സെൽഫ് കെയർ
എത്രമാത്രം സമയങ്ങളാണ് നമ്മൾ മറ്റുള്ളവർക്കു വേണ്ടി മാറ്റിവെക്കുന്നത്! സുഹൃത്തുക്കൾക്ക്, കുടുംബത്തിന്, കുട്ടികൾക്ക്, ജീവിത പങ്കാളിക്ക്, ജോലിയാവശ്യങ്ങൾക്ക്.. അങ്ങനെയങ്ങനെ ദിവസത്തിലെ മഹാഭൂരിപക്ഷം നേരങ്ങളിലും മറ്റുള്ളവർക്ക് വേണ്ടിയല്ലേ നാം ജീവിച്ചു കൊണ്ടിരിക്കുന്നത്?
എന്തിന്, ഒരു വാഹനം പോലും എന്തു മാത്രം കരുതലോടെയാണ് നമ്മൾ പരിപാലിക്കുന്നത്! സമയാ സമയങ്ങളിൽ ചെക്കപ്പ് ചെയ്യും, സർവീസ് ചെയ്യും, എയർ പ്രഷർ ചെക്ക് ചെയ്യും, ഓയിൽ ചെക്ക് ചെയ്യും, അസ്വാഭാവികമായ ശബ്ദങ്ങളുണ്ടാകുമ്പോൾ വർക് ഷോപ്പിൽ കാണിക്കും അങ്ങനെയങ്ങനെ..
എന്നാൽ സ്വന്തത്തെ കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. തനിക്കു വേണ്ടി, സ്വയം കെയർ ചെയ്യാൻ വേണ്ടി ഒരു ദിവസം എത്ര സമയം നമ്മൾ ത്യജിക്കുന്നുണ്ട്?
സെൽഫ് കെയർ എന്ന് പറയുമ്പോൾ ആദ്യം മനസ്സിൽ വരിക, സ്റ്റാർ ഫെസിലിറ്റിയുള്ള ട്രീറ്റ്മെന്റ് സെന്ററുകളിൽ പോയി സ്പാ, ഫേഷ്യൽ, ബോഡി മസ്സാജ്, പെടിക്യൂർ, മാനിക്യൂർ പോലുള്ള ശരീരശുശ്രൂഷകൾ ചെയ്യുക എന്നിങ്ങനെയായിരിക്കും.
എന്നാൽ കുറച്ചു സമയം തനിക്കു വേണ്ടി മാറ്റി വെക്കുക എന്നതു തന്നെ സെൽഫ് കെയറിന്റെ തുടക്കമാണ്. മറ്റു തിരക്കുകൾ സൗകര്യപൂർവ്വം തിരസ്കരിച്ച് സ്വന്തത്തെ സ്നേഹിക്കാൻ തുടങ്ങുക.
എല്ലാവർക്കും ഒരേപോലെ യുക്തമാകുന്ന ഒരു സെൽഫ് കെയർ പ്രാക്ടീസില്ല. സ്വന്തത്തിന് ഉന്മേഷം പകരുന്ന, സന്തോഷം പ്രദാനിക്കുന്ന കാര്യങ്ങൾ കണ്ടെത്തുകയും അതിൽ സമയം ചെലവഴിക്കുകയും ചെയ്യുക.
എന്നെ സംബന്ധിച്ചിടത്തോളം ഫോട്ടോഗ്രഫി എനിക്ക് അങ്ങേയറ്റം സന്തോഷം തരുന്ന കാര്യമാണ്. പുറത്തിറങ്ങി വല്ല പൂവിന്റെയോ പൂമ്പാറ്റയുടെയോ ഫോട്ടോ കിട്ടിയാൽത്തന്നെ വല്ലാത്ത ആനന്ദമാണ്. എന്നാൽ ഫോട്ടോഗ്രഫി ഒട്ടുമിഷ്ടമില്ലാത്ത മനുഷ്യരും നമുക്ക് ചുറ്റുമുണ്ട്. ഒരാളുടെ സെൽഫ് കെയർ സൈക്ലിംഗ് ആണെങ്കിൽ, മറ്റൊരാൾക്ക് സൈക്ലിംഗ് വളരെ മനഃക്ലേശമായി അനുഭവപ്പെട്ടേക്കാം. അതിനാൽ, സ്വയം ആസ്വദിച്ചു ചെയ്യാവുന്ന സെൽഫ് കെയർ പ്രാക്ടീസുകൾ കണ്ടെത്തുക എന്നതാണ് പ്രധാനം.
ചിലർക്ക് നടക്കാൻ പോകുന്നതായിരിക്കും അതിനുള്ള മാർഗം. മറ്റു ചിലർക്ക് ട്രെക്കിങ്, ഹൈക്കിങ് പോലുള്ള കാര്യങ്ങളായിരിക്കാം, യാത്ര ചെയ്യുന്നതാവാം, കുട്ടികളുമൊത്ത് സമയം ചെലവഴിക്കുന്നതാവാം, അല്ലെങ്കിൽ കുട്ടികൾ കൂടെയില്ലാതെ സമയം ചെലവഴിക്കുന്നതാകാം, ചിലർക്ക് കുക്കിങ് ആയിരിക്കും, വ്യായാമം ചെയ്യുന്നതായിരിക്കാം, ഡാൻസോ മെഡിറ്റേഷനോ, ഗാർഡനിങ്ങോ ഒക്കെ ആകാം...
ഇനി ഒന്നും ചെയ്യാതെ ചുമ്മാതിരിക്കൽ പോലും തിരക്കു പിടിച്ച ജീവിതത്തിലെ സെൽഫ് കെയറാണ്. ചിലപ്പോഴെല്ലാം ചുമ്മാ മടി പിടിച്ചിരിക്കാൻ നമുക്ക് സ്വാതന്ത്ര്യം കൊടുക്കുക.
നമ്മൾ ജീവിക്കുന്ന സ്ഥലത്തിനും അന്തരീക്ഷത്തിനും അനുയോജ്യമായത് കണ്ടെത്തുക. ഗൾഫ് രാജ്യങ്ങളിൽ ജീവിക്കുന്ന വ്യക്തികൾക്ക് സെൽഫ് കെയറിന് ഹരിതാഭയും പുൽമേടുകളും തന്നെ കണ്ടെത്തണമെന്നില്ല. അവിടുത്തെ കാലാവസ്ഥക്ക് ചേരുന്ന മറ്റ് കാര്യങ്ങളുമുണ്ടാവാം, അത് തേടിച്ചെല്ലുക.
നല്ല സൗഹൃദങ്ങൾ ഉണ്ടാകുന്നതുപോലും സെൽഫ് കെയർ ആണ്. നമ്മെ ജഡ്ജ് ചെയ്യാത്ത, എന്ത് കാര്യങ്ങളും തുറന്നു പറയാൻ കഴിയുന്ന, ഉള്ളിലുള്ള പ്രയാസങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന അല്പം മനുഷ്യരുടെ സൗഹൃദവലയങ്ങൾ സൃഷ്ടിക്കുക.
നമുക്കു സംഭവിക്കുന്ന ഓരോ അസുഖങ്ങളും, എന്നെ കെയർ ചെയ്യൂ എന്നാണ് സൂചിപ്പിക്കുന്നത്. അസുഖങ്ങൾ വരാൻ കാത്തു നിൽക്കാതെ നേരത്തെ സെൽഫ് കെയർ തുടങ്ങിയാൽ കൂടുതൽ ആരോഗ്യത്തോടെയിരിക്കാനാവും.
പലപ്പോഴും സെൽഫ് കെയറിനുള്ള പോംവഴികൾ കണ്ടെത്താനാവാതെ പിരിമുറുക്കങ്ങളനുഭവിക്കുന്ന അവസ്ഥയിലാണെങ്കിൽ ഒട്ടും മടിക്കാതെ തന്നെ ഒരു മെന്റൽ ഹെൽത്ത് പ്രൊഫഷണലിന്റെയോ, ഹെൽത്ത് പ്രാക്ടീഷണറുടെയോ, കൗൺസിലറുടെയോ, തെറാപ്പിസ്റ്റിന്റെയോ അല്ലെങ്കിൽ ഒരു കോച്ചിന്റെയോ സേവനം അന്വേഷിക്കണം.
അപ്പോൾ പറയൂ, എന്താണ് നിങ്ങളുടെ സെൽഫ് കെയർ പ്രാക്ടീസ്..?
.jpeg)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ