പാഷൻ പ്രൊജക്റ്റ്
പത്താം ക്ലാസ് കഴിഞ്ഞതിനു ശേഷം പാർട്ട് ടൈം ജോലി ചെയ്താണ് പിന്നീടങ്ങോട്ട് ഞാൻ പഠിച്ചത്. അതുകൊണ്ട് തന്നെ സർട്ടിഫിക്കറ്റിനൊപ്പം ഒരുപാട് അനുഭവങ്ങളും കൈമുതലായുണ്ട്. സർട്ടിഫിക്കറ്റുകളെ പോലെ കഴിവിനും പ്രാധാന്യം കൊടുക്കുന്ന കാലമാണിന്ന്. കഴിവുകൾ വർധിപ്പിക്കാൻ ഏറ്റവും നല്ല മാർഗ്ഗം പഠനത്തിന്റെ കൂടെ ജീവിതാനുഭവങ്ങൾ കൂടിയുണ്ടാവുക എന്നതാണ്.
നമ്മുടെ ഫാമിലി സിസ്റ്റത്തിൽ കോളേജിലെത്തിയാൽ പോലും വിദ്യാർഥികൾ രക്ഷിതാക്കളെ മാത്രം ആശ്രയിച്ചാണ് ജീവിക്കുന്നത്. പക്ഷേ, പല വിദേശ രാജ്യങ്ങളിലും വിദ്യാർഥികൾ സ്വതന്ത്രമായി ജീവിക്കാൻ ആഗ്രഹിക്കുന്നു. പഠനത്തിന്റെ കൂടെ പാർട്ട് ടൈം ജോലികൾ ചെയ്യുന്നു. പലപ്പോഴും അതവിടുത്തെ വിദ്യാഭ്യാസ പദ്ധതിയുടെ കൂടെ ഭാഗമാണ്. മിക്ക സംരംഭങ്ങളും പഠനത്തിനൊപ്പം വിദ്യാർത്ഥികൾക്ക് ജോലി ചെയ്യാനും അവസരമൊരുക്കുന്നു. എന്നല്ല, അവിടുത്തെ തൊഴിൽ നിയമങ്ങളിൽ വിദ്യാർഥികൾ ചെയ്യാവുന്ന ജോലി സമയവും മിനിമം വേതനവും വരെ ഗവണ്മെന്റ് നിശ്ചയിച്ചിട്ടുണ്ട്.
സാധാരണയിൽ പുസ്തകങ്ങളിൽ നിന്നും പഠിക്കുന്നതിനപ്പുറം ഒരുപാട് വസ്തുതകൾ മനസ്സിലാക്കാൻ പഠനത്തിന്റെ കൂടെയുള്ള ഇന്റേൺഷിപ്പുകളും പാർട്ട് ടൈം ജോലികളും സന്നദ്ധ സേവനങ്ങളുമെല്ലാം സഹായിക്കും. ഇത്തരം അവസരങ്ങളാണ് പഠന കാലഘട്ടത്തിൽ തന്നെ നമ്മുടെ പാഷൻ പ്രൊജക്റ്റ് എന്താണെന്ന് തിരിച്ചറിയാനും സഹായിക്കുന്നത്.
എന്താണ് പാഷൻ പ്രൊജക്റ്റ്?
ഓരോരുത്തർക്കും അവരവരുടെ കഴിവും അഭിരുചിയും താല്പര്യവുമനുസരിച്ച് കൂടുതൽ പഠിക്കാനും കണ്ടെത്താനും തൊഴിൽ ചെയ്യാനുമെല്ലാം നൈപുണ്യമുള്ള ഒരു മേഖലയുണ്ടായിരിക്കും. അതാണവരുടെ പാഷൻ പ്രോജക്ട്. അത് കണ്ടെത്തിക്കഴിഞ്ഞാൽ പണമുണ്ടാക്കുന്നതിലുപരി ആസ്വദിച്ചു ജോലി ചെയ്യാനും ജീവിക്കാനും കഴിയും. അവരുടെ സമയവും റിസോഴ്സുമെല്ലാം അതിലേക്ക് കൊടുക്കാനും കഴിയും.
എന്നാൽ പലർക്കും തന്റെ പാഷൻ പ്രൊജക്റ്റ് എന്താണെന്ന് മനസ്സിലാക്കാൻ പ്രയാസം കാണും. പലപ്പോഴും പഠനമെല്ലാം കഴിഞ്ഞ്, ജോലിയിലും പ്രവേശിച്ച് കുറച്ചു കഴിയുമ്പോഴാണ് ഇത് തനിക്ക് പറ്റിയ മേഖലയല്ലെന്നു തിരിച്ചറിയുക. അന്നേരത്ത് അവിടെനിന്നും ഒരു തിരിച്ചുപോക്ക് പ്രയാസമാവുകയും ചെയ്യും. എന്നാൽ ഇന്റേൺഷിപ്പും പാർട്ട് ടൈം ജോലിയുമെല്ലാം ചെയ്യുന്നവർക്ക് അതവരുടെ മേഖലയാണോ എന്ന് പെട്ടെന്നുതന്നെ തിരിച്ചറിയാൻ കഴിയും. പ്രത്യേകിച്ച്, പഠിക്കുന്ന മേഖലയിൽ തന്നെ ഇതിനവസരം ലഭിച്ചാൽ.
പഠനത്തിന്റെ കൂടെ ഇന്റേൺഷിപ് അനുവദിക്കുന്ന കോളേജുകളിൽ രണ്ടാം വർഷമോ അവസാന വർഷമോ ആണ് സാധാരണ അതിൻ്റെ കാലഘട്ടം. ഒന്നോ രണ്ടോ മാസത്തെ ഇന്റേൺഷിപ്പിന് ശേഷം വിദ്യാർഥികളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നതായി വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും നേരിട്ട് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.
ഇത്തരം ജോലികളിലൂടെ ഒരുപാട് സാമൂഹിക മൂല്യങ്ങളും കഴിവുകളുമാർജ്ജിക്കാൻ വിദ്യാർഥികൾക്കാവുന്നു. പുതിയ ജീവിതാനുഭവങ്ങൾ ഉണ്ടാകുന്നു. ആത്മവിശ്വാസം വർധിക്കുന്നു. ധന സമ്പാദന മാർഗ്ഗങ്ങളും ധനവിനിയോഗവും പണത്തിന്റെ മൂല്യവും പഠിക്കുന്നു. മാത്രമല്ല, സമ്പാദ്യശീലവും ഉത്തരവാദിത്ത ബോധവും അവ നിർമ്മിക്കുന്നു.
പഠനത്തിന്റെ കൂടെ സന്നദ്ധ സംഘടനകളുടെ ഭാഗമാവുന്നതു വഴി സ്വയം വളരാനും സമൂഹത്തിൽ വലിയ പ്രതിഫലനങ്ങൾ രൂപപ്പെടുത്താനും സഹായിക്കുന്നു. ഇത്തരം അനുഭവങ്ങളിൽ പലതും തൊഴിലന്വേഷണത്തിന് മുതൽകൂട്ടാവുന്നു. മാത്രമല്ല, ഭാവിയിൽ ചെന്നെത്താനുള്ള കരിയർ മേഖല വ്യക്തമാക്കാനും അവ സഹായിക്കുന്നു.
ഒരു റിസ്ക്കുമില്ലാതെ വീട്ടിൽ ചോദിക്കുന്നു, ആവശ്യമുള്ള പണം ലഭിക്കുന്നു, ചെലവഴിക്കുന്നു എന്നതും സ്വയം അധ്വാനിച്ചുണ്ടാക്കുന്ന പണം ചെലവഴിക്കുന്നതും തമ്മിൽ വലിയ അന്തരമുണ്ട്.
പഠനത്തിന്റെ കൂടെ ജോലി ചെയ്യുന്നത് ഒന്നുകിൽ നമ്മളൊട്ടും പ്രോത്സാഹിപ്പിക്കുന്നില്ല, അല്ലെങ്കിൽ പലപ്പോഴുമതിനെ സഹതാപത്തോടെ നോക്കിക്കാണുന്നു. പഠനത്തിന്റെ കൂടെ ജോലി ചെയ്യുന്ന വിദ്യാർത്ഥികളെക്കുറിച്ച് റിപ്പോർട്ട് ചെയ്ത വാർത്തകളിലൂടെയും അതിനു ശേഷമുള്ള ഇടപെടലുകളിലൂടെയും അത് മനസ്സിലാക്കാം. ഡിഗ്രിയിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ മീൻ വിൽപ്പന വാർത്തയിൽ തരംഗമാവുകയും വൈറലാവുകയും പിന്നീടവരുടെ ജീവിതത്തിലേക്ക് ആളുകളും മാധ്യമങ്ങളും രാഷ്ട്രീയക്കാരും അമിതമായി ചെന്നു കയറിയതും നമ്മൾ കണ്ടതാണ്.
നമ്മുടെ നാട്ടിൽ വിദ്യാർത്ഥികൾക്ക് പഠനത്തിനൊപ്പം ജോലി ചെയ്യാനും സാധിക്കുന്ന സാമൂഹ്യാന്തരീക്ഷം രൂപപ്പെട്ടു വരേണ്ടതുണ്ട്. അതല്ലെങ്കിൽ ഡിഗ്രി കോഴ്‌സുകളുടെ കൂടെയെല്ലാം ഓരോ മേഖലയിലെയും തൊഴിലനുഭവങ്ങൾ കൂടെ ലഭിക്കുന്ന ഇന്റേൺഷിപ് സൗകര്യങ്ങൾ ഉണ്ടാവേണ്ടതുണ്ട്. പഠനത്തിനു ശേഷം കലാലയങ്ങൾക്കപ്പുറത്ത് അവരവരുടേതായ വലിയ ലോകം കണ്ടെത്താൻ അതവരെ സഹായിക്കും.
.jpeg)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ