യന്ത്രമല്ല നമ്മൾ മനുഷ്യർ
“തളരരുത് രാമൻ കുട്ടീ, തളരരുത്”.
എന്തിന്?
മനുഷ്യരായാൽ തളരും, ചെലപ്പോ കരഞ്ഞെന്നുമിരിക്കും...!
എല്ലാം നഷ്ടപ്പെട്ട ഒരാൾക്ക് അയാളേക്കാൾ നഷ്ടം സംഭവിച്ച മറ്റൊരാളെ കാണിച്ചു കൊടുത്ത്, നിങ്ങൾ അനുഭവിക്കുന്നതൊന്നും ഒരു വലിയ പ്രശ്നമല്ലെന്നു ന്യായീകരിച്ചു കൊടുക്കുന്നതിലെ വിരോധാഭാസം ആലോചിച്ചു നോക്കൂ..
ഒരപകടം സംഭവിച്ചാൽ, ഇതിലും വലുതെന്തോ വരാനിരുന്നതാണ് എന്നാശ്വസിപ്പിക്കുമ്പോൾ അയാൾക്കുണ്ടാക്കുന്ന മാനസികാവസ്ഥ എന്തായിരിക്കും?
ഒരു ദുരന്തത്തിനിരയായ വ്യക്തിയോട്, സംഭവിച്ചതെല്ലാം നല്ലതിനാണെന്ന് പറഞ്ഞ് പോസിറ്റിവിറ്റി നൽകുന്നവരെ എന്തു വിളിക്കണം?
എന്തും ആവശ്യത്തിലധികമായാൽ വിഷമാണെന്ന് പറയാറുണ്ട്. പോസിറ്റിവിറ്റിയും തഥൈവ.
വളരെ മോശം അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരാളോട് പറയാവുന്ന ഏറ്റവും നിന്ദ്യമായ വാക്കുകൾ Cheer up man, ഒന്ന് ചിരിക്കൂ, ചാടിച്ചാടി നിൽക്ക് എന്നൊക്കെയായിരിക്കാം, എന്നല്ല ആണ്.
മോട്ടിവേഷൻ നമുക്ക് ആവശ്യമുള്ള കാര്യം തന്നെയാണ്. ചില മനുഷ്യരുടെ വിജയ ചരിത്രങ്ങളും അവരുടെ വാക്കുകളും നമുക്ക് പ്രതീക്ഷകളും പ്രചോദനവും നൽകും. എന്നാൽ മോട്ടിവേഷൻ കൊണ്ട് പൊറുതിമുട്ടുന്ന അവസ്ഥ വന്നാൽ എന്തു ചെയ്യും?
ടോക്സിക് പോസിറ്റിവിറ്റി എന്നാൽ നമ്മുടെ ശരിയായ ഫീലിങ്ങിനെ റിജക്റ്റ് ചെയ്യുക എന്നതാണ്. അതായത്, ശരിക്കുമുള്ള ഫീലിംഗ് എന്താണോ അതിനെ നിരാകരിച്ച് സ്റ്റേ പോസിറ്റീവ് എന്ന അവസ്ഥയിൽ പയറു പോലെ നിൽക്കുക..!
യഥാർത്ഥത്തിൽ Authenticity യോളം പോസിറ്റീവ് ആയ വേറെന്തുണ്ട്?
Toxic Positive ആയ ആളുകൾക്ക് ഒരു ട്രോമ ഉണ്ടായാൽ കരയുക എന്നത് തന്നെ വലിയ പ്രശ്നമാണ്. എപ്പോഴും ഹാപ്പിയായി നിലനിൽക്കുക, പോസിറ്റീവ് ആയി മുന്നോട്ട് പോവുക, കരയാതിരിക്കുക, തളർച്ചയില്ലാതിരിക്കുക എന്നിങ്ങനെയായിരിക്കും അവരുടെ കാര്യങ്ങൾ.
ഒരു പ്രതിസന്ധി ഒരാളെ സംബന്ധിച്ച് വളരെ ചെറുതായിരിക്കാം. എന്നാൽ മറ്റൊരാൾക്ക് അത് സഹിക്കാവുന്നതിലും അപ്പുറമായിരിക്കും.
അപ്രകാരം, ഒരാൾക്ക് വിഷമമുണ്ടാക്കുന്ന ഒന്ന് വേറൊരാൾക്ക് വിഷമമുണ്ടാക്കണമെന്നില്ല. സന്തോഷവുമങ്ങനെത്തന്നെ. ആളുകൾക്കനുസരിച്ച് അവയെല്ലാം മാറിക്കൊണ്ടിരിക്കും.
ഒരാൾക്ക് ഒരു ദുരനുഭവമുണ്ടായി; അയാൾ കരയുന്നു എന്നിരിക്കട്ടെ, അദ്ദേഹത്തെ സംബന്ധിച്ച് ഏറ്റവും പോസിറ്റീവ് അതായിരിക്കാം.
ഏത് ഇമോഷനാണെങ്കിലും അതിനെ അതേപടി ആക്സെപ്റ്റ് ചെയ്യുക, ആ ഇമോഷനെ ശരിയായ രീതിയിൽ എക്സ്പ്രസ്സ് ചെയ്യുക. അതാണ് ഏറ്റവും പോസിറ്റീവായ കാര്യം. ഒഴിച്ചു കൂടാനാവാത്ത ആവശ്യമാണത്. പ്രകടിപ്പിച്ചു കഴിഞ്ഞാൽ അതങ്ങോട്ട് ഒഴിഞ്ഞു പോവുകയും ചെയ്യും.
ടോക്സിക് പോസിറ്റിവിറ്റി ഉള്ള ആളുകൾ വികാരങ്ങളെ അടിച്ചമർത്തി വെക്കും. എന്നിട്ട് പുറമേ സന്തോഷവും മോട്ടിവേഷനും പ്രകടിപ്പിക്കും. ഒരു വികാരത്തെ അടിച്ചമർത്തിക്കഴിഞ്ഞാൽ അതവിടെത്തന്നെ കിടക്കും. പിന്നീട് വേറെ മാർഗങ്ങളിലൂടെ പുറത്ത് വരികയും ചെയ്യും.
Toxicpositivity is the suppression of real, emotions through phrases like: “Be positive!”, “Cheer up!” or “Look on the bright side!” “Get over it” or “Move on.” “It's all going to be okay” or “Everything is going to work out.” “Be a man” or “Tough it out.”
ഇന്ന് എല്ലായിടത്തും ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മെസ്സേജാണ് Be Positive എന്നത്. മോട്ടിവേഷൻ പോസ്റ്ററുകളായും, ഉദ്ധരണികളായും, റീൽസുകളായും അതിങ്ങനെ കിട്ടിക്കൊണ്ടേയിരിക്കുന്നു.
ഒരാൾക്ക് തീവ്രമായ മാനസികാഘാതം ഉണ്ടായിട്ടുണ്ടെങ്കിൽ അയാൾക്ക് വേണ്ടത് മോട്ടിവേഷനുകളല്ല. പ്രത്യുത, തെറാപ്പിയാണ്. അയാൾ കൂട്ടേണ്ടത് സെൽഫ് കെയർ ആണ്. സെൽഫ് അവയർനെസ്സാണ് അയാൾക്കുണ്ടായിരിക്കേണ്ടത്.
പലപ്പോഴും, പ്രതിബന്ധങ്ങളെ അതിജീവിക്കാനുള്ള ടെക്നിക്കായി ടോക്സിക് പോസിറ്റിവിറ്റി ഉപയോഗിക്കപ്പെടാറുണ്ട്. ജോലിസ്ഥലങ്ങളിൽ, പ്രത്യേകിച്ച് മിലിറ്ററി, പോലീസ് പോലുള്ള തൊഴിലിടങ്ങളിൽ എല്ലായ്പ്പോഴും യഥാർത്ഥ ഇമോഷനെ മൂടിവെച്ച് റോബോട്ടിക്കായി പെരുമാറേണ്ടി വരും. മുഴുവൻ സമയവും എനെർജറ്റിക് ആയി നടിച്ച് നിൽക്കേണ്ടിയും വരും. എന്നാൽ, ജീവിതത്തിൽ എല്ലായ്‌പ്പോഴും ഇതുപോലെ റോബോട്ടിക് ആവാൻ സാധിക്കില്ല.
തൊഴിലിടങ്ങളിൽ യഥാർത്ഥ വികാരങ്ങളെ അടക്കിവച്ച് ഗൗരവ ഭാവം നടിക്കേണ്ടി വരുന്നത് ആ ജോലിയുടെ ഭാഗമായിരിക്കാം. അത്യന്തികമായി ആ ജോലി തൻ്റെ കുടുംബത്തിൻ്റെ ഉപജീവന മാർഗ്ഗം പോലുമായിരിക്കാം. എന്നാൽ കുടുംബത്തിനകത്ത് വേണ്ടത് വഴക്കമുള്ള സ്വഭാവമാണ് (Vulnerability). മസിൽ പിടുത്തമല്ല.
എന്നാൽ പുതിയ കാലത്തെ തൊഴിലിടങ്ങളിൽ ഏറെയും മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. പല സ്ഥാപനങ്ങളും മെന്റൽ ഹെൽത്തിന് പ്രാധാന്യം കൊടുത്തു തുടങ്ങിയിട്ടുണ്ട്. Stay Motivated എന്നല്ല, work on Yourself എന്നതിനാണ് ഇപ്പോൾ പല കോർപ്പറേറ്റ് കമ്പനികളും പ്രാമുഖ്യം നൽകുന്നത്.
July 2023 മാധ്യമം കുടുംബം മാഗസിനിൽ പ്രസിദ്ധീകരിച്ചത്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ