സെൽഫ് വർത്തിന്റെ ചായ!
ഇടയ്ക്കെല്ലാം ഓഫീസിൽ ഒരു ചായ സൽക്കാരം ഉണ്ടാകാറുണ്ട്.
ആരെങ്കിലും സ്വയം ഇകഴ്ത്തി സംസാരിച്ചാൽ അല്ലെങ്കിൽ, സ്വയം പരിഹസിച്ച് തമാശിച്ചാൽ അയാൾ കൂടെയുള്ളവർക്ക് ചായ വാങ്ങിച്ചു കൊടുക്കണം. അതാണ് നിയമം. ഒരു ദുഃശീലം അകറ്റി നിർത്തുന്നതിന് വേണ്ടി തുടങ്ങിയ സംരംഭമാണ്.
സ്വയം താഴ്ത്തിക്കെട്ടി സംസാരിക്കൽ പണ്ട് മുതലേ നമുക്കുള്ള ശീലമായത് കൊണ്ട് ചായകുടിക്ക് ഒരു മുട്ടും വന്നിരുന്നില്ല. എന്നാൽ ഈയിടെയായി ചായ സത്ക്കാരം നന്നേ കുറഞ്ഞിട്ടുണ്ട്.
നമുക്ക് നമ്മെക്കുറിച്ചുള്ള മതിപ്പ്.
സ്വന്തത്തെക്കുറിച്ചുള്ള മതിപ്പ് (Self Worth) കുറയുന്നത് കൊണ്ടാണ് പലപ്പോഴും ഇത്തരം സ്വയം ഇകഴ്ത്തലുകൾ വരുന്നത്. സ്വന്തം കഴിവുകൾ ശ്രദ്ധിക്കാതെ, 'എന്നെയൊന്നിനും കൊള്ളില്ല' എന്ന് വിശ്വസിക്കുന്നു. സ്വയം മതിപ്പില്ലാത്തതിന്റെ ലക്ഷണമാണ് സ്വയം താഴ്ത്തിക്കെട്ടിയുള്ള ചിന്തകളും സംസാരങ്ങളും.
പ്രാപ്തിയുണ്ടായിട്ടും മുന്നോട്ട് പോകാനാവാതെ സ്തംഭിച്ച് നിർത്തുന്നതിൻ്റെ പ്രധാന കാരണവുമാണ് സെൽഫ് വർത്ത് ഇല്ലാതിരിക്കുക എന്നത്.
ചിലരെക്കുറിച്ച് പറയാറില്ലേ,
"എന്തുമാത്രം ടാലൻ്റുള്ള വ്യക്തിയാണ്, എന്നിട്ടെന്താ ഒന്നും ചെയ്യാതിരിക്കുന്നത്? അയാളുടെ പകുതി കഴിവുണ്ടായിരുന്നെങ്കിൽ നമ്മളൊക്കെ എവിടെയെത്തുമായിരുന്നു!" എന്നൊക്കെ.
ഞാൻ എന്നെക്കുറിച്ച് എന്ത് ചിന്തിക്കുന്നു, എന്നെക്കുറിച്ച് എനിക്കെന്ത് തോന്നുന്നു എന്നതാണ് എന്റെ മൂല്യം നിർണ്ണയിക്കുന്നത്. അത് നന്നായാൽ പുറത്തേക്കും അത് പ്രകടമാകും. മോശമാണെങ്കിൽ നമ്മുടെ വാക്കിലും പ്രവർത്തനത്തിലും അത് പ്രതിഫലിക്കുകയും ചെയ്യും.
പലർക്കും കുട്ടിക്കാലം ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടമായിരിക്കും. ചെറുപ്പത്തിൽ രക്ഷിതാക്കളും, ബന്ധുക്കളും, സ്‌കൂളിലും മറ്റുമുള്ള കൂട്ടുകാരും നല്ല പരിഗണന നൽകിയിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ "നീ കൊള്ളാം" എന്ന രീതിയിലാണ് അവർ നമ്മളെക്കുറിച്ച് ധരിച്ചതെങ്കിൽ സ്വാഭാവികമായും നമുക്ക് സ്വയം മതിപ്പ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
എന്നാൽ എല്ലാവർക്കും ഇതേ സമീപനം അവരുടെ കുട്ടിക്കാലത്തും ലഭിച്ചിരിക്കണമെന്നില്ല. അത്തരക്കാരിൽ സെൽഫ് വർത്ത് കുറയാനാണ് സാധ്യത കൂടുതലും. അപ്പോഴെന്ത് ചെയ്യും എന്നതാണ് ഇനിയുള്ള ചോദ്യം?
ഏതായാലും ടൈംട്രാവൽ ചെയ്തു പുറകോട്ട് പോയി തിരുത്താനാവില്ല. അതിനാൽ സെൽഫ് വർത്ത് ഉണ്ടാക്കാനുള്ള കാര്യങ്ങൾ സ്വയം ചെയ്യേണ്ടി വരും. നമുക്ക് സ്വയം വിലയുണ്ടെന്ന് നമ്മെ തോന്നിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുക, പുറത്തുള്ളവർ അംഗീകരിച്ചാലല്ല, നമ്മൾ സ്വയം അംഗീകരിക്കുമ്പോഴാണ് നമുക്ക് വിലയുണ്ടാകുന്നതെന്ന് മനസ്സിലാക്കുക. ഏതൊരാളും എന്തെങ്കിലും കാര്യത്തിൽ മിടുക്കരായിരിക്കും. അവയെന്തൊക്കെയാണെന്ന് കണ്ടെത്തുക.
കഴിഞ്ഞ കാലങ്ങളിൽ പല നല്ല കാര്യങ്ങളും നമ്മൾ ചെയ്തിട്ടുണ്ടാവും, പല നേട്ടങ്ങളും കൈവരിച്ചിട്ടുണ്ടാകും. അവയെ സ്വയം അംഗീകരിക്കുക. നിങ്ങളുടെ എന്ത് ക്വാളിറ്റിയാണ് അവ ചെയ്യാൻ സഹായിച്ചതെന്ന് നോക്കുക. ആ ഗുണങ്ങൾ നിങ്ങളിലന്തർലീനമായി കിടപ്പുണ്ടെന്ന് മനസ്സിലാക്കുക. അവയെ നിങ്ങളംഗീകരിച്ചിട്ടുണ്ടോ എന്ന് നോക്കുക, ഇല്ലെങ്കിൽ അംഗീകരിക്കുകയും പരിഗണിക്കുകയും (Acknowledge) ചെയ്യുക. നാം നമ്മെക്കുറിച്ചെന്താണ് ചിന്തിക്കുന്നത് (Self talk) എന്ന് മനസ്സിലാക്കുക. അത് വളരെ നെഗറ്റീവാണെങ്കിൽ നിരന്തരം തമാശരൂപേണയോ മറ്റോ വിളിച്ചു പറയാതെ അവ പോസിറ്റീവായി റീസ്റ്റേറ്റ് ചെയ്യാൻ ശ്രമിക്കുക. ഈ നെഗറ്റിവിറ്റിയെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്ന ടോക്സിക് ബന്ധങ്ങളിൽ നിന്നൊഴിവായി, നല്ല ബന്ധങ്ങൾ ഉണ്ടാക്കുക. സ്വന്തത്തോട് സ്നേഹമുള്ളവരാവുക.
പലപ്പോഴും സ്വയം വിലയിടിയുമ്പോഴാണ് ഒരു കാര്യം ചെയ്യാൻ പറ്റില്ലെങ്കിൽ, പറ്റില്ല എന്ന് തുറന്ന് പറയാൻ കഴിയാതിരിക്കുന്നത്. 'No' എന്ന് പറയേണ്ടിടത്ത് 'No' പറഞ്ഞു തുടങ്ങുക. എന്നെക്കൊണ്ട് ചെയ്യാൻ പറ്റുമോ എന്ന സംശയത്താൽ തുടങ്ങാതെ വെച്ച കാര്യങ്ങൾ ചെയ്തു നോക്കുക. സ്വന്തത്തിന് കുറച്ച് Challenges കൊടുക്കുക. എല്ലാ കാര്യത്തിലും എല്ലായ്‌പ്പോഴും അപരൻ്റെ സഹായം തേടാതെ നമ്മുടെ കഴിവുകൾ ഉപയോഗപ്പെടുത്തി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണം. നമ്മുടെ മൂല്യം കാണാൻ കഴിഞ്ഞാൽ ചുറ്റുമുള്ളതിന്റെ മൂല്യവും നമുക്ക് കാണാൻ കഴിയും.
ഈവക കാര്യങ്ങൾ സ്വയം ചെയ്യാൻ സാധിക്കാത്ത അവസ്ഥ വരുമ്പോഴാണ് കൗൺസിലിംഗ്, സൈക്കൊ തെറാപ്പി, കോച്ചിങ് പോലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തേണ്ടത്. ആശംസകൾ..

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ