വക്ക് പൊട്ടിയവർ!
“നിങ്ങൾ സൈക്കോളജിയൊക്കെ പഠിച്ചയാളല്ലേ? ട്രൈനിങ്ങ് നടത്താറില്ലേ, കൗൺസിലിംഗ് ചെയ്യാറില്ലേ, കോച്ചിങ് കൊടുക്കാറില്ലേ? മൊത്തത്തിൽ നിങ്ങളുടെ ലൈഫ് അടിപൊളിയായിരിക്കും അല്ലേ?”
പല തവണകളായി കേട്ടു മടുത്ത ചോദ്യങ്ങളാണ്. എന്ത് പറയണമെന്നറിയാതെ കുഴങ്ങുന്ന സന്ദേഹങ്ങൾ. തിരിച്ച്, മറുപടി ഒരു ചിരിയിലൊതുക്കും. പിന്നെ മനസ്സിൽ പറയും: “വക്ക് പൊട്ടാത്തവരായി ആരുണ്ട് ഗോപൂ..”
പലപ്പോഴും മനുഷ്യന്മാരെല്ലാം ഇച്ചിരി വക്ക് പൊട്ടിയവരാണെന്ന് തോന്നിയിട്ടുണ്ട്. പലരെക്കുറിച്ചും പറഞ്ഞ് കേട്ടിട്ടില്ലേ; ‘പുള്ളി ആളൊക്കെ ഉഷാറാണ്. പക്ഷെ, ഈ ഒരു സ്വഭാവം കൂടെ മാറ്റിയാൽ പെർഫെക്ട് ആകും’ എന്ന്.
ജീവിതത്തിൽ എല്ലാം പെർഫെക്ട് ആയവരെ നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ?
അങ്ങനെ സകലതും പെർഫെക്റ്റ് ആയി ജീവിക്കുന്നവർ ഉണ്ടാകുമോ?
എല്ലാം തികഞ്ഞ, കുറ്റമറ്റ മനുഷ്യരെ സോഷ്യൽ മീഡിയയിലും പരസ്യങ്ങളിലും മാത്രമേ കാണാനൊക്കുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. പരസ്യങ്ങളിലെ ആളുകളെ നോക്കൂ. തികഞ്ഞ ബോഡി! സ്വച്ഛമായ നടത്തം, ചിരി, വീട്, വസ്ത്രം, കുടുംബം... ആഹാ!
സോഷ്യൽ മീഡിയയിലെ ആളുകൾക്കും കുറവുകളൊന്നുമില്ല. അതിൽ കാണുന്നവർക്കെല്ലാം പെർഫെക്റ്റ് ലൈഫ്, പൊളി വൈബ്, വൈബ്സ് ഒൺലി..!
ജീവിതത്തിൻ്റെ നിഖില മേഖലകളിലും ഇങ്ങനെ പെർഫെക്ഷൻ കൈവരിക്കാൻ ഒരു വ്യക്തിക്ക് സാധിക്കുമോ? പെർഫെക്റ്റ് ആയവരെ മാത്രം കൂടെ കൂട്ടാൻ ഒരാൾക്ക് കഴിയുമോ?
പെർഫെക്റ്റ് ആയ കൂട്ടുകാർ വേണം!
പെർഫെക്റ്റ് ആയ ഒരാളെ കണ്ടെത്തണം, കല്യാണം കഴിക്കണം!
പെർഫെക്റ്റ് ആയ ഒരു സ്ഥാപനം ആരംഭിക്കണം!
ഒരു പെർഫെക്റ്റ് കമ്പനിയിൽ ജോലി ചെയ്യണം!
പെർഫെക്റ്റ് ആയ എംപ്ലോയറെ കണ്ടെത്തണം!
പെർഫെക്റ്റ് സാലറി കിട്ടണം!
നടന്നത് തന്നെ!
പോട്ടെ, ഇനി അങ്ങനെ ഒരാളെ കണ്ടെത്തിയാൽ തന്നെ പിന്നീടുള്ള ഗുലുമാലുകളോ? കുറച്ച് കഴിയുമ്പോൾ തോന്നും; ഇയാൾക്ക് ഇന്നാലിന്ന പ്രശ്നമുണ്ട്, അതും കൂടെ മാറ്റിയാൽ പെർഫെക്റ്റ് ആകും എന്ന്. അത് പരിഹരിച്ചാലോ, മറ്റൊരു ന്യൂനത ഉയർന്നു വരും. അതിനു പിന്നാലെ മറ്റുള്ളവയും.
അതിനാൽ ആകെ ചെയ്യാനുള്ളത്, ഓരോരുത്തരും അല്പമെങ്കിലും വക്ക് പൊട്ടിയവരാണെന്നും അതാണവരുടെ വ്യക്തിത്വത്തെ പൂർണമാകുന്നത് എന്നും അംഗീകരിക്കുക മാത്രമാണ്. കൂടെ സ്വന്തം സ്വത്വത്തിൻ്റെ വക്ക് പൊട്ടലുകളെക്കുറിച്ച് ബോധവാനാകുകയും.
പെർഫെക്റ്റ് ആവൽ സാധ്യമാണോ?
'വാബി-സാബി' (Wabi-sabi) ഒരു ജാപ്പനീസ് കലയാണ്. പൊട്ടിയ പാത്രങ്ങളെ അതിമനോഹരമായി കൂട്ടിയോജിപ്പിച്ച് ഭംഗിയുള്ള കലാരൂപങ്ങളുണ്ടാക്കുന്ന ഒരുതരം സർഗ്ഗാത്മക പ്രവൃത്തി. അല്ലെങ്കിൽ ഒരു സൗന്ദര്യാത്മക ആദർശം, തത്ത്വചിന്ത, ജീവിതരീതി എന്നൊക്കെയും പറയാം. വാബി-സാബി കലയിൽ പൊട്ടിപ്പൊളിഞ്ഞ മൺപാത്രങ്ങളെ ഭംഗിയായി സംയോജിപ്പിക്കുമ്പോൾ, പൊട്ടാത്ത പാത്രത്തേക്കാൾ ചാരുതയുള്ള ഒരു നിർമ്മിതിയായി അത് രൂപാന്തരപ്പെടുന്നു. പോരായ്മകളും തെറ്റുകളും ഉൾക്കൊള്ളുന്നതിലൂടെ, കൂടുതൽ ശക്തവും മനോഹരവുമായ ഒരു കലാസൃഷ്ടി രൂപപ്പെടുത്താൻ കഴിയും എന്ന ആശയത്തിൽ നിന്നാണ് വാബി-സാബി ഉരുവം കൊള്ളുന്നത്.
എല്ലാത്തിലും പെർഫെക്ഷൻ ചികയുന്നത്, ഒരിക്കലും സംഭവിക്കാനിടയില്ലാത്ത ഒരു സ്വപ്നത്തെ പിന്തുടരുന്നതിനു സമാനമാണ്. നമ്മളൊക്കെയും ബ്രോക്കൺ പീസുകളായിരിക്കാം, പലയിടങ്ങളിൽ പോറൽ വീണ കഷ്ണങ്ങളായിരിക്കാം. എങ്കിലും അതിനെ വേണ്ടതു പോലെ സുഖപ്പെടുത്തിയാൽ വാബി സാബി പോലെ മനോഹരമായ സൃഷ്ടികളായി പരിണമിക്കും. ആ പൊട്ടലുകളെല്ലാം പൊട്ടലോടെ മനോഹരമായി മാറും.
പലപ്പോഴും നമ്മൾ പെർഫെക്റ്റ് ആക്കണം എന്ന് വിചാരിക്കുന്ന കാര്യങ്ങൾ, അല്ലെങ്കിൽ പെർഫെക്റ്റ് ആക്കാൻ വേണ്ടി ചെയ്യുന്ന കാര്യങ്ങൾ നമ്മുടെ സ്വന്തം ആവശ്യങ്ങൾ ആയിക്കൊള്ളണമെന്നില്ല, അത് മറ്റൊരാളുടേതാവാനാണ് സാധ്യത കൂടുതൽ. യഥാർത്ഥത്തിൽ നമുക്ക് വേണ്ടതെന്താണെന്നും, എന്താണ് നമുക്ക് ആവശ്യമുള്ളതെന്നും തിരഞ്ഞെടുക്കാൻ പഠിക്കുകയെന്നത് വാബി സാബി പോലെ മഹത്തായ ഒരു കലയാണ്.
ഞാനും എന്റെ കൂടെയുള്ളവരും പെർഫെക്ട് അല്ല, എന്റെ ചുറ്റുപാട് പെർഫെക്റ്റ് അല്ല, അവയൊക്കെ പെർഫെക്റ്റ് ആക്കണം എന്ന ഒരിക്കലും ഓടിയൊളിക്കാൻ അസാധ്യമായ ചിന്തകളിൽ നിന്ന് രക്ഷപ്പെടാൻ ഒരുപരിധി വരെ വാബി സാബി നമ്മളെ സഹായിക്കും. ഒപ്പം, അപൂർണതകളെ ഇഷ്ടത്തോടെ അംഗീകരിക്കാനും സഹായിക്കും. നമ്മളെല്ലാം വക്ക് പൊട്ടിയവരാണ്. ഓരോരുത്തരും അവരവരുടേതായ രീതിയിൽ മനോഹരവുമാണ്. ഈ ചിന്ത സന്തോഷകരമായ അന്തരീക്ഷങ്ങൾ സൃഷ്ടിക്കാനും, ജീവിതത്തിൽ കൂടുതൽ സംതൃപ്തി അനുഭവിക്കാനും നമ്മളെ സഹായിക്കും.
നമ്മളായിരിക്കുന്നതിനെ അംഗീകരിക്കുക എന്നതുപോലെ മഹത്തരമായാതെന്തുണ്ട്, അത്രമേൽ സന്തോഷം തരുന്ന വേറെന്തുണ്ട്.?
.jpeg)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ