വലിയ യാത്രയിലെ ചെറിയ നേട്ടങ്ങൾ.
"ഞാനൊന്നുമായില്ല!"
"എന്തൊക്കെ പ്രതീക്ഷകളായിരുന്നു!, എനിക്ക് മാത്രമെന്താണിങ്ങനെ?" "ഞാൻ എവിടെപ്പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഗതി!"
ജീവിതത്തിൽ 'വിജയിച്ചില്ല' എന്ന തോന്നലുണ്ടാകുമ്പോഴാണ് സ്വയം കുറ്റപ്പെടുത്തുന്ന ഇത്തരം ചിന്തകൾ ഉണ്ടാവുന്നത്. എന്നാൽ വലിയ ഒരു ചോദ്യം, എപ്പോഴാണ് നമ്മൾ വിജയിക്കുന്നത് എന്നതാണ്
വലിയ ലക്ഷ്യങ്ങളോടെ ജീവിക്കുന്നവരായിയിരിക്കും നമ്മൾ. ഒരു മികച്ച ബിസിനസുകാരനാവണം, കോടീശ്വരനാവണം, ഒരുപാട് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യണം, ലോകം അറിയണം, ഒരുപാട് പുസ്തകങ്ങൾ വായിക്കണം, ഒരുപാട് അറിവു നേടണം, ധാരാളം പേരെ സ്വാധീനിക്കണം, നല്ല ജോലി ലഭിക്കണം അങ്ങനെയങ്ങനെ..
അതിനും പുറമെ, ജീവിതത്തിൽ 'വിജയിച്ചവരായി' നമ്മൾ വിശ്വസിക്കുന്ന വ്യക്തികളുമായോ, ബിസിനസ്സ് ഗുരുക്കളുമായോ, സഞ്ചാരികളുമായോ നമ്മൾ സ്വയം താരതമ്യം ചെയ്യുന്നുമുണ്ടാകാം. ഒന്നുമില്ലെങ്കിൽ, നമ്മുടെ കൂടെ പഠിച്ചവരുമായിട്ടെങ്കിലും.അതിൻ്റെയെല്ലാം അവസാനം സ്വയം കുറ്റപ്പെടുത്തലുകളുമായിരിക്കും.
നമ്മൾ മാതൃകയാക്കുന്ന, ജീവിതത്തിൽ 'വിജയിച്ചു' എന്ന് കരുതുന്ന പലരും ഒരു ദിവസംകൊണ്ട് വിജയിച്ചവരാവില്ല. അവർക്കെല്ലാം ഒരുപാട് കാലത്തെ പ്രയത്‌നങ്ങളുണ്ടാകും. എന്നാൽ അവരുടെ വിജയം ലോകരറിയുന്നത് പെട്ടെന്നൊരു ദിവസമായിരിക്കാമെന്നു മാത്രം.
ആ വിജയങ്ങളുടെ പിന്നിലെല്ലാം അവരാ നിലയിലെത്താൻ സഹായകമായ ചിന്താഗതിയുടെയും, കാഴ്ചപ്പാടിന്റെയും, പ്രയത്നങ്ങളുടെയും, പരാജയങ്ങളുടെയും, പ്രതിസന്ധികളുടെയും കഥകൾ കൂടിയുണ്ടാവും. ഈ കഥകളൊക്കെയും അവരുടെ വിജയത്തിന്റെ നിഴലിൽ മറഞ്ഞു പോകുന്നു.
ഒന്നാലോചിച്ചു നോക്കൂ, നമ്മെ കുറ്റപ്പെടുത്താൻ ഒരുപാട് പേരുണ്ടാകും. നമ്മൾ മാത്രമല്ല നമ്മളെ കുറ്റപ്പെടുത്തുന്നത്. മറ്റുള്ളവരെ മാതൃകയായിക്കണ്ട് സ്വയം കുറ്റപ്പെടുത്തുന്നത് നമ്മുടെ ലക്ഷ്യങ്ങളിലേക്ക് നമ്മെ നയിക്കില്ല.
ജീവിതത്തിൽ 'വിജയിച്ച' ശേഷം മാത്രം സന്തോഷിക്കാമെന്ന് കരുതിയാൽ ഒരിക്കലുമതിന് കഴിഞ്ഞെന്ന് വരില്ല.
വലിയ ജീവിത യാത്രയിലെ ചെറിയ വിജയങ്ങൾ നമുക്ക് കാണാൻ കഴിയാറുണ്ടോ? ചെറിയ വിജയങ്ങൾ ആഘോഷിക്കുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അതോ വലിയ വിജയങ്ങളെ മാത്രമേ വിലമതിക്കേണ്ടതുള്ളൂ എന്നാണോ? നമ്മൾ ഇപ്പോഴുള്ള അവസ്ഥയിൽ എത്തുന്നതിനിടയിൽ തന്നെ ഒരുപാട് ചെറുതും വലുതുമായ നേട്ടങ്ങൾ ലഭിച്ചിട്ടില്ലേ? അവയെക്കുറിച്ചൊന്ന് ആലോചിക്കൂ. നമ്മളവയെ അംഗീകരിച്ചിട്ടുണ്ടോ? അതിന്റെ പേരിൽ സന്തോഷിച്ചിട്ടുണ്ടോ?
നമ്മൾ സ്വയമളക്കുന്നത് മറ്റുള്ളവരെ അളവുകോലാക്കിയാണ്. അവരുടെ വേഗതക്കനുസരിച്ച് നമുക്കും ഓടിയെത്താൻ കഴിഞ്ഞുകൊള്ളണമെന്നില്ല. ഓരോരുത്തർക്കും ഓരോ വേഗതയുണ്ട്. നമ്മുടെ വേഗത സ്വയം കണ്ടെത്തുക.
വലിയ വിജയങ്ങളിലേക്കെത്താൻ കാത്തിരിക്കുകയാണെങ്കിൽ, ഇപ്പോൾ ജീവിക്കുന്നതിന്റെ രസം നഷ്‌ടമാകും! വലിയ യാത്രയിലെ ചെറിയ ചെറിയ ലക്ഷ്യങ്ങൾ പൂർത്തിയാക്കുക, അവയെത്തുമ്പോൾ സന്തോഷിക്കുക.
ഒറ്റച്ചുവടുകൊണ്ട് എവറസ്റ്റ് കീഴടക്കാൻ കഴിയില്ല. അനേകം കടമ്പകൾ കടന്നു വേണം അവിടെയെത്താൻ. എന്നാൽ, ആ യാത്രയിലെ ഓരോ ചുവടും ആസ്വദിക്കാൻ നമുക്ക് കഴിയും.
100 പുസ്തകം വായിക്കാൻ ലക്ഷ്യമിട്ട ഒരാൾ 10 പേജ് വായിച്ചാലും അതൊരു വിജയമാണ്, നല്ലൊരു ചുവടുവെപ്പാണ്.
പണ്ട് മരുഭൂമിയിലൂടെയുള്ള റോഡ് യാത്ര ദുസ്സഹമായിരുന്നു. വഴിയിൽ മണൽ നിറഞ്ഞു റോഡ് ദൃശ്യമാവാത്തത് കാരണം വഴി തെറ്റുന്നതും സാധാരണമായിരുന്നു. അക്കാലങ്ങളിൽ വഴി കാണിക്കാൻ റോഡ് സൈഡിൽ വലിയ വീപ്പകൾ പെയിന്റ് ചെയ്ത് വെക്കുമായിരുന്നു. ഒരടയാളത്തിന്റെ അടുത്തെത്തിയാൽ മാത്രമേ അതിനു ശേഷമുള്ളത് കാണുകയുള്ളൂ. വലിയ യാത്രയിലുള്ള അനേകം ചെറിയ ചെറിയ ലക്ഷ്യങ്ങൾ.
ജീവിതത്തിലെ ഓരോ ചെറിയ നേട്ടവും സന്തോഷത്തോടെ സ്വീകരിക്കുക, ആഘോഷിക്കുക. മറ്റുള്ളവരുടെ അംഗീകാരങ്ങൾക്ക് കാത്തുനിൽക്കാതെ സ്വയമംഗീകരിക്കുക. മുന്നോട്ട് മുന്നോട്ട് യാത്ര ചെയ്യുക.
.jpeg)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ