പൊടിപിടിച്ച കഴിവുകൾ!
വീടുകളിലെ 'ഷോകെയ്‌സിൽ' വെച്ചിട്ടുള്ള കളിപ്പാട്ടങ്ങളും പാത്രങ്ങളും ശ്രദ്ധിച്ചിട്ടുണ്ടോ? ഒരുതവണ പോലും ഉപയോഗിക്കാതെ പൊടിപിടിച്ചിരിക്കുന്നവ! ഉപയോഗിക്കേണ്ട സമയത്ത് ഉപയോഗിക്കാതെ ഒരിക്കലും വരാത്ത അതിഥികൾക്ക് വേണ്ടി കാത്തിരിക്കുന്നവ!
നമുക്കുള്ള പല കഴിവുകളും അങ്ങിനെയാണ്. പലപ്പോഴും കണ്ടെത്തപ്പെടാറില്ല. കണ്ടെത്തിയാൽ തന്നെ ഉപയോഗിക്കപ്പെടുന്നുമില്ല.
ചുറ്റുമുള്ള പലരെയും ശ്രദ്ധിച്ചു നോക്കൂ. പല കഴിവുകളുമുണ്ടാകും. എങ്കിലും അവയൊക്കെയും തിരിച്ചറിയപ്പെടാതെയും, ഉപയോഗിക്കപ്പെടാതെയും അവർ വളരെ കഷ്ടപ്പെടുന്നു. കഴിവ് കുറഞ്ഞ മറ്റേതെങ്കിലും മേഖലയിൽ അവർ ജീവിതം തള്ളിനീക്കുകയും ചെയ്യുന്നു.
തീർച്ചയായും എല്ലാവർക്കും ഒരുപാട് കഴിവുകളുണ്ടാകും. അവരെയോരോരുത്തരെയും മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമാക്കുന്നതും ആ കഴിവുകളാണ്.
ജോലിക്ക് അപേക്ഷിക്കുമ്പോൾ ബയോഡാറ്റയിലെ കഴിവുകൾ (Skills) എന്ന കോളത്തിൽ ഒരുപാട് കാര്യങ്ങൾ എഴുതിവെച്ചിട്ടുണ്ടാകും.
എന്നാൽ പലപ്പോഴും എഴുതി വെക്കുന്നതെല്ലാം സ്വന്തം കഴിവുകളായിരിക്കില്ല! ആരുടെ സിവി യാണോ ഫോർമാറ്റ് കോപ്പി ചെയ്തത്, അവരുടേതായിരിക്കാം. അതെല്ലെങ്കിൽ, ഗൂഗിൾ ചെയ്ത് അപ്പടി പകർത്തി വെച്ച സ്കിൽസ് ആയിരിക്കാം.
എന്നാൽ ഇന്റർവ്യൂ സമയത്ത് ചെക്ക് ചെയ്യുന്ന പ്രധാന കാര്യം ബയോഡാറ്റയിൽ പരാമർശിച്ച കഴിവുകൾ അയാൾക്കുണ്ടോ എന്നായിരിക്കും.തന്മൂലം, ജോലി ലഭിക്കാൻ അത്യധികം പ്രയാസപ്പെടേണ്ടി വന്നേക്കാം. അഥവാ ജോലി ലഭിച്ചാൽ തന്നെ അവർ നിയമിക്കപ്പെടുന്ന തൊഴിൽ മറ്റാർക്കോ വേണ്ടിയുള്ളതായിരിക്കും.
അവനവന്റെ കഴിവുകൾ തിരിച്ചറിയാതെ പോകുന്നതു കൊണ്ടാണ് ഈ പരിതസ്ഥിതി വരുന്നത്.
കഴിവു കുറഞ്ഞ മേഖലയിൽ ജോലി ചെയ്യേണ്ടി വരുമ്പോൾ വളരെ പ്രയാസമനുഭവിക്കേണ്ടി വരും. ജോലിയിലുടനീളം വല്ലാത്ത സഫറിങ് നേരിടേണ്ടി വരികയും ചെയ്യും.
ഒരുദാഹരണത്തിന്, നിങ്ങളുടെ വീട്ടിലെ പൈപ്പ് പൊട്ടി ചോർച്ച സംഭവിച്ചെന്ന് കരുതുക. പ്ലംബിങ് ചെയ്തു ശീലമില്ലാത്ത അല്ലെങ്കിൽ, പ്രസ്തുത skill ഇല്ലാത്ത നിങ്ങൾ നിവൃത്തികേടുകൊണ്ട് ആ ജോലിയേറ്റെടുത്താൽ എന്തായിരിക്കും അവസ്ഥ?
തീർച്ചയായും അത് ഫിക്സ് ചെയ്യാൻ ഒരുപാട് പ്രയത്നം ആവശ്യമായി വരും. ഒരുപക്ഷേ, ശരിയാക്കിയാൽ തന്നെ അത് പെർഫെക്റ്റ് ആയിക്കൊള്ളണമെന്നുമില്ല. ശരീരമാകെ വൃത്തികേടാവുകയും ചെയ്യും. എന്നാൽ വിദഗ്ധനായ ഒരു പ്ലംബർ എത്ര അനായാസമായിട്ടായിരിക്കും അതെല്ലാം കൈകാര്യം ചെയ്യുക!
പലരും പഠനമെല്ലാം കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചു കുറച്ചു കാലം പിന്നിടുമ്പോഴാണ് ഇതെനിക്കു പറ്റിയ മേഖലയല്ലെന്നു തിരിച്ചറിയുക. അപ്പോൾ അതിൽ നിന്നും ഒരു തിരിച്ചുപോക്ക് പ്രയാസമാവുകയും ചെയ്യും. വളരെ കഷ്ടപ്പെട്ട് ആ ജോലി തന്നെ ചെയ്യും. ക്രമേണ ജോലിയിൽ വിരസത വരും. നിറങ്ങളില്ലാതെ ജീവിതം ജീവിച്ചു തീർക്കുകയും ചെയ്യും.
എന്നാൽ ഒരാളുടെ Potential ഉള്ള മേഖല കണ്ടെത്തി, ആ വഴിയിലൂടെ സഞ്ചരിച്ചാൽ എത്ര അനായാസ മായിരിക്കും യാത്ര!
അങ്ങിനെയാണെങ്കിൽ, എങ്ങിനെ നമ്മുടെ അഭിരുചിക്കനുസരിച്ച മേഖല കണ്ടെത്താം?
ചെറിയ കാര്യങ്ങൾ ചെയ്താണ് പലപ്പോഴും നമ്മുടെ മേഖല കണ്ടെത്തുന്നത്. ചെറുപ്പം തൊട്ടേ കിട്ടുന്ന exposure അവരവരുടെ മേഖല കണ്ടെത്താൻ സഹായിക്കും.
കളികൾ, സ്‌കൂളുകളിലെ പാഠ്യ-പഠനാനുബന്ധ പ്രവർത്തനങ്ങൾ, വായനകൾ, പഠനത്തിന്റെ കൂടെ ചെയ്യുന്ന ജോലികൾ, യാത്രകൾ, ഇന്റേൺഷിപ് എന്നിവയെല്ലാം കഴിവുകൾ എക്സ്പ്ലോർ ചെയ്യാൻ സഹായിക്കുമെങ്കിലും തൻ്റെ കഴിവുകൾ കണ്ടെത്തണമെന്ന് സ്വയം തീരുമാനിക്കുക എന്നതുതന്നെയാണ് ഏറ്റവും പ്രധാനമായി വേണ്ടത്. ആ തീരുമാനമാണ് കൂടുതൽ എക്സ്പ്ലോർ ചെയ്യാനും സ്വയം കണ്ടെത്താനും സഹായിക്കുക.
ഓരോരുത്തർക്കും അവരവരുടെ കഴിവും അഭിരുചിയും താല്പര്യവുമനുസരിച്ച് കൂടുതൽ പഠിക്കാനും പര്യവേക്ഷണം നടത്താനും തൊഴിൽ ചെയ്യാനുമെല്ലാം ഉചിതമായ ഒരു മേഖലയുണ്ടായിരിക്കും. അത് കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ പണമുണ്ടാക്കുന്നതിലുപരി ആസ്വദിച്ചു ജോലി ചെയ്യാനും ജീവിക്കാനും കഴിയുമെന്നത് തീർച്ചയാണ്. പഠനത്തിന് ശേഷം അവരവരുടേതായ വലിയ ലോകങ്ങൾ നിർമ്മിക്കാൻ അതവരെ സഹായിക്കും.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ