ഇംഗ്ളിഷ് സംസാരിക്കാൻ
എന്റെ ഒരു ബന്ധു ദുബായിൽ ജോലി ചെയ്തിരുന്ന കാലം, അദ്ദേഹത്തിന്റെ സ്പോൺസർ അറബി പരമാവധി എല്ലാവരോടും ഇംഗ്ളീഷിലേ സംസാരിക്കൂ.
അവർ തമ്മിലെ സംസാരം ഒന്ന് ശ്രദ്ധിക്കാം
"അബ്ദുള്ളാ Bring the tea" : ചായ കൊണ്ടുവരൂ എന്നർത്ഥം.
"അബ്ദുള്ളാ Bring the cup" : കപ്പ് കഴുകിവെക്കൂ എന്ന്
"Bring the car" : അബ്ദുള്ളക്ക് ഡ്രൈവിങ് അറിയില്ല അതുകൊണ്ട് ഇവിടെ അർത്ഥം കാർ കഴുകൂ എന്നാണ്.
ഇങ്ങനെ വെറും Bring എന്ന വാക്കും മറ്റ് ഒന്നു രണ്ട് ഇംഗ്ലീഷ് വാക്കും വെച്ച് പുള്ളി ഫുൾ ടൈം ഇംഗ്ലീഷിലാണ് സംസാരം. മുതലാളിയായത് കൊണ്ടുതന്നെ ആരും കളിയാക്കില്ല, എല്ലാവർക്കും കാര്യങ്ങൾ മനസ്സിലാവുകയും ചെയ്യും.
അബ്ദുള്ള പിന്നീട് അവിടുത്തെ ജോലി മാറി വേറെ ജോലിക്ക് കയറി വർഷങ്ങൾക്ക് ശേഷം അറബിയെ കണ്ടപ്പോളുണ്ട് പുള്ളി വളരെ ഫ്ലൂവന്റ് ആയി ഇംഗ്ളീഷ് സംസാരിക്കുന്നു!
ഡിഗ്രിക്ക് B. A English Literature പഠിച്ചിട്ടും വൃത്തിയായി ഇംഗ്ലീഷിൽ സ്വയം പരിചയപ്പെടുത്താൻ കഴിയാതിരുന്ന എന്നെപോലെയുള്ളവരെ എടുത്ത് കുഴിയിലിടാൻ തോന്നിയത് ഈ കഥ കേട്ടപ്പോഴാണ്.
യഥാർത്ഥത്തിൽ ഡിഗ്രിക്ക് മൂന്ന് വർഷം ഭാഷയല്ല പഠിച്ചത്, ഭാഷയെക്കുറിച്ചാണ് പഠിച്ചത്.
ഒരു ഭാഷ സംസാരിക്കുക എന്നത് ഒരു കഴിവ് നേടലാണെന്നും സ്കിൽസ് നേടേണ്ടത് നിരന്തര പരിശീലനത്തിലൂടെയാണെന്നും പിന്നീടാണ് മനസ്സിലാക്കിയത്.
സൈക്കിൾ ചവിട്ടുന്നതിനെ കുറിച്ചും വിവിധ തരം സൈക്കിളുകളെയും സൈക്ലിങ്ങിനെക്കുറിച്ചും 3 വർഷം പുസ്തകം വായിച്ചു പഠിച്ചാൽ എത്രമാത്രം സൈക്കിൾ ചവിട്ടാൻ കഴിയും എന്നത് പോലെയാണ് B.A ഇംഗ്ലീഷ് പഠിച്ച പലരുടെയും അവസ്ഥ!
കമ്മ്യൂണിക്കെറ്റിവ് ഇംഗ്ലീഷ് ടീച്ചർ പോലും ക്ലാസ്സിൽ കയറി വരുന്നത് 'Silence' എന്ന് ഉച്ചത്തിൽ പറഞ്ഞിട്ടായാൽ പിന്നത്തെ കാര്യം പറയണോ?
സ്കൂൾ കാലത്ത് ഓരോ ക്ലാസ്സിലും ഇംഗ്ലീഷ് പഠിക്കുന്നുണ്ടെങ്കിലും ഇംഗ്ലീഷ് സംസാരിക്കാനുള്ള അവസരം വളരെ കുറവായിരിക്കും.
സ്കൂളിൽ സംസാരിക്കാൻ അവസരങ്ങൾ കിട്ടുകയും തെറ്റ് വരുത്തി സംസാരിക്കാനും സ്വയം തിരുത്താനും ഉള്ള സ്വാതന്ത്ര്യം കിട്ടുകയും ചെയ്തിരുന്നെങ്കിൽ (Self Directed Learning) ഇംഗ്ളീഷ് ഒരു ബാലികേറാ മലയാകില്ലായിരുന്നു.
കുട്ടികൾ ഭാഷ പഠിക്കുമ്പോൾ തന്നെ തെറ്റ് വരുത്താനുള്ള പെർമിഷൻ കൊടുക്കുക, തെറ്റു കണ്ടാൽ ഉടൻ തിരുത്തിയാൽ പിന്നീട് തെറ്റ് വരുമെന്ന് പേടിച്ചു സംസാരിക്കുന്നത് കുറയും.
നമ്മൾ, പ്രത്യേകിച്ച് മലയാളികൾ പലപ്പോഴും ഇംഗ്ലീഷ് ഭാഷ വളരെ ജഡ്ജ്‌മെന്റൽ ആയാണ് കേൾക്കാറ് എന്ന് തോന്നിയിട്ടുണ്ട് പറയുന്ന ആശയം ഉൾക്കൊള്ളുന്നതിനപ്പുറം തെറ്റു കണ്ടു പിടിക്കുക എന്നതാണ് മുഖ്യം എന്ന് തോന്നിയിട്ടുണ്ട്.
തെറ്റ് വരുത്താതെ പഠിക്കുക എന്ന ഒരു വലിയ തടസ്സം നമ്മുടെ മുൻപിലുണ്ട്.
ഇപ്പോൾ ഒരുപാട് സ്ഥാപനങ്ങൾ ഓൺലൈൻ വഴി ഇംഗ്ലീഷ് പഠിപ്പിക്കുന്നുണ്ട്. എന്നാൽ ഈ സ്ഥാപനങ്ങൾ പുറത്തിറക്കുന്ന 'റീൽസ്' എല്ലാം തന്നെ ഓരോ വാക്കിന്റെയും തെറ്റായ പ്രയോഗം നന്നാക്കുന്നതാണ്.
ഓരോ പ്രയോഗങ്ങൾ എടുത്ത് ആ വാക്ക് ഉപയോഗിക്കാൻ ഒരു സാഹചര്യം ഉണ്ടാക്കി തെറ്റ് തിരുത്തുന്ന വീഡിയോകൾ..!
അത്യാവശ്യം ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ അറിയാം എന്ന് തോന്നുന്നവർക്ക് തന്നെ എനിക്കതറിയില്ലല്ലോ എന്ന കുറ്റബോധം ഉണ്ടാക്കുന്നതാണ് മിക്കതും.
ചില കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സുകളിൽ തന്നെ ഇല്ലാത്ത accent ഒക്കെ എടുത്ത് കടുകട്ടി ഭാഷാ പ്രയോഗങ്ങളൊക്കെയെടുത്തു പങ്കെടുക്കുന്നവരിൽ പേടിയോ ഒരു wow ഫീലിങ്ങോ ഉണ്ടാക്കി പഠിപ്പിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ഈ ഇംഗ്ലീഷ് കേട്ട് പലരും ആത്മ വിശ്വാസം നഷ്ടപ്പെട്ടു ക്ലാസ് നിർത്തിയിട്ടുണ്ട്.
എന്റെ ഇംഗ്ലീഷ് ഫ്ലൂവന്റ് ആക്കണം എന്ന് കരുതി ആദ്യം തുടങ്ങിയത് TED talk കേൾക്കലാണ് പിന്നീടാണ് അതിലെ അബദ്ധം മനസ്സിലായത്, TED ടോക്കിൽ ൽ ഒരിക്കലും അബദ്ധങ്ങൾ വരാറില്ല, ജീവിതത്തിൽ ഒരിക്കൽ മാത്രം നടത്തുന്ന സംസാരം! ഒരുപാട് ദിവസത്തെ പരിശീലനത്തിന് ശേഷം തെറ്റ് വരുത്താതെയാണ് TED Talks അവതരിപ്പിക്കാറ് അതിൽ തെറ്റു പറ്റാറില്ല. അതുകൊണ്ടുതന്നെ അത് കേട്ട് ശീലിച്ചാൽ പിന്നെ തെറ്റു വരുത്തി പഠിക്കാനുള്ള പെർമിഷൻ ആണ് ഇല്ലാതാവുന്നത്.
ഏറ്റവും ബേസിക്കായി ഒരു ഭാഷ പഠിക്കുന്നത് ആ ഭാഷയിൽ ആശയ വിനിമയം നടത്താനാണെന്ന് മനസ്സിലാക്കുക.
ആദ്യം തന്നെ ചറ പറ, മണിമണിയായി ഒന്നും പറയണ്ട. മിതമായ വേഗതയിൽ പോസ് ചെയ്തും, ആലോചിച്ചും fillers ഉപയോഗിച്ചും ഒക്കെ ആശ്വാസത്തിൽ സംസാരിച്ചങ്ങു തുടങ്ങുക.
നമ്മൾ മണി മണിയായാണോ മലയാളം പറയാറെന്ന് ആലോചിച്ചാൽ മതി.
നമ്മെ ജഡ്ജ് ചെയ്യാത്ത സുഹൃത്തുക്കളുണ്ടെങ്കിൽ അവരോട് സംസാരിച്ചു തുടങ്ങാം.
അപ്പോൾ ആദ്യം പറഞ്ഞ അബ്ദുള്ളയുടെ അറബിയെ മനസ്സിൽ ധ്യാനിച്ചു തെറ്റു വരുത്താനുള്ള സ്വാതന്ത്ര്യത്തോടെ ഉള്ള ഇംഗ്ലീഷ് വാക്കുകൾ വെച്ച് അങ്ങ് തുടങ്ങുക ബാക്കി ആക്സന്റും ഗ്രാമറും ഒക്കെ പിറകെ വന്നോളും.. ഹല്ല പിന്നെ!
✍️കമറുദ്ധീൻ കെപി
COO, Happiness Route
9846786445
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ