സന്തോഷം വരുന്ന വഴി.

 നിങ്ങൾ ഇൻസ്റ്റാഗ്രാമിൽ സജീവമാണോ ?

തല്ലുമാല സിനിമ കണ്ടോ?

പുസ്തകങ്ങൾ വായിക്കാറുണ്ടോ ?

എം.ടി യുടെ മഞ്ഞ് വായിച്ചിട്ടുണ്ടോ?

ഗെയിം ഓഫ് ത്രോൺസ് കണ്ടിട്ടുണ്ടോ?

മണി ഹീസ്‌റ്റ് പുതിയ സീസൺ കണ്ടോ?

പാട്ട് കേൾക്കാറുണ്ടോ?

കേരളം വിട്ട് യാത്ര ചെയ്തിട്ടുണ്ടോ?

വൈകുന്നേരങ്ങളിൽ ക്രിക്കറ്റ് കളിക്കാറുണ്ടോ?

ഇല്ല..!

ഇല്ലേ.?

പിന്നെന്ത്‌ ജീവിതമാണ് നിങ്ങളുടേത്? ഏത് കാലത്താണ് നിങ്ങൾ ജീവിക്കുന്നത്?

"നിങ്ങൾ യാത്ര ചെയ്ത് ഒരു സ്ഥലത്ത് വന്നിട്ട്, ആ വന്നിറങ്ങിയ ബസ്റ്റാൻഡിൽ തന്നെ കിടന്നുറങ്ങിയിട്ട് അടുത്ത ബസ്സിൽ കയറി തിരിച്ചുപോകാൻ വേണ്ടിയിട്ട് ഒരു ബസ്സിൽ കയറി പോകുന്നതുപോലെയാണ് ഇവിടെ ജീവിക്കുന്ന ബഹുഭൂരിപക്ഷം പേരും.

ജനിച്ച നാട്ടിൽ തന്നെ അവൻ ജോലിയൊക്കെ ചെയ്ത് ജീവിച്ചു എന്തിനോ വേണ്ടി ജോലി ചെയ്ത് ആർക്കോ വേണ്ടി പണിയെടുത്തു മരണത്തിന്റെ ബസ്സ്‌ വരുമ്പോൾ അതിൽ കയറിപോകുന്നു.

അതിനേക്കാൾ നല്ലത് നിങ്ങൾ ചെന്നിറങ്ങിയ ബസ്റ്റാൻഡിൽ നിന്ന് ഒന്നിറങ്ങി നടക്കുക, കാണുക,അവിടുത്തെ ജീവിതത്തെ അനുഭവിക്കുക, അവിടുത്തെ രുചികളെ ആസ്വാധിക്കുക..."

പ്രശസ്ത സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകളാണിത് ഒരു സഞ്ചാരി എന്ന നിലക്ക് ആളുകളെ യാത്ര ചെയ്യാനും, explore ചെയ്യാനും പ്രേരിപ്പിക്കുന്ന വാക്കുകൾ.

എന്നാൽ എല്ലാവരുടെയും സന്തോഷം യാത്ര ചെയ്യുക എന്നതായിരിക്കുമോ?

ഓരോരുത്തരുടെയും സന്തോഷം ഓരോന്നായിരിക്കില്ലേ?

അവരോട് നിങ്ങൾ സന്തോഷിക്കുന്ന സന്തോഷമൊന്നുമല്ല യഥാർത്ഥ സന്തോഷം മേൽ പറഞ്ഞ കാര്യങ്ങളാണ് സന്തോഷം നൽകുന്നതെന്നു പറയുന്നിടത്തോളം വലിയ വിഡ്ഢിത്തം എന്തുണ്ട്?

യാത്ര ഇഷ്ടമില്ലാത്ത എത്രയോ പേരെ എനിക്കറിയാം.

സിനിമ കാണാത്തവരെ, സോഷ്യൽ മീഡിയയിൽ സജീവമാകാത്തവരെ, വീട്ടിലെ ഭക്ഷണമല്ലാത്തത് കഴിക്കാൻ ഇഷ്ടമില്ലാത്തവരെയൊക്കെ എനിക്കറിയാം. അവരോടൊക്കെ യാത്ര ചെയ്തലാണ്, വിവിധ നാടുകളിലെ ഭക്ഷണം രുചിച്ചാലാണ്, പുസ്തകം വായിച്ചാലാണ്, റീൽസ് ഇട്ടാലാണ്, നിങ്ങൾ യഥാർത്ഥത്തിൽ ജീവിക്കുന്നത്, ജീവിതം ആസ്വദിക്കുന്നത് എന്ന് പറയാനാവുമോ?

ഒരാൾജീവിതം ആസ്വദിക്കുന്നുണ്ടാവാം,അയാൾ നന്നായി ജീവിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുണ്ട് എന്ന് വിശ്വസിക്കുന്നുണ്ടാവാം,  നമ്മുടെ സന്തോഷ മാപിനി വെച്ച് അവരുടെ സന്തോഷങ്ങൾ അളക്കേണ്ടതുണ്ടോ?

അവരുടെ സന്തോഷങ്ങൾ റദ്ദ് ചെയ്തു കൊണ്ട് 'എന്നാൽ പിന്നെ നിങ്ങൾ സന്തോഷിക്കുന്നില്ല'

 എന്ന് പറയേണ്ടതുണ്ടോ?

'സന്തോഷം' എന്നതുകൊണ്ട് ഇവിടെയുദ്ദേശിക്കുന്നത് മുഴുവൻ സമയവും കളിയും ചിരിയും എന്നല്ല. അങ്ങനെയൊരവസ്ഥ  സാധ്യവുമല്ല. മറിച്ച്,  മനസ്സിൽ സമാധാനമുണ്ടാവുക ,സംതൃപ്തിയുണ്ടാവുക, സുഖവികാരങ്ങൾ അനുഭവിക്കാൻ കഴിയുക , ബുദ്ധിമുട്ടുകളെ പക്വതയോടെ കൈകാര്യം ചെയ്യാനാവുക എന്നതൊക്കെയാണ്.

ഇത്, കേവലം കളി, ചിരികൾ എന്ന അവസ്ഥയിൽനിന്ന് കുറച്ചുകൂടി ആഴത്തിലുള്ള അനുഭവമാണ്.

ഇതിൽ ഓരോരുത്തരുടെ സന്തോഷം ഓരോന്നായിരിക്കാം, ഓരോ സാഹചര്യത്തിലും ഓരോന്നായിരിക്കാം അവ മറ്റുള്ളവർക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല...

അപ്പൊ ഇനി പറയൂ എന്താണ്‌ നിങ്ങളുടെ സന്തോഷം?


✍️Khamarudheen KP

COO Happiness Route

9846786445

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കുട്ടികൾ മണ്ണിലിറങ്ങണോ?

ഇഷ്ടമുള്ള ജോലി, ഇഷ്ടമുള്ള സ്ഥലത്ത്; ഗിഗ് ഇക്കോണമി ബിഗ് ആകുന്നു

കുരുമുളകും കണ്ടെന്റും.