വൈകിയെത്തുന്ന വിജയം.
ജരാനരകൾ വന്ന വാർദ്ധക്യത്തിലും ജീവിതം വിജയിച്ച ധാരാളമാൾക്കാരുണ്ട്.
നമ്മുടെ നാട് ഭരിക്കുന്നവരെ നോക്കൂ. വയസ്സു കാലത്തായിരിക്കും പ്രധാനമന്ത്രി സ്ഥാനവും മുഖ്യമന്ത്രി പദവും ലഭിച്ചിട്ടുണ്ടാവുക. അമേരിക്കൻ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കൺ, KFC സ്ഥാപകൻ Colonel Sanders, അഭിനേത്രിയായ Judi Dench, പാർക്കിൺസൺ രോഗം കണ്ടെത്തിയ James Parkinson തുടങ്ങിയവരൊക്കെ 60 വയസ്സ് കവിഞ്ഞതിനു ശേഷമാണ് അവരുടെ പ്രവർത്തന മേഖലയിൽ വിജയം കണ്ടെത്തിയത്. അപ്പോൾ മാത്രമാണ് ലോകമവരെ ശ്രദ്ധിച്ചതും.
എന്നാൽ, ഇവരെയൊക്കെ മാതൃകയാക്കി വയസ്സ് കാലത്ത് വിജയിക്കാമെന്ന് കരുതി ഇപ്പോഴൊന്നും ചെയ്യാതെ കാത്തിരിക്കുന്നവരുണ്ട്. മുകളിൽ പരാമർശിച്ചവരൊക്കെ ചെറുപ്പത്തിലൊന്നും ചെയ്യാതെ പ്രായമേറിയപ്പോൾ പെട്ടെന്നൊരു ദിവസം വിജയിച്ചതായിരിക്കുമോ? ഒരിക്കലുമല്ല.
നിങ്ങൾ ചൈനീസ് മുളയെക്കുറിച്ച് കേട്ടിട്ടുണ്ടോ?
അതിനൊരു പ്രത്യേകതയുണ്ട്. നട്ടതിന് ശേഷം ആദ്യത്തെ അഞ്ച് വർഷം ചുമ്മാ അങ്ങിനെ നിൽക്കും. കാര്യമായ വളർച്ചയൊന്നും പുറത്തേക്ക് കാണുകയില്ല. കിട്ടുന്ന വെള്ളവും വളവുമെല്ലാം വലിച്ചെടുക്കുകയും ചെയ്യും. എന്നാൽ അഞ്ചാം വർഷം മുള പൊട്ടിയാലോ, വെറും അഞ്ചാഴ്ചകൊണ്ട് ഏകദേശം 90 അടി വരെ ഈ മുള വളരും!
യഥാർത്ഥത്തിൽ, അത് ഒരു ദിവസം കൊണ്ട് പെട്ടെന്ന് വളർന്നതാണോ?
അല്ലേയല്ല! അവയ്ക്ക് മുകളിലേക്ക് വളരാനുള്ള ശക്തമായ വേരുകൾ ഉണ്ടാക്കിയെടുക്കുകയായിരുന്നു നാളുകളോളം. ആഴത്തിൽ വേരുറപ്പിക്കുകയായിരുന്നു ആ മുളകൾ. എന്നാൽ കഥയറിയാതെ പുറത്ത് കാഴ്ച കാണുന്നവർക്ക് ആ മരം ചുരുങ്ങിയ സമയംകൊണ്ട് പെട്ടെന്ന് വളർന്നതായേ തോന്നൂ.
ജീവിതത്തിൽ മാറ്റം കൊണ്ടുവരാനും, വിജയിക്കാനും നിമിത്തമാകുന്ന പ്രധാന ഘടകം നല്ല ശീലങ്ങൾ ഉണ്ടാവുക എന്നതാണ്. അവയുടെ കാര്യവും മുകളിൽ പറഞ്ഞതുപോലെയാണ്, ഒരു ദിവസം പെട്ടെന്നുണ്ടാക്കാൻ കഴിയില്ല. വളരെ ചെറിയ ചെറിയ സ്റ്റെപ്പുകളിലൂടെ, തുടർച്ചയായി ഒരു കാര്യം ചെയ്യുമ്പോഴാണ് ശീലങ്ങൾ രൂപപ്പെട്ടു വരുന്നത്. ജീവിത വിജയത്തിന്റെ ഏറ്റവും വലിയ ഒരു ഘടകവുമാണത്.
ബോഡി ഫിറ്റാക്കണം!
അതിനു ജിമ്മിൽ പോകാൻ തീരുമാനിക്കും. അഡ്വാൻസ് ഫീസൊക്കെ കൊടുക്കും. പിന്നെ നാല് ദിവസം ജിമ്നേഷ്യത്തിൽ പോയി കണ്ണാടിയിൽ നോക്കി മസിൽ വരുന്നില്ലെന്ന് കണ്ട്, വ്യായാമം നിർത്തുന്നവരാണ് നമ്മിൽ പലരും.
എന്നാ പിന്നെ വായന തുടങ്ങാമെന്ന് കരുതും! പിന്നീടങ്ങോട്ട് പുസ്തകങ്ങൾ വാങ്ങിക്കലാണ്. വാങ്ങിച്ചു കൂട്ടി ഷെൽഫ് നിറഞ്ഞാലും വായന മാത്രം നടക്കില്ല.
പിന്നെ ഫോട്ടോഗ്രഫി തുടങ്ങാമെന്ന് തീരുമാനിക്കും. കാമറ വാങ്ങിക്കും. 4 ഫോട്ടോ എടുക്കും. അതും ഷെൽഫിൽ ഇടം കണ്ടെത്തും, നിർത്തും.
മ്യൂസിക് ആയാൽ പൊളിക്കും! ഏതാണ് നല്ല ഇൻസ്‌ട്രുമെന്റ? ഗിറ്റാർ പഠിച്ചേക്കാം. ഗിറ്റാർ വാങ്ങിക്കുന്നു, ചുമരിൽ വെക്കുന്നു, പൊടി പിടിക്കുന്നു. റിപ്പീറ്റ്..
പല കാര്യങ്ങളും ഇങ്ങനെയാണ്. നമ്മൾ തുടങ്ങി വെക്കും. വളരെ പെട്ടെന്ന് മാറ്റം പ്രതീക്ഷിക്കും. എന്നാൽ പെട്ടെന്നുള്ള മാറ്റങ്ങൾ കാണാത്തതിനാൽ നിർത്തിവെക്കുകയും ചെയ്യും. ഒരു ദിവസം കൊണ്ട് എല്ലാം മാറ്റി മറിക്കാനോ, ജീവിത വിജയം നേടാണോ നമുക്ക് കഴിയണമെന്നില്ല, എന്നല്ല കഴിയില്ല. ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും അതിന്റെയെല്ലാം റിസൾട്ട് പുറത്തേക്ക് പ്രകടമാവണമെന്നില്ല, എന്നാൽ ആന്തരികമായ മാറ്റങ്ങൾക്ക് തുടക്കമിട്ടിട്ടുമുണ്ടാവും. റിസൾട്ട് പുറത്ത് കാണാൻ പലപ്പോഴും സമയമെടുക്കും,ക്ഷമ വേണം. കൺസിസ്റ്റെൻസി വേണം.
വയസ്സു കാലത്ത് ജീവിത വിജയം നേടിയവരുടെ അവസ്ഥയും ഇതുപോലെത്തന്നെയാണ്. അവർ ഒരു ദിവസം പെട്ടെന്ന് പൊട്ടിമുളച്ചു വിജയിച്ചവരല്ല. അവരുടെ ജീവിതകാലമത്രയും വിജയിക്കാനാവശ്യമായ വേരുകളാഴ്ത്തുകയായിരുന്നു. ഒരുപക്ഷേ, അത്രയും കാലത്തെ പരിശ്രമത്തിന്റെ റിസൾട്ട് മാത്രമായിരിക്കും നമ്മൾ കാണുന്നത്.
ഏത് വയസ്സിലും ജീവിതം വിജയം നേടാമെന്ന പ്രചോദനമായി ഉയർത്തിക്കാണിക്കുന്ന ഏതൊരാളുടെ വളർച്ചയിലും ദീർഘ കാലത്തെ അധ്വാനവും പഠനങ്ങളും പരാജയങ്ങളുമുണ്ടാകും. തോൽവികളിൽ നിന്നുള്ള പാഠങ്ങളും വേദനകളും അനുഭവജ്ഞാനങ്ങളുമായിരിക്കും അവരെ വിജയത്തിലേക്ക് നയിച്ചിട്ടുണ്ടാവുക.
സിംഹം പതുങ്ങുന്നത് കുതിക്കാനാണ്, ഇര പിടിക്കാനാണെന്നൊക്കെ വീമ്പിളക്കി, വെറുതെ കാത്തിരുന്നാൽ സിംഹം പട്ടിണി കിടന്ന് ചാവുകയേയുള്ളൂ!എന്തെങ്കിലും വല്ലത് തുടങ്ങിയാലല്ലേ വിജയിക്കൂ. അത് നേരത്തെയാക്കിയാൽ അത്രയും വേഗം വിജയിക്കാം.
നിങ്ങളുടെ കർമ്മ മേഖല കണ്ടെത്തുക, പഠിക്കുക, പ്രയത്നിക്കുക, വീണ്ടും പ്രയത്നിച്ചുകൊണ്ടേയിരിക്കുക. വെറുതെയിരിക്കുന്ന സമയങ്ങളിൽ വേരുറപ്പിക്കാൻ ശ്രമിക്കുക, ഒരുനാൾ വിജയം നിങ്ങളെ തേടിയെത്തും.
.jpeg)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ