ഒരേ ജോലിയി ചെയ്ത് മടുത്തോ?, എങ്കിൽ കരിയർ ജംഗ്ൾ ജിമ്മിന് തയാറായിക്കോളൂ..


പുതുതായി കോഴ്സ് കഴിഞ്ഞിറങ്ങിയവരോട് ജോലിയായോ എന്ന് ചോദിക്കുന്നത് പോലെത്തന്നെയാണ്, ഒരു ക്വാളിറ്റി കൺസൾട്ടന്റും പരിശീലകനുമായ എന്നോട് ജോലിയെന്താണെന്ന് ചോദിക്കുമ്പോൾ സംഭവിക്കുന്നതും. പലപ്പോഴും ഒറ്റവാക്കിൽ മറുപടി പറയാൻ പ്രയാസമാണ്. ചിലരോട് ഞാൻ അധ്യാപകനാണെന്നു പറയും, വിശദീകരണങ്ങൾ ഒഴിവാക്കാൻ വേണ്ടി. അധ്യാപകനാണെന്ന് മറുപടി കൊടുത്താൽ അടുത്ത ചോദ്യം ഗവൺമെന്റ് ജോലിയാണോ, സ്ഥിരം ജോലിയാണോ എന്നൊക്കെയാണ്. അല്ല എന്നു പറഞ്ഞാൽ പിന്നെ സഹതാപമാണ്. ശ്രമിക്കുന്നില്ലേ, ശരിയായിക്കോളും തുടങ്ങിയ ആശ്വാസ വാക്കുകൾ.

സഹതാപം കുറക്കാൻ രണ്ട് വഴികളാണുള്ളത്. ഒന്നുകിൽ സർക്കാർ ജോലിവേണം, അല്ലെങ്കിൽ വിദേശത്തായിരിക്കണം. ജോലി എന്തായാലും പ്രശ്നമില്ല. പഴയ കരിയർ ട്രെൻഡ് വെച്ചാണ് ഇപ്പോഴും ആളുകൾ മറ്റുള്ളവരെ വിലയിരുത്തുന്നത്. എന്തെങ്കിലും ഒരു ജോലിയിൽ കയറിപ്പറ്റണം, ജീവിതകാലം മുഴുവൻ ആ ജോലി ചെയ്യണം, ചെറിയ ചെറിയ പ്രൊമോഷനുകൾ കിട്ടണം, റിട്ടയർ ആകണം, പെൻഷൻ വാങ്ങണം അങ്ങനെയങ്ങനെ..

ട്രെൻഡ് മാറി

ലോകത്തിന്റെ കരിയർ ട്രെൻഡ് ഒരുപാട് മാറിയിട്ടുണ്ട്. വളരെ വേഗത്തിൽ മാറ്റങ്ങൾക്ക് വിധേയമാകുന്ന തൊഴിലിടങ്ങളാണിന്നുള്ളത്. ഒരു ജോലിയും അധികകാലമുണ്ടാവില്ല. ചില കരിയർ മേഖലകൾ തന്നെ നാളെ ഉണ്ടായിക്കൊള്ളണമെന്നില്ല. കൈയിലുള്ള പഴയ മരുന്ന് വെച്ച് ഒരുപാട് കാലം അതേ ജോലിയിൽ തുടരാനും കഴിയില്ല.

എന്താണ്‌ കരിയർ ജംഗ്ൾ ജിം?

ഫേസ്ബുക്കിന്റെ ചീഫ് ഓപറേറ്റിങ് ഓഫീസറായ ഷെറിൽ സാൻഡ്ബെർഗ് പരിചയപ്പെടുത്തിയ ആശയമാണ് 'കരിയർ ജംഗ്ൾ ജിം'.
ഒരേ ജോലിയിൽത്തന്നെ ഒരുപാട് കാലം തുടരാതെ നമ്മുടെ വളർച്ചക്കും ലക്ഷ്യപൂർത്തീകരണത്തിനും സഹായിക്കുന്ന പുതിയ പുതിയ അവസരങ്ങൾ തേടുക. പുതിയ മേച്ചിൽപ്പുറങ്ങൾ തേടി യാത്രചെയ്യാനും നല്ല അവസരങ്ങൾക്കനുസരിച്ചു മാറാനും തയ്യാറാവുക. തൊഴിലവസരങ്ങളെ കുറച്ചുകൂടെ ക്രിയാത്മകമായും വിശാലാർഥത്തിലും നോക്കിക്കാണുക. വലിയ Resume ക്ക്‌ പകരം ഒരുപാട് കഴിവുകൾ നേടി അവ അപ്ഡേറ്റ് ചെയ്യുക. മാറുന്ന സാഹചര്യങ്ങളെ പഠിക്കുന്നതിനും പുതിയ പ്രശ്നങ്ങളെ നേരിടാനും പുതിയ മേഖലകൾ കണ്ടെത്താനും, പുതിയ ആളുകളുമായി ബന്ധങ്ങൾ സ്ഥാപിക്കാനും, നമ്മുടെ കഴിവും താല്പര്യവും വർധിപ്പിക്കാനും പുതിയ തൊഴിലിടങ്ങൾ സഹായിക്കുന്നു.

ചില കഴിവുകൾ സ്വായത്തമാക്കുക എന്നതാണ് കരിയർ ജംഗ്ൾ ജിമ്മിന് തയ്യാറാകുന്നവർ ആദ്യം ചെയ്യേണ്ടത്:

1. റിസ്ക്കുകൾ ഏറ്റെടുക്കാൻ തയ്യാറാവുക.

2. വീഴ്ചകളിൽ തളരാതെ തിരിച്ചു കയറാനുള്ള കഴിവ് (Resilience).

3. പുതിയ കാര്യങ്ങൾ അറിയുന്നതിനും പഠിക്കുന്നതിനുമുള്ള ത്വര (Curiosity). 

4. ഏതു സാഹചര്യത്തിലും മുന്നോട്ടുപോകാനുള്ള സ്ഥൈര്യം (Flexibility & adaptability ).

5. ശുഭപ്രതീക്ഷ (Optimism).

ഓരോ ജോലിയിൽനിന്നും വളരെ വേഗം മാറണമെന്നല്ല. പുതിയ കാര്യങ്ങൾ ചെയ്യാനും വെല്ലുവിളികൾ ഏറ്റെടുക്കാനും അവസരങ്ങളുള്ളിടത്ത് സ്വയം വളരാനുള്ള സാഹചര്യങ്ങൾ കൂടുതലായിരിക്കും. ഒരു സ്ഥാപനത്തിന്, അവരുടെ ആവശ്യം പോലെത്തന്നെ പ്രധാനമാണ് ജോലിചെയ്യുന്നവരുടെ ആവശ്യവും. തുച്ഛമായ ശമ്പളം ലഭിക്കുന്ന ജോലി ഒരുപാട് കാലം ചെയ്യണോ, അതോ അറിവും കഴിവുകളും വർധിപ്പിച്ചു കൂടുതൽ നല്ല അവസരങ്ങൾ നേടണോ എന്ന് ചിന്തിക്കുക. അപ്രകാരം, ഒരാളെ അയാളുടെ കഴിവിനനുസരിച്ച് ശമ്പളം കൊടുത്തു നിലനിർത്തുന്നത് സ്ഥാപനത്തിനും ചിന്തിക്കാവുന്നതാണ്.

മാറ്റമില്ലാതെ ഒരേ ജോലിയിൽതന്നെ വർഷങ്ങളോളം തുടരുന്ന (Career Ladder ) ഒരാളെയും, കരിയർ ജംഗ്ൾ ജിം ചെയ്യുന്ന വ്യക്തിയെയും താരതമ്യപ്പെടുത്തിയാൽ ഈ വ്യത്യാസം മനസ്സിലാക്കാം.

2022 ജൂൺ മാസം മാധ്യമം കുടുംബം മാഗസിനിൽ പ്രസിദ്ധീകരിച്ചത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കുട്ടികൾ മണ്ണിലിറങ്ങണോ?

ഇഷ്ടമുള്ള ജോലി, ഇഷ്ടമുള്ള സ്ഥലത്ത്; ഗിഗ് ഇക്കോണമി ബിഗ് ആകുന്നു

കുരുമുളകും കണ്ടെന്റും.