മാറ്റം ഉള്ളീന്ന് വരാൻ.

 


പബ്ലിക് ടോയ്ലെറ്റുകൾ വൃത്തിയാക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് പുരുഷന്മാരുടെ യൂറിനൽ! നിന്ന് മൂത്രമൊഴിക്കാനുള്ള സൗകര്യമുണ്ടായത് കൊണ്ട്, വിശാലമായി മൂത്രമൊഴിച്ചു പരിസരം മുഴുവൻ വൃത്തികേടാക്കും.


എന്താണ് ഒരു പരിഹാരം? ആരാണ് വൃത്തികേടാക്കുന്നതെന്നു നിരീക്ഷിക്കാൻ സാധ്യമല്ല താനും. ശുചിത്വത്തെ കുറിച്ചുള്ള പോസ്റ്ററുകൾ, 'യൂറിനൽ വൃത്തിയായി സൂക്ഷിക്കുക' തുടങ്ങി പതിവു മെസേജുകളെല്ലാം എഴുതി നോക്കി. നോ രക്ഷ! 


എന്നാൽ 1990-കളുടെ തുടക്കത്തിൽ, ആംസ്റ്റർഡാമിലെ ഷിഫോൾ എയർപോർട്ടിൽ ഇതിനൊരു പരിഹാരം കണ്ടെത്തി.

വിമാനത്താവളത്തിലെ ക്ലീനിംഗ് ഡിപ്പാർട്ട്‌മെൻ്റ് മാനേജരായ ജോസ് വാൻ ബെഡാഫിൻ ഒരാശയം കൊണ്ടുവന്നു.


1960-കളിൽ താൻ സൈനികനായിരുന്ന കാലത്ത് മൂത്രപ്പുരകളിലൊന്നിൽ ആരോ ഒരു ഡോട്ട് വരച്ചതും ആ മൂത്രപ്പുര മറ്റുള്ളതിനെക്കാൾ വൃത്തിയോടെ നിലനിന്നതും വാൻ ബെഡാഫ് ഓർത്തു. അദ്ദേഹം ടോയ്‌ലറ്റ് കമോഡിൽ ഒരു ഈച്ചയെ വരക്കാൻ നിർദ്ദേശിച്ചു. അങ്ങനെ പുരുഷന്മാരുടെ മുറിയിലെ മൂത്രപ്പുരകളിൽ മൂത്രമൊഴിക്കേണ്ട ടാർഗറ്റുകളിലെല്ലാം ഈച്ചകളുടെ ചിത്രങ്ങൾ അവതരിപ്പിച്ചു. 


റിസൾട്ട് ഞെട്ടിപ്പിക്കുന്നതായിരുന്നു. ടാർഗറ്റിൽ ഈച്ച ചിത്രമുള്ള ടോയ്ലെറ്റെല്ലാം വളരെ വൃത്തിയായിരിക്കുന്നു! അങ്ങനെ, ഒരു ലക്ഷ്യവുമില്ലാതെ ചുറ്റിക്കറങ്ങി മൂത്രമൊഴിച്ചവർക്ക് ലക്ഷ്യബോധവും ടോയ്‌ലെറ്റിന് വൃത്തിയും ഉണ്ടാക്കാൻ ഈ പരീക്ഷണം സഹായിച്ചു.


നഡ്ജ് തിയറി, ചോയ്സ് ആർക്കിടെക്ചർ എന്നൊക്കെ ഇതറിയപ്പെടുന്നു.


ചുറ്റുപാടുകളെ രൂപപ്പെടുത്തുന്നതിലൂടെ, ഒരു വ്യക്തിക്ക് മറ്റൊന്നിനെ മറികടന്ന് ഒരു ഓപ്ഷൻ തെരഞ്ഞെടുക്കാനുള്ള സാധ്യത വർധിപ്പിക്കാൻ കഴിയും എന്നാണ് ഈ തിയറി വിശദീകരിക്കുന്നത്. പുറത്ത് നിന്ന് ഫോഴ്‌സ് ചെയ്യാതെ തന്നെ ഒരു വ്യക്തിക്ക് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവുകയും അവരെടുക്കുന്ന തീരുമാനങ്ങളുടെ നിയന്ത്രണം അവരവരുടെ കൈയ്യിൽ തന്നെയാണ് എന്നതാണ് ഇതിന്റെ പ്രത്യേകത.


കേരളത്തിലെ ഒരു മാനേജ്‌മെന്റ് കോളേജിൽ പുകവലിക്കുന്നവർക്ക് വേണ്ടി പ്രത്യേകം സ്ഥലം തന്നെയുണ്ട്. പുക വലിക്കേണ്ടവർക്ക് അവിടെ പോകാം, വലിക്കാം.


ഇത്‌ പുകവലി പ്രോത്സാഹിപ്പിക്കില്ലേ എന്നാണ് എനിക്കാദ്യം തോന്നിയത്. എന്നാൽ കോളേജ് പ്രിൻസിപ്പൽ പറഞ്ഞത്, ഇതുമൂലം ആദ്യമേ പുകവലി ശീലമുള്ളവർക്ക് പോലും ഇവിടെ വന്നതിനു ശേഷം വലിക്കാനുള്ള ത്വര കുറഞ്ഞെന്നാണ്.


അതായത്, പുകവലിക്കാൻ പ്രത്യേകം സ്ഥലമുണ്ടായത് കൊണ്ട് പുകവലിക്കാൻ അവിടെത്തന്നെ പോകണം. ഇത്ര സൗകര്യമൊരുക്കിയിട്ടും മറ്റു സ്ഥലങ്ങളിലിരുന്ന് പുകവലിക്കുന്നത് നിയമവിരോധവുമാണ്. അവിടെ പോകുന്നത് പുകവലിക്കാനാണെന്ന് മറ്റുള്ളവർ മനസ്സിലാക്കും. ലേബലിങ് വരും. ഒരുമിച്ചിരിക്കുന്നിടത്ത് നിന്ന് ഇടക്കുവെച്ച് വലിക്കാൻ വേണ്ടി വേറെ പോകലൊക്കെ പ്രയാസമാണ്. അതിനേക്കാളേറെ നല്ലത് പുകവലി കുറക്കുകയോ അല്ലെങ്കിൽ പാടെ ഉപേക്ഷിക്കുകയോ ആണ്.


ഇവിടെ ഒന്നും അടിച്ചേൽപ്പിച്ചില്ല. പകരം, പുതിയ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്തത്.


പുസ്തകങ്ങൾ വാങ്ങിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. കൂടുതൽ വായിക്കാറില്ലെങ്കിൽ പോലും പുസ്തകം വാങ്ങിക്കും. അവ വീട്ടിൽ കൊണ്ടുപോയി ഷെൽഫിൽ ഭംഗിയാക്കി വെക്കും. സുഹൃത്തുക്കൾ കളിയാക്കുമെങ്കിലും ഇതിന്റെ ഗുണം കണ്ടിട്ടുള്ളത് വീട്ടിലെ കുട്ടികൾക്കിടയിലാണ്. വീട്ടിൽ വെറുതെയിരിക്കുമ്പോൾ അവരവിടെ വരും, ഷെൽഫിൽ പുസ്തകം തിരയും, വായിക്കും. ഫോഴ്‌സ് ചെയ്യാതെ തന്നെ വായനാ ശീലം ഉണ്ടാകും. വീട്ടിൽ ഡൈനിങ് ടേബിളിനും ടിവി ക്കുമെല്ലാം കൊടുക്കുന്ന പ്രാധാന്യം പോലെ കുറച്ചു പ്രാധാന്യം പുസ്തകങ്ങൾക്ക്‌ കൊടുത്താലുള്ള മാറ്റമാണിത്.


ഒരു അദ്ധ്യാപക പരിശീലന സെഷന്റെ ഇടവേളയിൽ ഞാൻ പറഞ്ഞു, "അടുത്ത സെഷൻ ഫ്ലോറിലിരുന്നാണ് ചെയ്യുന്നത്. അത്കൊണ്ട് തിരിച്ചു വരുമ്പോൾ ചെരിപ്പുകൾ പുറത്ത് വെക്കണം".


ക്ലാസ് തുടങ്ങുന്നതിന് മുന്നേ തന്നെ അധ്യാപകർ ക്ലാസ്സിൽ കയറുകയും അവരുടെ ചെരിപ്പുകൾ പുറത്ത് ഭംഗിയായി നിരത്തി വെക്കുകയും ചെയ്തു. അവർക്കു ശേഷം വന്നവരെല്ലാം അതേപോലെ ഒറ്റ വരിയായാണ് ചെരിപ്പുകളും ഷൂസും വെച്ചത് (ചെരിപ്പുകൾ വൃത്തിയായി അടുക്കി വെക്കണമെന്ന് അവരോട് പറഞ്ഞിരുന്നില്ല). ഷൂ-റാക്ക് ഇല്ലെങ്കിലും ചെരിപ്പുകൾ എങ്ങനെ വൃത്തിയിൽ വെക്കാമെന്ന് വളരെ ഭംഗിയായി മനസ്സിലാക്കാൻ ഈ മോഡലിങ്ങിലൂടെ സാധിച്ചു.


വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്ന ഇടങ്ങളിൽ നമ്മൾ കുറച്ചുകൂടെ സൂക്ഷ്മത കാണിക്കാറുണ്ട്. വളരെ വൃത്തിയുള്ള സ്ഥലങ്ങളിൽ, വേസ്റ്റ് നിക്ഷേപിക്കാൻ ചവറ്റുകുട്ട ഉണ്ടെങ്കിൽ പോലും വേസ്റ്റ് വലിച്ചെറിയാറില്ല. പഴയ സിനിമ തിയേറ്ററുകളുടെ ചുമരുകളും ഫ്ലോറും, തുപ്പിവെക്കാനും വേസ്റ്റ് ഇടാനുമുള്ള ഇടങ്ങളായിരുന്നു പലർക്കും. ഇന്ന് തിയേറ്ററുകളിലെല്ലാം വളരെ വൃത്തിയുള്ള അന്തരീക്ഷം ഒരുക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വൃത്തിയിൽ നല്ല മാറ്റവുമുണ്ട്.


അടിച്ചേൽപ്പിക്കുന്ന നിയമങ്ങളേക്കാളും, ലക്ഷ്യങ്ങളെക്കാളും ഏറ്റവും നന്നായി മാറ്റങ്ങൾ കൊണ്ടു വരാൻ, ചുറ്റുപാടുകളിൽ ക്രിയാത്മകമായ മാറ്റങ്ങൾ വരുത്തുന്നതു മൂലം സാധിക്കും. ആളുകളെ സ്വയം തീരുമാനമെടുക്കാൻ അത് സഹായിക്കും. സ്വയം എടുക്കുന്ന തീരുമാനങ്ങൾക്കും മാറ്റങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കുട്ടികൾ മണ്ണിലിറങ്ങണോ?

ഇഷ്ടമുള്ള ജോലി, ഇഷ്ടമുള്ള സ്ഥലത്ത്; ഗിഗ് ഇക്കോണമി ബിഗ് ആകുന്നു

കുരുമുളകും കണ്ടെന്റും.