നിങ്ങളെപ്പോലെയൊരാൾ ഇങ്ങനെ ചെയ്യരുതായിരുന്നു!
'നിങ്ങളെപ്പോലെയൊരാൾ ഇങ്ങനെ ചെയ്യരുതായിരുന്നു'!
ഫിലിം സ്റ്റാറുകളുടെ ഇന്റർവ്യൂവും പെരുമാറ്റവും ചർച്ചയാകുന്ന സമയമാണല്ലോ..
'സാധാരണ ഒരാളാണെങ്കിൽ കുഴപ്പമില്ല, അദ്ദേഹത്തെപ്പോലൊരാൾ ഇങ്ങനെയൊക്കെ പറയുക എന്ന് വെച്ചാൽ....?' എന്നൊക്കെയാണ് അഭിപ്രായങ്ങൾ.
വലിയ നടനും കലാകാരനുമൊക്കെയായ ഒരാൾ മോശം രീതിയിൽ പെരുമാറുക എന്നത് ആർക്കും അംഗീകരിക്കാൻ പറ്റാത്ത ഒന്നാണ്.
അദ്ദേഹം ഒരു സാധാരണക്കാരനായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു (അത്യാവശ്യം തെറിയൊക്കെ പറയാമായിരുന്നു) എന്നൊരർത്ഥംകൂടെ ഇതിനുണ്ട്.
ഒരാൾ വളരുമ്പോൾ, അല്ലെങ്കിൽ ഫേമസ് ആകുമ്പോൾ കൂടെ വളരുന്നത് അയാളെക്കുറിച്ചുള്ള മറ്റുള്ളവരുടെ പ്രതീക്ഷകൾ കൂടിയാണ്.ആ പ്രതീക്ഷക്കനുസരിച്ചിട്ടുള്ള പെരുമാറ്റമാണ് ആളുകൾ അവരിൽ നിന്ന് പ്രതീക്ഷിക്കുന്നതും.
എന്നാൽ ഒരു ഫിലിം സ്റ്റാറിൽ നമ്മൾ കാണുന്ന വളർച്ച അവരിലെ അഭിനേതാവിന്റെ വളർച്ചയാണ്, അല്ലെങ്കിൽ അദ്ദേഹത്തിലെ പാട്ടുകാരന്റെ വളർച്ചയാണ്, ആ കലാകാരൻ കലയിൽ ഒരുപാട് വളർന്നിട്ടുണ്ടാകാം എന്നാൽ അതിന്റെ കൂടെ അദ്ദേഹം സ്വയം വളർന്നോ എന്നത് ഒരു വലിയ ചോദ്യമാണ്.
ഇന്റർവ്യൂവിൽ തെറി പറഞ്ഞ വിഷയത്തിൽ ഏറ്റവും വിഷമിക്കുന്നത് ആ നടൻ തന്നെയായിരിക്കും. കാരണം ബാക്കിയുള്ളവർ കാണുന്നത്, അല്ലെങ്കിൽ ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിലെ നടനെയായിരിക്കും. എന്നാൽ ആ നടനിലെ മനുഷ്യൻ പണ്ട് എന്നോ പഠിച്ചിരുന്ന കാലത്ത് തല്ലു കൂടുകയോ, തെറി വിളിക്കുകയോ ഒക്കെ ചെയ്യുന്ന കാലത്ത് ഉണ്ടായിരുന്ന അവസ്ഥയിലായിരിക്കും, ആ മനുഷ്യൻ വളർന്നിട്ടുണ്ടാവില്ല. അഭിനയിക്കാതെ വളരെ നാച്ചുറലായി പെരുമാറുമ്പോഴുള്ള പെരുമാറ്റമായിരിക്കാം നമ്മൾ ഇന്റർവ്യൂ വിൽ കാണുന്നത്, അതല്ലെങ്കിൽ അദ്ദേഹത്തിന് മാനേജ് ചെയ്യാൻ കഴിയാത്ത ഫ്രസ്ട്രേഷനുകളെല്ലാംകൂടെ പൊട്ടിപ്പുറപ്പെട്ടതായിരിക്കാം.
അഭിനയ മികവിനൊപ്പം ഇനിയും വളരാതെ വഴിയിലിരിക്കുന്ന ഒരു കൊച്ചു മനുഷ്യൻ അദ്ദേഹത്തിലുണ്ടാകും.
വളരെ ചെറുപ്പത്തിലേ വൻ വിജയം നേടി അത് മാനേജ് ചെയ്യാൻ കഴിയാതെ പോയ നിരവധിയാളുകളുണ്ട് സിനിമയിലും, സ്പോർട്സിലും സംഗീതത്തിലുമെല്ലാം...വളരെ നേരത്തെ തന്നെ വലിയ ക്രിക്കറ്റ് കളിക്കാരനാവുന്നു, ഒരുപാട് വളരുന്നു, ഒറ്റ പാട്ടുകൊണ്ട് തന്നെ ലോകത്തെ ഞെട്ടിക്കുന്നു, ആദ്യ സിനിമതന്നെ വൻ വിജയമാകുന്നു, ഒറ്റ വീഡിയോ വൈറലാവുന്നു , ഇവിടെ അവരുടെ പ്രത്യേകമായ ആ കഴിവ് വളരുന്നു, അത് കാരണം ലോകമറിയുന്നു. എന്നാൽ അദ്ദേഹത്തിലെ മനുഷ്യൻ പൂർണ്ണമായി വളരുന്നില്ല... വിജയം എന്നതിനെ മാനേജ് ചെയ്യാനേ കഴിയുന്നില്ല.
ഓരോ വിജയവും ആഘോഷിക്കപ്പെടേണ്ടത് തന്നെയാണ്, വിജയിച്ചവർ പല രീതിയിലാണ് വിജയത്തെ കൈകാര്യം ചെയ്യുന്നത്, ചിലരെ വിജയം അഹങ്കാരികളാക്കും, ചിലർ വിനയത്തോടെ സ്വീകരിക്കും,എന്നാൽ ചില വിജയികൾ ഓരോ വിജയത്തിന് ശേഷവും ആ വിജയം ആഘോഷിക്കുകയും ലക്ഷ്യത്തെ പുതുക്കുന്നവരുമാണ്....വിജയം ഒരു യാത്രയാണ്, ലക്ഷ്യസ്ഥാനമല്ല.
ഈ വിഷയത്തെ നമ്മുടെ വിദ്യാഭ്യാസവുമായി താരതമ്യം ചെയ്യുമ്പോൾ 'വിദ്യാഭ്യാസം' എന്നത് പലപ്പോഴും നമ്മുടെയുള്ളിലെ പ്രത്യേക കഴിവിനെ മാത്രം വളർത്തുന്നതായി മാറിയിട്ടുണ്ട് ..ഒരു വ്യക്തിയുടെ സാമൂഹികവും വൈകാരികവും ശാരീരികവും മാനസികവും ബൗദ്ധികവുമായ വളർച്ചയുണ്ടാകുമ്പോഴാണ് വിദ്യാഭ്യാസം സമഗ്രമാകുന്നത് . വിദ്യാഭ്യാസത്തോട് സമഗ്രമായ സമീപനം സ്വീകരിക്കുന്നതിലൂടെ ഒരാളുടെ വളർച്ചയുടെ എല്ലാ വശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് അർത്ഥമാക്കുന്നത്.
ഒരാളിലെ കലാകാരൻ വളരുന്നതിന്റെ കൂടെത്തന്നെ അവരുടെ വൈകാരികവും, മാനസികവും ബൗദ്ധികവുമായ വളർച്ചയുംകൂടെയുണ്ടാക്കാൻ കഴിഞ്ഞാൽ വിജയവും പരാജയവും വ്യക്തിജീവിതവും പൊതു ജീവിതവുമെല്ലാം ഭംഗിയായി മാനേജ് ചെയ്യാനാവും.
✍️Khamarudheen KP
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ