എങ്ങനെയാണൊരാളോട് 'നോ' പറയുക?
"ചേട്ടാ.. കുറച്ച് ചോറിടട്ടെ?"
"വേണ്ടാ..."
"ലേശം മോരൊഴിച്ച് കഴിക്കാനായിട്ട്..!"
"വേണ്ടാ.."
"തൈരൊഴിച്ചു കഴിക്കാം"
''വേണ്ടാ.."
കല്യാണരാമൻ സിനിമയിലെ ഡയലോഗാണിത്.
ആയിരം തവണ വേണ്ടാ വേണ്ടാ എന്ന് പറഞ്ഞാലും നമ്മുടെ 'നോ' പലപ്പോഴും 'നോ' ആകില്ല, വീണ്ടും നിർബന്ധിക്കും..!
ചിലപ്പോൾ 'No' പറയേണ്ടിടത്ത് കനപ്പിച്ചൊരു 'നോ' പറയാനും കഴിയില്ല. പല 'നോ' യുടെ അർത്ഥം പലപ്പോഴും 'വേണ്ടാ' എന്നുമല്ല! ഉള്ളിൽ 'നോ'യും പുറത്ത് 'yes' ഉം ആയിരിക്കും.
നാട്ടിൽ കൂലിപ്പണി ചെയ്യുന്ന ഒരു ചേട്ടനുണ്ടായിരുന്നു. ആര് പണിക്ക് വിളിച്ചാലും 'ശരി, നാളെ വരാം' എന്ന് പറയും. ദിവസവും ഒരഞ്ചാറു പേരോടെങ്കിലും അങ്ങനെ പണിയേൽക്കും! പിന്നീട് ആകെ ടെൻഷനടിച്ചിരിക്കും, ഏത് പണിക്ക് പോകും?
പറഞ്ഞ വാക്കിന് ഉറപ്പില്ലെന്ന് പണി ഏൽപ്പിക്കുന്നവർക്ക് അറിയാവുന്നത് കൊണ്ട് അവർ രാവിലെത്തന്നെ വിളിക്കാൻ വീട്ടിൽ വരും. ആരാണോ ആദ്യം വിളിക്കാനെത്തുന്നത്, അവരുടെ കൂടെ പണിക്ക് പോകും!
ബാക്കിയുള്ളവരോട് 'നാളെ പണിക്ക് വരാൻ കഴിയില്ല, വേറെ പണിയുണ്ട്' എന്ന് തുറന്ന് പറയാൻ കഴിയാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അവിടെ 'നോ' പറയാതിരിക്കുന്നത്, മറ്റുള്ളവർക്ക് മുഷിപ്പാക്കുമോ എന്ന് കരുതിയും!പക്ഷേ, ഇക്കാരണത്താൽ 'നോ' പറയുന്നതിനേക്കാൾ ബുദ്ധിമുട്ട് രണ്ടു കൂട്ടർക്കുമുണ്ടാവുന്നു.
വൈകുന്നേരം കുടുംബവുമായി ഔട്ടിങ്ങിന് പോകാമെന്നു പറഞ്ഞു വെച്ചിട്ടുണ്ടാകും. അപ്പോഴാണ് കൂട്ടുകാരൻ അതേസമയത്ത് സിനിമക്ക് പോകാൻ വിളിക്കുന്നത്. കൂട്ടുകാരനോട് 'ഇല്ലാ' എന്നെങ്ങനെ പറയുമെന്ന് കരുതി സിനിമക്ക് പോകും. കുടുംബത്തോട് പറഞ്ഞ വാക്ക് പാലിക്കാനും കഴിയില്ല. ഫലമോ? സിനിമ ആസ്വദിക്കാനും കഴിയില്ല, കുടുംബത്തിൽ പ്രശ്നം ഗുരുതരമാവുകയും ചെയ്യും. ഒരു 'നോ' പറഞ്ഞാൽ പ്രയാസമാവുമോ എന്ന് കരുതിയാണ് ഈ പ്രതിസന്ധികളെല്ലാം ഉണ്ടാക്കുന്നത്.
എങ്ങനെയാണൊരാളോട് 'നോ' പറയുക എന്ന് കരുതി പല സാമ്പത്തിക തട്ടിപ്പുകളിലുമകപ്പെട്ട ആളുകളെ എനിക്കറിയാം. 'നോ' പറയാൻ കഴിയാത്തത് കൊണ്ട് പല Toxic റിലേഷൻഷിപ്പുകളിലും പെട്ടവരുണ്ട്, അതിൽനിന്ന് രക്ഷപ്പെടാൻ പറ്റാത്തവരുണ്ട്.
പല പ്രൊജക്റ്റ് പ്രൊപ്പോസലുകളും കൊടുത്തിടത്തുനിന്ന് 'No' അല്ലെങ്കിൽ 'മറ്റൊരു രീതിയിലാണെങ്കിൽ ചെയ്യാം' എന്ന് പറയാൻ മടിക്കുന്നതുകൊണ്ട് മാത്രം ആ പ്രൊജക്റ്റ് നടക്കുമോ ഇല്ലേ എന്നറിയാത്ത അവസ്ഥയുണ്ടാവാറുണ്ട്.
മറ്റുള്ളവരെന്ത് കരുതും? അവർക്ക് മുഷിപ്പാകുമോ? അവരെന്നെക്കാൾ പ്രധാനപ്പെട്ടതാണ്, ഞാനത്ര പോര, ഞാൻ ഒറ്റപ്പെടും എന്നൊക്കെയുള്ള തോന്നലുകളാണ് നോ പറയേണ്ടിടത്ത് പറയാതിരിക്കാൻ പ്രേരിപ്പിക്കുന്നത്. അതുപോലത്തന്നെ സ്വന്തത്തിനോടുള്ള ബഹുമാനക്കുറവും.
ഓരോ സന്ദർഭങ്ങളിലും 'അതെ' എന്നത് എത്രത്തോളം ശരിയാണോ അത്രത്തോളം തന്നെ ശരിയാണ് 'നോ' യും. 'നോ' പറഞ്ഞെന്ന് കരുതി നിങ്ങൾ മോശക്കാരനാവുകയില്ല. ഒരിക്കലും ചെയ്യാൻ സാധിക്കാത്ത ജോലികളെല്ലാം കൂടെ 'നോ' പറയാതെ അല്ലെങ്കിൽ, ജോലിയുടെ യഥാർത്ഥ അവസ്ഥയെന്താണെന്ന് പറയാതെ എല്ലാമേറ്റെടുത്ത്, അവസാനം ഒന്നും ചെയ്യാനാവാതെ ബോസിനെ വെറുപ്പിക്കുന്നതിലും നല്ലത് ചെയ്യാൻ കഴിയാത്തത് കഴിയില്ല എന്ന് ബഹുമാനപൂർവം നിരസിക്കുന്നതല്ലേ?
ഒട്ടും നോ പറഞ്ഞു ശീലിക്കാത്ത ഒരാൾ ഈ കുറിപ്പ് വായിച്ച്, ഉടനെ 'നോ' പറയേണ്ടിടത്ത് 'നോ' പറഞ്ഞു തുടങ്ങിയാൽ അത് ചുറ്റുമുള്ളവർക്ക് ഇഷ്ടപ്പെടണമെന്നില്ല. വിട്ടുകളയണം. സ്വാഭാവികമാണത്. അല്പം കഴിയുമ്പോൾ ശരിയാകും. 'നോ' പറയേണ്ടിടത്ത് അതു തന്നെ പറയുക.
നിങ്ങൾ 'നോ' പറഞ്ഞാൽ അത് മറ്റൊരാൾക്ക് വിഷമമാകും, അല്ലെങ്കിൽ അയാൾ ദേഷ്യപ്പെടും, ബന്ധം അവസാനിപ്പിക്കും എന്നിരിക്കട്ടെ. അത് നിങ്ങളുടെ പ്രശ്നമാണോ, അതവരുടെ പ്രശ്നമല്ലേ..?
മറ്റുള്ളവരെയെല്ലാം സന്തോഷിപ്പിച്ച്, അവർക്കനുസരിച്ച് അഡ്ജസ്റ്റ് ചെയ്തു ജീവിക്കുന്നതുപോലെ പ്രയാസമുള്ളതെന്തുണ്ട് ഈ ലോകത്ത്?
അങ്ങോട്ട് പറയുന്നത് പോലെ, ഇങ്ങോട്ടൊരാൾ നോ പറഞ്ഞാലും സ്വീകരിക്കാനുള്ള മനസ്സുണ്ടാവണം. വിവാഹാഭ്യർത്ഥന നിരസിച്ചവരെ ആസിഡൊഴിച്ച് ആക്രമിച്ച വാർത്തകൾ നിരന്തരം കേൾക്കുന്നവരാണ് നാം.
'നോ' പറയേണ്ടിടത്ത് പറഞ്ഞു ശീലിക്കുക തന്നെ വേണം. ഒന്നും പറയാതിരിക്കുന്നതിലും, അലസമായി എന്തെങ്കിലും പറയുന്നതിലും, പൊട്ടിത്തെറിച്ചു പറയുന്നതിലുമേറെ എന്തുകൊണ്ടും നല്ലത് അസ്സെർട്ടീവ് ആയി അതെ എന്നോ അല്ലെങ്കിൽ നോ എന്നോ പറയുന്നതാണ്. അത് ഇച്ചിരി ബഹുമാനപൂർവ്വമായി ആക്കിയാൽ നല്ലൊരു തുടക്കവുമാകും.
.png)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ