തല്ലെന്ന പരിഹാരം
"കുട്ടികളെ തല്ലി വളർത്തണം.. എങ്കിലേ നന്നാവൂ..."
ഒരു നാട്ടുകാരന്റെ ഓട്ടോയിൽ റെയിൽവേ സ്റ്റേഷൻ പോകുന്നതിനിടക്ക് പത്രവാർത്ത ചർച്ച ചെയ്തു അദ്ദേഹം പറഞ്ഞ അഭിപ്രായങ്ങളാണിത്.
സ്കൂൾ കാലത്ത് തന്നെ അടിച്ച അധ്യാപകനെ കഴിഞ്ഞ ദിവസം സോഡാ കുപ്പിക്കൊണ്ട് തലക്കടിച്ചു പ്രതികാരം ചെയ്ത യുവാവിന്റെ വാർത്തയാണ് വിഷയം
അദ്ദേഹം തുടുർന്നു..
"എന്റെയൊക്കെ ചെറുപ്പത്തിൽ സ്കൂളിൽ നിന്ന് എന്തുമാത്രം തല്ല് കിട്ടിയിരിക്കുന്നു... എന്നിട്ട് നമുക്ക് അധ്യാപകരോട് വല്ല വെറുപ്പുമുണ്ടോ? നമ്മൾ നന്നാവാനല്ലേ അവർ തല്ലുന്നത്."
ഞാൻ ചോദിച്ചു കുട്ടികൾ നന്നാവാനുള്ള ഏറ്റവും നല്ല മാർഗ്ഗം തല്ലാണോ?
അദ്ദേഹം പറഞ്ഞു "അത് മാത്രമല്ല"
ചേട്ടൻ എത്ര വരെ പഠിച്ചു?
"ഞാൻ 8 ആം ക്ലാസ്സ് വരെ പോയി പിന്നെ പഠിപ്പ് നിർത്തി "
അതെന്താ പഠിപ്പ് നിർത്തിയെ?
"അത് പിന്നെ പഠിക്കാൻ ഞാൻ അത്ര ഉഷാറല്ല, സ്കൂളിൽ പോയാൽ നല്ല തല്ല് കിട്ടും, അല്ലെങ്കിൽ മിക്കവാറും ക്ലാസിനു പുറത്ത് നിൽക്കണം അങ്ങനെ സ്കൂളിൽ പോകാൻ തന്നെ താല്പര്യം ഇല്ലാതായി പിന്നെ പോകാൻ മടിയായി അങ്ങനെ പഠനം നിർത്തി ജീപ്പിൽ ക്ളീനർ പണിക്ക് പോയി ഇപ്പൊ ഓട്ടോ ഓടിക്കുന്നു "
അപ്പോഴേക്ക് ഇറങ്ങേണ്ട സ്ഥലമെത്തിയതുകൊണ്ട് ചർച്ച തുടരാൻ കഴിഞ്ഞില്ല, എന്നാ ശരി പിന്നെ കാണാം എന്നു പറഞ്ഞിറങ്ങി.
ഇങ്ങനെ തല്ലു കിട്ടി സ്‌കൂളിനെ വെറുത്തു പഠനം നിർത്തിയ എന്തുമാത്രം ആളുകളുണ്ടാവും നമ്മുടെ നാട്ടിൽ?
തല്ല് കിട്ടുമ്പോൾ അധ്യാപകനല്ലേ എന്ന് കരുതി സഹിക്കുമെങ്കിലും ഓരോ കുട്ടിയിലും അതുണ്ടാക്കുന്ന മാനസികാഘാതം എന്തുമാത്രമായിരിക്കും?
ഈ യിടെ വായിച്ച അധ്യാപകനെ തല്ലിയ ഒരു വാർത്തയ്ക്ക് കീഴിൽ വരുന്ന കമെന്റുകൾ കണ്ടാൽ അറിയാം എന്തുമാത്രം ഫ്രസ്ട്രേഷൻ ആണ് പലരും കൊണ്ടുനടക്കുന്നതെന്ന്. തല്ലിയയാൾക്ക് അർഹിക്കുന്ന ശിക്ഷതന്നെ ലഭിക്കട്ടെ, ഇനിയാരും ഇതിന് മുതിരാതിരിക്കട്ടെ.
തല്ലുന്നതും തല്ലിനെ ന്യായീകരിക്കുന്നതും തല്ലു കിട്ടി നന്നായി എന്ന പ്രസ്ഥാവനകളും കൂടുതൽ പേരെ നന്നാക്കാൻ അധ്യാപക സമൂഹം ഏറ്റെടുത്താൽ അത് കുട്ടികളിൽ ഉണ്ടാക്കുന്ന ആഘാതം ചെറുതായിരിക്കില്ല...
കമറുദ്ധീൻ കെപി.
COO, Happiness Route
9846786445
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ