മുതിർന്നവർക്കൊരിടം!


മുംബൈയിൽ ഒരു 'നാനാ-നാനി'  പാർക്കുണ്ട്. നാനാ-നാനി എന്നാൽ മുത്തശ്ശൻ-മുത്തശ്ശി എന്നർത്ഥം. ടൗണിലെ ബാക്കിയെല്ലാ പാർക്കുകളും പൊതു ഇടങ്ങളും ചെറുപ്പക്കാർ കയ്യടക്കിയപ്പോൾ അവിടുത്തെ മുതിർന്ന ആളുകൾക്ക് വേണ്ടി 

ഗിർഗാം ചൗപാട്ടിക്ക് സമീപം ഒരു പബ്ലിക് ചാരിറ്റി ട്രസ്റ്റ് തുടങ്ങിയ പാർക്കാണിത്.


മുതിർന്ന പൗരന്മാർക്ക് ഒത്തുകൂടാൻ വേണ്ട സൗകര്യങ്ങൾ, 

യോഗ ഗ്രൂപ്പുകൾ , മെഡിറ്റേഷൻ സൗകര്യം , ലാഫിംഗ് സെഷനുകൾ, വ്യായാമം ചെയ്യാനുള്ള സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾ ഈ പാർക്കിലെ ആകർഷണങ്ങളാണ്. മുതിർന്ന പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.


നമ്മുടെ കേരളത്തിലെ ജന സംഖ്യയിൽ 16.5% ശതമാനവും മുതിർന്ന പൗരന്മാരാണ്.

ഇന്ത്യയിൽ മുതിർന്ന പൗരന്മാരുടെ ആനുപാതം ഏറ്റവും കൂടുതലുള്ള സംസ്ഥാനവും കേരളമാണ്.

അതുകൊണ്ട് തന്നെ  മുതിർന്നയാളുകൾ  ഓരോ വീട്ടിലുമുണ്ടാകും. എന്നാൽ നമ്മുടെ നാട്ടിൽ ഇവരുടെ സമയം എത്രമാത്രം ക്രിയാത്മകമായി ഉപയോഗിക്കുന്നു എന്നത് വലിയ ചോദ്യമാണ്.


മുൻപൊക്കെ മുതിർന്നവരെ കേൾക്കാൻ ആളുകളുണ്ടായിരുന്നു. മുത്തശ്ശിക്കഥകളും, മുത്തശ്ശന്മാരുടെ വീരഗാഥയും കേട്ടാണ് കൂട്ടികൾ വളർന്നിരുന്നത്.

അന്ന് മുതിർന്നവരിൽ നിന്നാണല്ലോ കൂടുതൽ അറിവുകൾ കിട്ടിയിരുന്നത്, തീരുമാനങ്ങളൊക്കെ എടുത്തിരുന്നതും അവരായിരുന്നു.


എന്നാൽ കാലം മാറി, കഥ മാറി. ഇന്ന് അറിവിന്റെ ലോകം ഓരോരുത്തരുടെയും വിരൽത്തുമ്പിലായതുകൊണ്ട് മുതിർന്നവരെ കേൾക്കാൻ ആളില്ലാത്ത അവസ്ഥയാണ്.


ആരോഗ്യ സംരക്ഷണത്തിന്റെ കൂടെ മുതിർന്നയാളുകളുടെ പ്രധാന ആവശ്യം  അവരെ കേൾക്കുക, പരിഗണിക്കുക, അവർക്ക് വേണ്ട ഇടമുണ്ടാവുക എന്നിവയൊക്കെയാണ്. എന്നാൽ തിരക്കിനിടക്ക് അവരെ കേൾക്കാൻ ആർക്കാണ് സമയം?


അതുകൊണ്ട് തന്ന മുതിർന്നവർ അവരുടെ ആവശ്യങ്ങൾ ശ്രദ്ധിക്കാതെ വരുമ്പോൾ അല്ലെങ്കിൽ അവർക്ക് വേണ്ട ശ്രദ്ധയും പരിഗണനയും കിട്ടാതെ വരുമ്പോൾ അത് പ്രകടിപ്പിക്കുന്നത് പലപ്പോഴും ദേഷ്യത്തിലൂടെയായിരിക്കും. അത് അവരോടുള്ള വീട്ടുകാരുടെ സമീപനത്തെ വീണ്ടും ബാധിക്കും.


എന്നാൽ ഇതിന് പരിഹാരം ഓരോ ഗ്രാമത്തിലും അവർക്ക് ക്രിയേറ്റിവ് ആയ സ്‌പേസ് ഉണ്ടാവുക എന്നതുകൂടെയാണ് .

മുതിർന്ന പൗരന്മാർക്ക് ഗവണ്മെന്റിന്റെ 'വയോമിത്രം' പോലെയുള്ള പദ്ധതികൾ ഉണ്ടെങ്കിലും അതിലെല്ലാം കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് അവരുടെ ആരോഗ്യ കാര്യങ്ങളിലാണ്. അതുകൊണ്ടുതന്നെ അവർക്ക് ഇപ്പോഴുള്ള പൊതു ഇടം നാട്ടിലെ ബാക്കിയുള്ള ചായക്കടകൾ മാത്രമാണ്.


എന്നാൽ മുംബൈ ബാംഗ്ലൂർ പോലെയുള്ള സിറ്റികളിൽ പോലും ഓരോ വാർഡിലും ഓരോ പാർക്കും അവിടെ മുതിർന്നവരുടെ കൂട്ടായ്മയും പരസ്പരം ഷെയർ ചെയ്യാനുള്ള അവസരവും ഒരുമിച്ചുള്ള ക്രിയാത്മകമായ പ്രവർത്തനങ്ങൾക്കുള്ള ഇടവുമുണ്ട്.


തിരക്കുള്ള സിറ്റികളിൽ വരെ പാർക്കുകൾക്ക് സ്ഥലം കാണുമ്പോഴും നമ്മുടെ ഭരണത്തിന്റെ ഉന്നത സ്ഥാനത്തിരിക്കുന്ന ഭൂരിപക്ഷവും മുതിർന്ന പൗരന്മാരായിട്ട് പോലും   നമ്മുടെ വികസന അജണ്ടയിൽ എന്തുകൊണ്ട് ഇത്‌ വരുന്നില്ല? 


രാവിലെയോ വൈകീട്ടോ ഒന്ന് നടക്കാൻ പോലും ഉള്ള സൗകര്യം നമ്മുടെ നാട്ടിലുണ്ടെന്ന് തോന്നുന്നില്ല, പ്രത്യേകിച്ച് ഗ്രാമങ്ങളിൽ! റോഡിലൂടെ നടക്കാനിറങ്ങിയാൽ ഒന്നുകിൽ വണ്ടിയിടിക്കും, സൈഡിലൂടെ നടന്നാൽ കാട് പിടിച്ചത് കാരണം പാമ്പ് കടിക്കും, അല്ലെങ്കിൽ പട്ടി കടിക്കും എന്ന അവസ്ഥയാണ്.


മുതിർന്ന പൗരന്മാർക്ക് ഒരു മോണിംഗ് വാക്കിനോ ഈവെനിംഗ് വാക്കിനോ, ചുമ്മാ ഇരിക്കാനോ ഉള്ള സ്ഥലങ്ങൾ പഞ്ചായത്തിന്റെ/ മുനിസിപ്പാലിറ്റിയുടെ വികസന അജണ്ടയിൽ വരേണ്ടതാണ്.

ഓരോ ഗ്രാമങ്ങളിലും പട്ടണങ്ങളിലും വയോജനങ്ങൾക്ക് വേണ്ടിയുള്ള ഇടങ്ങൾ ഉണ്ടാവേണ്ടതുണ്ട്.


എന്നെപ്പോലെയുള്ളവരുടെ ഒരു  തലമുറ മുതിർന്ന് വളർന്ന് വന്ന് റിട്ടയർ ആകുമ്പോഴേക്കെങ്കിലും പരസ്പരം ഒരുമിച്ചിരിക്കാനും, കാണാനും, സംസാരിക്കാനും, ഷെയർ ചെയ്യാനും, ഇച്ചിരി റൊമാന്റിക് ആകാനും ഉള്ള പ്ലാറ്റ്ഫോമുകൾ ഉണ്ടായി വരട്ടെ.

അതുവഴി ജീവിതം അവസാന ശ്വാസം വരെ കൂടുതല്‍ സജീവവും ക്രീയാത്മകവും സംതൃപ്തവുമാക്കാൻ കഴിയട്ടെ.


✍️ Khamarudheen KP

Chief Operating Officer

Happiness Route

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കുട്ടികൾ മണ്ണിലിറങ്ങണോ?

ഇഷ്ടമുള്ള ജോലി, ഇഷ്ടമുള്ള സ്ഥലത്ത്; ഗിഗ് ഇക്കോണമി ബിഗ് ആകുന്നു

കുരുമുളകും കണ്ടെന്റും.