പഠിക്കാം, അദ്ദേഹത്തിന്റെ കൂടെ കൂടാം, അദ്ദേഹത്തെ എന്റെ കമ്പനിയിൽ കൂട്ടാം, എന്നെപോലെയുള്ള ഒരാൾ എന്നെക്കാൾ സക്സസ് ആയി അത്കൊണ്ട് എനിക്കും വിജയിക്കാം എന്ന സാധ്യത കാണാം.
തന്റെ ബിസിനസ്സിൽ മത്സരിക്കാൻ അതേ ബിസിനസിൽ വിജയിച്ച ഒരാളുണ്ടെങ്കിൽ അതിന്റെയർത്ഥം ഞാൻ ചെയ്യുന്ന ബിസിനസ് വിജയിക്കാൻ കഴിയുന്ന ഒന്നാണ് എന്നുകൂടിയാണ്, ഇങ്ങനെയൊക്കെ മറ്റുള്ളവരുടെ വിജയത്തെ നമുക്ക് കാണാൻ കഴിയുമെങ്കിൽ നമ്മൾ കൂടുതൽ ശക്തരാവുന്നു.
എന്നാൽ എപ്പോഴാണ് നമ്മൾ ശക്തരല്ലാതാവുന്നത്?
ഒരാൾ വിജയിച്ചാൽ അവന്റെ കുറ്റങ്ങൾ കണ്ടെത്തുക, അവരെ എങ്ങനെ തകർക്കാം എന്ന് നോക്കുക, അവനെ തളർത്താൻ നോക്കുക, അവരുടെയടുത്ത് വരുന്ന കസ്റ്റമറെ എങ്ങനെ തിരിക്കാം എന്ന് നോക്കുക, ഇത്തരം കാര്യങ്ങൾ ചിന്തിച്ചുകൊണ്ടേയിരിക്കുക, അങ്ങനെ ചിന്തിച്ച് ചിന്തിച്ച് അത് സ്വന്തത്തിന് തന്നെ ദ്രോഹമാവുന്നു.
ശരിക്കും പവർഫുൾ ആയ ഒരാളെ കാണുമ്പോൾ നമ്മളും പവർഫുൾ ആവുകയല്ലേ വേണ്ടത്?
വളരെ പോസിറ്റീവ് ആയ ഒരു അസൂയയുമുണ്ട്.
ഇവിടെ ഒരാളുടെ വളർച്ച നമ്മൾ കാണുന്നു, "ആഹാ! ഇത് കൊള്ളാല്ലോ!" എന്ന് മനസ്സിലാക്കുന്നു. ഇവിടെ അസൂയ നമ്മോട് പറയുന്നത് എനിക്കും അത് വേണം എന്നാണ്.
എന്റെ അതേ വരുമാനത്തിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് നല്ല ഒരു കാറെടുക്കുന്നു, എനിക്കും അത് പോലെ ഒരെണ്ണം വേണം എന്ന് തോന്നുന്നു. അപ്പോൾ എനിക്കുള്ള ആരോഗ്യകരമായ മാർഗ്ഗങ്ങൾ അവൻ എത്ര രൂപയ്ക്കാണ് ഈ കാറ് വാങ്ങിച്ചത്? എത്രയാണ് ഡൌൺ പേയ്‌മെന്റ്? എങ്ങനെയാണ് മാസ തവണ പ്ലാൻ ചെയ്തത് ? എവിടുന്ന് ഈ കാറ് വാങ്ങിച്ചു? ഇവയൊക്കെ ചർച്ച ചെയ്യാം എന്നതാണ്.
ഇവിടെ "എന്നെപ്പോലെ ഈ വരുമാനമുള്ളയൊരാൾക്കും ഈ കാറ് വാങ്ങിക്കാമല്ലേ!" എന്ന ഒരു സാധ്യതയാണ് ഉണ്ടാക്കുന്നത്.
അപ്പോൾ അവനവന്റെ വിജയം എന്താണെന്ന് അറിയുക, എനിക്ക് വിജയിക്കാൻ എന്താണ് വേണ്ടത് എന്ന് മനസ്സിലാക്കുക, നല്ല തീരുമാനങ്ങൾ എടുക്കുക, നമ്മുടെ ജീവിതം നമ്മുടേതാവട്ടെ...
✍️Khamarudheen KP
Mukundan Unni Associates, Vineeth Sreenivasan
#mukundanunniassociates #VineethSreenivasan #success
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ