ഇൻസൾട്ടാണോ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്?
"നീയാ കൂലിപ്പണിക്കാരന്റെ മകനെ കണ്ട് പഠിക്ക്. എത്ര നന്നായിട്ടാണവൻ പഠിക്കുന്നത്!"
ക്ലാസ്സിൽ ഒരു വിദ്യാർത്ഥിയെ കാണിച്ച് ബാക്കിയുള്ളവരെ മോട്ടിവേറ്റ് ചെയ്യാൻ ശ്രമിക്കുന്ന ഒരധ്യാപകന്റെ വാക്കുകളാണിത്.
"ഇൻസൾട്ട് ആണ് മുരളീ ഏറ്റവും വലിയ ഇൻവെസ്റ്റ്" എന്നത് മോട്ടോ ആക്കിയെടുത്തതിന്റെ ചെറിയ ഒരുദാഹരണം. ഒരാളെ അഭിനന്ദിക്കുക എന്ന രൂപേണ ചെയ്യുന്ന ഒരു ഇൻസൾട്ടാണിത്.
നിരന്തരം ഇൻസൾട്ട് കിട്ടിയാലേ ആളുകൾ വളരൂ എന്ന് വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്. വ്യക്തി ജീവിതത്തില്‍ നേരിടുന്ന അപമാനങ്ങളും തിരിച്ചടികളും കരുത്താര്‍ന്ന ഭാവിയെ കരുപിടിപ്പിക്കാന്‍ സഹായിക്കുമെന്നാണ് അവർ വിശ്വസിക്കുന്നത്. അങ്ങനെ വിശ്വസിക്കുന്ന ഒരാളുടെ കൂടെ ജീവിക്കുന്നവരെക്കുറിച്ചൊന്ന് ആലോചിച്ചു നോക്കൂ.
അപമാനിതരാകുന്ന ആളുകൾക്ക് അതൊരു ട്രോമയാകുമെന്ന കാര്യത്തിൽ സംശയമില്ല. എന്നെ സംബന്ധിച്ചിടത്തോളം, അപമാനിക്കപ്പെട്ടതിൻ്റെ പഴയ ചില ഓർമ്മകൾ പോലും ഇപ്പോഴും മോശം അനുഭവമായിട്ടാണ് ഫീൽ ചെയ്യുന്നത്. അതുണ്ടാക്കിയ മാനസികാസ്വാസ്ഥ്യങ്ങൾ മറികടക്കാൻ തന്നെ വളരെ പ്രയാസപ്പെട്ടിട്ടുണ്ട്.
ചെറുപ്പത്തിൽ നമ്മുടെ രൂപം, ഭാവം, കുടുംബ പശ്ചാത്തലം എന്നിവയെല്ലാം വെച്ച് പല ഇരട്ടപ്പേരുകളും വീണിട്ടുണ്ടാവാം. പ്രാഞ്ചിയേട്ടൻ സിനിമയിലെ പോലെ പലരും വട്ടപ്പേര് കാരണം ഇരുന്നു പോയിട്ടുമുണ്ട്. അതുമൂലം ജീവിതം പോലും മുന്നോട്ടു കൊണ്ടു പോകാനാവാത്ത ആഘാതങ്ങൾ പേറി നടക്കുന്നവരാണ് പലരും.
ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങൾക്കും ഇൻസൾട്ടുകൾക്കുമാണ് Pep Talk കളിൽ മാർക്കറ്റുള്ളത്. അതുകൊണ്ടു തന്നെ ഇൻസൾട്ട് എന്നതിനെ വളരാനുതകുന്ന മഹത്തരമായ കാര്യമായി പലരും തെറ്റിദ്ധരിക്കുന്നു.
ഇൻസൾട്ട് ഇൻവെസ്റ്റ്മെന്റാക്കിയവരുടെ കഥ സിനിമയായിട്ടുണ്ടാവാം. മോട്ടിവേഷൻ കഥകളുടെ പശ്ചാത്തലങ്ങളായിട്ടുണ്ടാവാം. എന്നാൽ മഹാ ഭൂരിപക്ഷം പേരും അതേൽപ്പിച്ച ട്രോമയിൽ തകർന്നവരോ ജീവിതം അവസാനിപ്പിച്ചവരോ ആകാനാണ് സാധ്യത. അവരുടെ കഥ മാത്രം ആരും പറഞ്ഞിട്ടുണ്ടാവില്ല, പറയുകയുമില്ല. അപമാനങ്ങളെ ചവിട്ടു പടികളാക്കണം, ക്രിയാത്മകമായി നേരിടണം എന്നൊക്കെ വീമ്പിളക്കുന്നത് എളുപ്പമായിരിക്കും. എന്നാൽ അതനുഭവിക്കുന്നവർക്ക് അവയെ നേരിടാനുള്ള വൈകാരികമായ പക്വത ഉണ്ടായിക്കൊള്ളണമെന്നില്ല.
പരാജയങ്ങൾ ഒരു സ്വാഭാവിക പ്രതിഭാസമാണ്. എന്നാൽ അതിന്റെ കൂടെ അപമാനഭാരം കൂടെയാകുമ്പോൾ ഞാനൊരു ഭൂലോക തോൽവിയാണെന്ന ധാരണ അടിച്ചേൽപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്.
നെഗറ്റീവായ അനുഭവങ്ങൾ പരാജയങ്ങളിൽ നിന്ന് തിരിച്ചു കയറാനുള്ള റെസിലിയൻസ് (Resilience ) കഴിവ് ഉണ്ടാക്കിയേക്കാം.
വെട്ടി നിർത്തിയ മരങ്ങളെ ശ്രദ്ധിച്ചിട്ടില്ലേ? അവയിൽ നിന്ന് പുതിയ മുകുളങ്ങൾ മുളച്ച് പൂർവാധികം ശക്തിയോടെ വളരുന്നത് കണ്ടിട്ടില്ലേ? അതിനെ റെസിലിയൻസ് എന്ന് വിളിക്കാം. എന്നാൽ റെസിലിയൻസിന് വേണ്ടി മരങ്ങളെ വെട്ടി നിരത്തേണ്ടതില്ല, അതിനു വളരാനാവശ്യമായ അന്തരീക്ഷം സൃഷ്ടിച്ചാൽ മതി. അവ താനെ വളർന്നു കൊള്ളും.
ഒരാളുടെ വളർച്ചയിൽ മറ്റുള്ളവർക്ക് ചെയ്യാനാവുന്നത് അവഗണനയും ഇൻസൾട്ടുമല്ല. പകരം, അവർക്കു വേണ്ട പിന്തുണയും പ്രോത്സാഹനവും നൽകുകയാണ്. അതവരെ വളരാൻ പ്രലോഭിപ്പിക്കും. അപമാനിക്കപ്പെട്ട് ജീവിതം മടുത്തവരെ ഒരാളെങ്കിലും ചേർത്ത് പിടിച്ചിരുന്നെങ്കിൽ അവർ ഇപ്പോഴുള്ളതിനപ്പുറത്തേക്ക് വളർന്നേനെ.
ചിലർ ജീവിച്ചിരിക്കുന്നതിന്റെ കാരണം എന്തായാലും അവർ നേരിട്ട ഇൻസൾട്ടുകളല്ല, ചില മനുഷ്യരുടെ ചേർത്തു പിടിക്കലുകളാണ്.
.jpeg)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ