വിജയത്തിലേക്കുള്ള എളുപ്പവഴി!
വലിയ ലക്ഷ്യങ്ങളിലേക്കെത്താനുള്ള സ്വപ്‌നങ്ങൾ കാണുന്നവരാണെങ്കിലും, ആ ലക്ഷ്യങ്ങൾ സ്വപ്‌നങ്ങൾ മാത്രമായിത്തീരുന്നത് പലപ്പോഴും അവ എത്തിപ്പിടിക്കാനുള്ള പ്രയാസം കൊണ്ടായിരിക്കും.
മനസ്സിലുള്ള വലിയ ലക്ഷ്യങ്ങൾ ഒറ്റയടിക്ക് എടുത്തുപൊക്കാൻ ശ്രമിച്ച് പരാജയപ്പെടുകയും അതിൽപ്പിന്നെ പിന്തിരിഞ്ഞ് നിർത്തിപ്പോവുകയുമാണ് പലരും ചെയ്യാറ്. എന്നാൽ ഈ ലക്ഷ്യങ്ങളിലേക്കെത്താൻ ചില എളുപ്പ വഴികളുണ്ടെങ്കിലോ?
കോടീശ്വരനാകണമെന്ന സ്വപ്നവുമായി വലിയ ബിസിനസ് ആരംഭിക്കും. കുറച്ച് കഴിയുമ്പോഴാണ് അതത്ര എളുപ്പമല്ലെന്ന് തിരിച്ചറിയുക.
ആർനോൾഡ് ഷെയ്സ് നഗറിന്റെ മസിൽപെരുപ്പം കണ്ട് ജിമ്മിൽ പോയി കഠിനമായി എക്സർസൈസ് ചെയ്യും. രണ്ട് ദിവസം കഴിയുമ്പോൾ വേദന കാരണം പരിപാടി ക്രമേണ അവസാനിപ്പിക്കും.
മില്യൻ കണക്കിന് സബ്സ്‌ക്രൈബേഴ്സുള്ള വ്ലോഗ്ഗറെ കണ്ട് ചാനലാരംഭിക്കും. അഞ്ചോ ആറോ വീഡിയോ ചെയ്ത്, പ്രതീക്ഷിച്ചത്ര ക്ലിക്കാവാത്തതു മൂലം വ്ലോഗിങ് നിർത്തും.
അങ്ങനെയങ്ങനെയാണ് കാര്യങ്ങൾ.
സിനിമ കാണുന്ന വേഗതയിൽ കാര്യങ്ങൾ നേടണമെന്നായിരിക്കും മനസ്സിൽ. ഒരു പാട്ട് തീരുമ്പോഴേക്ക് പണക്കാരനാവുന്നു, അടി കിട്ടി പിൻവാങ്ങിയ നായകൻ ഇടവേള പിന്നിടുമ്പോഴേക്കും കഠിനമായ വ്യായാമത്തിലൂടെ മസിൽ പെരുപ്പിച്ച് വില്ലനെ തല്ലിത്തോൽപ്പിക്കുന്നു!
വലിയ ലക്ഷ്യങ്ങളിലേക്കെത്താൻ ഏറ്റവും നല്ല എളുപ്പവഴി അതിലേക്കെത്താനുള്ള വളരെ ചെറിയ ഒരു ചുവട് വെക്കുക എന്നതാണ്.
വലിയ ലക്ഷ്യത്തിന്റെ വളരെ ചെറിയ 'ഒരു ശതമാനം' കാര്യം ചെയ്യുകയെന്നത് പ്രത്യക്ഷത്തിൽ വലിയ മാറ്റമൊന്നും കാണിക്കില്ല. എന്നാൽ തുടർച്ചയായി ചെയ്യുമ്പോൾ വലിയ ലക്ഷ്യത്തിലേക്ക് വളരെ വേഗത്തിലെത്താൻ കഴിയും എന്നാണ് 'അറ്റോമിക് ഹാബിറ്റ്' എന്ന പുസ്തകത്തിൽ ജെയിംസ് ക്ളീയർ പറയുന്നത്. ഉദാഹരണമായി പറയുന്നത് നോക്കൂ. ഒരു രാജ്യത്തേക്ക് പുറപ്പെട്ട വിമാനം വളരെ ചെറിയ ഒരു ആങ്കിൾ മാറ്റം വരുത്തുന്നുവെങ്കിൽ അത് ലാൻഡ് ചെയ്യുന്നത് മറ്റൊരു രാജ്യത്തോ അല്ലെങ്കിൽ വളരെ ദൂരെയുള്ള മറ്റൊരു എയർപോർട്ടിലോ ആയിരിക്കും.
ഏത് മടിയന്മാരെയും ജോലി ചെയ്യിപ്പിക്കുന്ന ഒരു പ്ലാറ്റ്ഫോമുണ്ട്, സോഷ്യൽ മീഡിയ!
ഉദാഹരണത്തിന്, നിങ്ങൾ ഫേസ്ബുക്ക് തുറന്നാൽ കാണുന്നത് 'എന്തെങ്കിലും എഴുതൂ' എന്നതാണ്. കാര്യമായിട്ട് എന്തെങ്കിലും എഴുതൂ, നന്നായിട്ടെന്തെങ്കിലും എഴുതൂ എന്നൊന്നും അത് പറയുന്നില്ല.
ഒരെഴുത്തുകാരനാവാനുള്ള അല്ലെങ്കിൽ, ഒരു കണ്ടെന്റ് ക്രിയേറ്റർ ആവാനുള്ള ആദ്യ പടി അതാണ്. എന്തെങ്കിലും എഴുതിത്തുടങ്ങുക.
റീൽസ് ചെയ്യാനോ വീഡിയോ സ്റ്റോറി ഇടാനോ വീഡിയോ എഡിറ്റിംഗിന്റെ ബാലപാഠം പോലും അറിയേണ്ടതില്ല. കുറച്ച് ഫോട്ടോസ് ഗാലറിയിൽ നിന്നെടുത്ത് മ്യൂസിക് ആഡ് ചെയ്‌താൽ റീലായി. ഇങ്ങനെ ഓരോരുത്തരെക്കൊണ്ടും ചെറിയ കാര്യങ്ങൾ ചെയ്യിപ്പിച്ച് സോഷ്യൽ മീഡിയ കണ്ടെന്റ്കൊണ്ട് നിറയും.
നേടാനുള്ള വലിയ ലക്ഷ്യത്തിലേക്ക് ഇപ്പോഴെന്ത് ചെയ്യാൻ കഴിയും എന്നതിന് വളരെ പ്രാധാന്യമുണ്ട്.
എന്ത് കാര്യത്തിനും വളരെ വേഗത്തിൽ ചെയ്യാവുന്ന ഏറ്റവും ചെറിയ ഒരു തലം ഉണ്ടാകും. അത് കണ്ടെത്തുക, ചെയ്യുക, തുടരുക.
ഒരു വലിയ പരിശീലകനാവണം. അതിനാദ്യം തന്നെ ആയിരക്കണക്കിനാളുകളെ അഭിമുഖീകരിച്ച് സംസാരിക്കേണ്ടതില്ല. തൊട്ടടുത്ത സ്‌കൂളിലെ കുട്ടികളോടോ, അയൽക്കൂട്ടത്തിലോ, ക്ലബ്ബിലോ സംസാരിച്ച് ചെറിയ തുടക്കമിടാം.
വലിയ വായനക്കാരെല്ലാം നിരന്തര വായനയിലേക്ക് നയിക്കുന്ന വളരെ ചെറിയ പുസ്തകങ്ങളിലൂടെയായിരിക്കും വായിച്ചു തുടങ്ങിയിട്ടുണ്ടാവുക.
ഡയറ്റ് തുടങ്ങണമെങ്കിൽ ശരീരത്തിന് ദോഷമാകുന്ന വളരെ ചെറിയ കാര്യങ്ങൾ മാറ്റിവെച്ചു തുടങ്ങാം.
ഒരെഴുത്തുകാരനാവണമെങ്കിൽ ആ പ്രഷർ ഇപ്പോഴേ തലയിൽ കയറ്റി വെക്കേണ്ടതില്ല, ചെറുതായി എന്തെങ്കിലുമെഴുതിത്തുടങ്ങുക.
ചെറിയ കുട്ടികളെ ശ്രദ്ധിച്ചു നോക്കൂ. പടി പടിയായി ചെയ്ത് തെറ്റുകൾ തിരുത്തിത്തിരുത്തി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണവർ.
ചെറിയ മാറ്റങ്ങളിലൂടെ വലിയ മാറ്റങ്ങളുടെ ഒരു ലോകം നമുക്ക് മുന്നിൽ തുറക്കും തീർച്ച
.jpeg)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ